പോണ്‍ ചിത്ര നിര്‍മാണം; നടി ഗഹന വസിഷ്ഠിനെതിരെ കുരുക്ക് മുറുകുന്നു; എഫ്.ഐ.ആര്‍. എടുത്ത് ക്രൈംബ്രാഞ്ച്
national news
പോണ്‍ ചിത്ര നിര്‍മാണം; നടി ഗഹന വസിഷ്ഠിനെതിരെ കുരുക്ക് മുറുകുന്നു; എഫ്.ഐ.ആര്‍. എടുത്ത് ക്രൈംബ്രാഞ്ച്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 28th July 2021, 3:19 pm

മുംബൈ: വ്യവസായിയും നടി ശില്‍പാ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്ര പ്രതിയായ പോണ്‍ ചിത്ര നിര്‍മാണ കേസില്‍ നടിയും മോഡലുമായ ഗഹന വസിഷ്ഠിനെതിരെ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ട്. മുംബൈ ക്രൈംബ്രാഞ്ചാണ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്.

നേരത്തെ ഗഹനയ്ക്ക് മുംബൈ ക്രൈബ്രാഞ്ച് സമന്‍സ് അയച്ചിരുന്നു. മൊഴി നല്‍കാനെത്തണമെന്നാവശ്യപ്പെട്ട് ഗഹന വസിഷ്ഠിനും മറ്റു രണ്ടുപേര്‍ക്കും ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് ഹാജരാകാനാണ് ആവശ്യപ്പെട്ടിരുന്നതെങ്കിലും സ്ഥലത്തില്ലാത്തതിനാല്‍ എത്താനായില്ലെന്നാണ് ഗഹന അറിയിച്ചത്.

അന്വേഷണവുമായി സഹകരിക്കുമെന്നും പോണ്‍ ചിത്ര നിര്‍മാണവുമായി ബന്ധപ്പട്ട് അറിയാവുന്ന കാര്യങ്ങളെല്ലാം പൊലീസുമായി പങ്കുവെക്കുമെന്നും ഗഹന പറഞ്ഞിരുന്നു.

ഗഹന വസിഷ്ഠിനെ പോണൊഗ്രഫി കേസില്‍ ഫെബ്രുവരിയില്‍ മുംബൈ പൊലീസ് അറസ്റ്റുചെയ്തിരുന്നു. നാലു മാസത്തിനുശേഷമാണ് ജാമ്യം ലഭിച്ചത്. കസ്റ്റഡിയില്‍ കഴിയുമ്പോള്‍ രാജ് കുന്ദ്രയുടെ പേരുപറയാന്‍ തനിക്കുമേല്‍ സമ്മര്‍ദമുണ്ടായിരുന്നെന്ന് ഗഹന പറഞ്ഞിരുന്നു.

രാജ് കുന്ദ്രയടക്കം 11 പേരെയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. പോണോഗ്രഫി നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ രാജ് കുന്ദ്രയ്ക്ക് പങ്കുണ്ടെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

രാജ് കുന്ദ്രക്കെതിരെ നിരവധി തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

ഫെബ്രുവരിയിലാണ് ഈ കേസ് രജിസ്റ്റര്‍ ചെയ്തത്. പോണ്‍ ചിത്രങ്ങള്‍ നിര്‍മ്മിച്ച് ചില സൈറ്റുകള്‍ വഴി പ്രചരിപ്പിക്കുന്നുവെന്ന് മുംബൈ ക്രൈം ബ്രാഞ്ചിന് ലഭിച്ച പരാതിയെ തുടര്‍ന്നായിരുന്നു കേസെടുത്തത്.

കേസുമായി തനിക്ക് ബന്ധമില്ലെന്ന് രാജ് കുന്ദ്ര പ്രതികരിച്ചിരുന്നു. കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹരജി സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ജെ.എല്‍. സ്ട്രീം എന്ന ആപ്പിന്റെ ഉടമസ്ഥനായ രാജ് കുന്ദ്ര ഐ.പി.എല്‍. ടീമായ രാജസ്ഥാന്‍ റോയല്‍സിന്റെ ഉടമകളില്‍ ഒരാള്‍ കൂടിയാണ്.

2013ല്‍ ഇന്ത്യന്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ടുയര്‍ന്ന വാതുവെയ്പ്പ് കേസില്‍ രാജ് കുന്ദ്രയെ പൊലീസ് ചോദ്യം ചെയ്തിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Fresh FIR in pornography case; names producers of Kundra’s firm, actress Gehana Vashishth