കോഴിക്കോട്: ന്യായമായ സമരത്തെ അടിച്ചൊതുക്കി ഫാക്ടറി തുറന്ന് പ്രവർത്തിക്കാമെന്ന വ്യാമോഹം ആർക്കും വേണ്ടെന്ന് ഫ്രഷ് കട്ട് സമരത്തിലെ ഒന്നാം പ്രതി താമരശ്ശേരി ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് മെഹറൂഫ്.
സമരത്തിൽ ആരെങ്കിലും നുഴഞ്ഞു കയറിയിട്ടുണ്ടെങ്കിൽ അത് കണ്ടത്തേണ്ടത് പൊലീസാണെന്നും സമരസമിതി ഒരിക്കലും അക്രമാസക്തമായ ഒരു സമരം നടത്താൻ ആലോചിച്ചിട്ടില്ലെന്നും മെഹറൂഫ് പറഞ്ഞു.
ജനങ്ങളുടെ ന്യായമായ സമരത്തിനൊപ്പോം ഡി.വൈ.എഫ്.ഐ എന്നുമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ നുഴഞ്ഞുകയറ്റം സമരത്തിൽ ഉണ്ടായിട്ടുള്ളതായി സമരസമിതി ചെയർമാനടക്കം
സൂചിപ്പിച്ചിട്ടുണ്ട്. എതിർക്കപ്പെടുന്ന ജനകീയ സമരത്തോടൊപ്പം ഡി.വൈ.എഫ്.ഐ ആദ്യാവസാനം വരെ അടിയുറച്ചു നിൽക്കും,’ മെഹറൂഫ് പറഞ്ഞു.
ഫ്രഷ് കട്ട് സംഘർഷത്തിൽ ഗൂഢാലോചനയുണ്ടെന്നാരോപിച്ച് കഴിഞ്ഞ ദിവസം കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് വിജു കണ്ണന്തറ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഡി.ഐ.ജി യതീഷ് ചന്ദ്രയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പരാതി നൽകിയത്.
ഫ്രഷ് കട്ട് സംഘർഷത്തിൽ ഗൂഢാലോചന ആരോപിച്ച് പോലീസ് നേരത്തെ രംഗത്തെത്തിയിരുന്നു. സമാധാനമായി നടന്ന സമരം പെട്ടെന്ന് അക്രമാസക്തമായതിൽ ബാഹ്യ ഇടപെടൽ ഉണ്ടായെന്ന് പൊലീസ് പറഞ്ഞിരുന്നു.
എന്നാൽ ഡി.ഐ.ജി യതീഷ് ചന്ദ്ര ഉൾപ്പടെയുള്ള പൊലീസിന്റെ ഉന്നത ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തിയിട്ടുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു പരാതി നൽകിയത്.
കുട്ടികളും വൃദ്ധരും സ്ത്രീകളുമടക്കം സമാധാനപരമായി നടത്തിയ സമരമായിരുന്നെന്നും അക്രമാസക്തമായ ഒരു സമരത്തിലേക്ക് പോയാൽ ഉണ്ടാകുന്ന ഭവിഷ്യത്ത് സമരസമിതിക്ക് അറിയാമെന്നും എന്നിട്ടും ബോധപൂർവം സമരം അക്രമാസക്തമാക്കി എന്ന് ആക്ഷേപിക്കുന്നതിൽ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഫ്രഷ് കട്ട് സംഘർഷത്തിൽ 361 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. മൂന്ന് എഫ്.ഐ.ആറുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കലാപം സൃഷ്ടിക്കൽ, വഴി തടയൽ, അന്യായമായി സംഘം ചേരൽ തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
Content Highlight: Fresh Cut Strike; DYFI will stand firm with the popular strike being opposed: Block President