ഫ്രഷ് കട്ട് സംഘര്‍ഷം; 361 പേര്‍ക്കെതിരെ കേസ്, ഡി.വൈ.എഫ്.ഐ നേതാവ് ഒന്നാംപ്രതി
Kerala
ഫ്രഷ് കട്ട് സംഘര്‍ഷം; 361 പേര്‍ക്കെതിരെ കേസ്, ഡി.വൈ.എഫ്.ഐ നേതാവ് ഒന്നാംപ്രതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 22nd October 2025, 9:12 am

കോഴിക്കോട്: താമരശേരിയിലെ ഫ്രഷ് കട്ട് സംഘര്‍ഷത്തില്‍ 361 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. മൂന്ന് എഫ്.ഐ.ആറുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കലാപം സൃഷ്ടിക്കല്‍, വഴി തടയല്‍, അന്യായമായി സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

അറവുമാലിന്യ സംസ്‌കരണ പ്ലാന്റില്‍ നിന്നുള്ള ദുര്‍ഗന്ധം, ഇരുതുള്ളി പുഴയിലേക്ക് മാലിന്യം തള്ളുന്നത് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് ജനകീയ സമിതി സംഭവസ്ഥലത്ത് പ്രതിഷേധിച്ചത്.

ഡി.വൈ.എഫ്.ഐ കൊടുവള്ളി ബ്ലോക്ക് പ്രസിഡന്റ് ടി. മെഹറൂഫാണ് കേസിലെ ഒന്നാംപ്രതി. ബ്ലോക്ക് പഞ്ചായത്ത് അംഗം കൂടിയാണ് മെഹറൂഫ്. 30 പേര്‍ക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ പ്ലാന്റിന് തീയിട്ട സംഭവത്തിലാണ് വധശ്രമം ചുമത്തിയത്.

ഫ്രഷ് കട്ട് തൊഴിലാളി അനൂപിന്റെ പരാതിയിലാണ് കേസ്. തൊഴിലാളികളെ കണ്ടെയ്‌നറില്‍ പൂട്ടി തീവെച്ച് കൊല്ലാന്‍ ശ്രമിച്ചെന്നാണ് പരാതി. സ്ഫോടക വസ്തു ഉപയോഗിച്ച് പ്ലാന്റ് നശിപ്പിക്കാന്‍ ശ്രമിച്ചതായും ആരോപണമുണ്ട്.

നേരത്തെ 321 പേര്‍ക്കെതിരെ കേസെടുത്തിരുന്നു. സംഘര്‍ഷമുണ്ടാക്കിയതിലാണ് കേസ്. തിരുവമ്പാടി സ്റ്റേഷനിലെ എ.എസ്.ഐയെ മര്‍ദിച്ചതില്‍ പത്തോളം പേര്‍ക്കെതിരെ വേറെയും കേസെടുത്തിട്ടുണ്ട്. അക്രമം നടത്തിയവര്‍ക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്. ഫ്രഷ് കട്ടില്‍ ഇന്നലെയുണ്ടായ സംഘര്‍ഷത്തില്‍ ഏകദേശം അഞ്ച് കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇന്നലെ വൈകീട്ടാണ് കട്ടിപ്പാറയിലെ കോഴി മാലിന്യ സംസ്‌കരണ ഫാക്ടറിക്ക് സമരക്കാര്‍ തീയിട്ടത്. പിന്നാലെ പൊലീസും സമരക്കാരും തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ 16 പൊലീസുകാര്‍ക്കും 27 സമരക്കാര്‍ക്കും പരിക്കേറ്റിരുന്നു.

പരിക്കേറ്റവര്‍ ചികിത്സയില്‍ തുടരുകയാണ്. സ്ത്രീകളും കുട്ടികളും പ്രായമായവര്‍ക്കും ഉള്‍പ്പെടെയാണ് പരിക്കേറ്റത്. സംഘര്‍ഷത്തില്‍ റൂറല്‍ എസ്.പി, താമരശേരി എസ്.എച്ച്.ഒ എന്നിവര്‍ക്കും പരിക്കേറ്റിരുന്നു.

അറവുമാലിന്യ ഫാക്ടറിയിലേക്ക് വരുന്ന വാഹനങ്ങള്‍ തടയാനാണ് പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ വാഹനങ്ങള്‍ തടഞ്ഞതിന് പിന്നാലെ കല്ലേറുണ്ടാകുകയും പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

പൊലീസിന് നേരെ കല്ലേറുണ്ടായപ്പോള്‍ സമരസമിതിയുടെ നേതാക്കള്‍ സ്ഥലത്തില്ലായിരുന്നുവെന്നും സൂചനയുണ്ട്. സംഘര്‍ഷത്തിന് പിന്നാലെ ജനകീയ ഹര്‍ത്താലിനും സമരസമിതി ആഹ്വാനം ചെയ്തിരുന്നു. നിലവില്‍ ഓമശേരി, കോടഞ്ചേരി, താമരശേരി പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍ തുടരുകയാണ്.

Content Highlight: Fresh Cut clash; Case filed against 361 people, DYFI leader first accused