കോഴിക്കോട്: ഫ്രഷ് കട്ട് ഫാക്ടറി സംഘർഷത്തിന് പിന്നാലെ വിദ്യാർഥികളില്ലാതെ കൂടത്തായി ഇരൂട് സെന്റ് ജോസഫ് എൽ.പി സ്കൂൾ. അറവ് മാലിന്യ സംസ്കരണ ഫാക്ടറിയോട് ചേർന്നുള്ള കരിമ്പാലൻ കുന്ന് ഭാഗത്താണ് സ്കൂളുള്ളത്. പൊലീസുകാർ രാപ്പകൽ വീടുകൾ കയറി ഇറങ്ങുന്നതിനാൽ പുറത്തിറങ്ങാൻ പേടിച്ച് കുട്ടികൾ സ്കൂളിലേക്ക് വരാൻ തയ്യാറാകുന്നില്ലെന്ന് അധ്യാപകർ പറഞ്ഞു.
സമരം കഴിഞ്ഞതിന് ശേഷം ഒരു ദിവസം ഏഴ് കുട്ടികൾ മാത്രമാണ് സ്കൂളിലേക്ക് വന്നതെന്നും തുടർന്നുള്ള ദിവസങ്ങളിൽ നാലും അഞ്ചും കുട്ടികൾ മാത്രമാണ് സ്കൂളിലേക്ക് വന്നതെന്നും അധ്യാപകർ പറഞ്ഞു.
‘കുട്ടികൾക്ക് പേടിയാണ്. അങ്ങാടിയിൽ നിന്നും സ്കൂളിലേക്ക് വരാനുള്ള ധൈര്യം കുട്ടികൾക്കില്ല. ഞങ്ങൾ വരുന്ന സമയത്ത് ഫോട്ടോ കാണിച്ച് പൊലീസുകാർ ആളുകളെ അന്വേഷിക്കുകയാണ്,’ അധ്യാപകൻ പറഞ്ഞു.
സ്കൂളിലെ കുട്ടികളുടെ രക്ഷിതാക്കളുൾപ്പെടെ 361 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. പലരും വീട്ടിൽ നിന്നും വിട്ടുനിൽക്കുകയോ ഒളിവിൽ താമസിക്കുകയോ ചെയ്യുന്ന സാഹചര്യമാണ് പ്രദേശത്ത് നിലവിലുള്ളത്.
അതേപോലെ മതപാഠശാലകളിലും അംഗൻവാടികളിലും കുട്ടികൾ എത്തുന്നില്ല എന്ന ആശങ്കയും ഉയരുന്നുണ്ടെന്നാണ് വിവരം. വിദ്യാഭ്യാസ വകുപ്പ് നേരിട്ട് ഇടപെടണമെന്ന ചർച്ചയും ഉയരുന്നുണ്ട്. നാളെ നടക്കുന്ന സർവകക്ഷിയോഗത്തിൽ ഇതുസംബന്ധിച്ച ചർച്ച നടത്തുമെന്ന് സംഘടനകൾ പറഞ്ഞു.
Content Highlight: Fresh Cut Factory clash; St. Joseph LP School, Irud, closed without students