ഫലസ്തീന്‍ പതാക കലാപത്തിന്റെ പ്രതീകം; പി.എസ്.ജിയുടെ വിജയാഘോഷത്തിന് പിന്നാലെ പതാക നിരോധിച്ച് ഫ്രഞ്ച് മേയര്‍
World News
ഫലസ്തീന്‍ പതാക കലാപത്തിന്റെ പ്രതീകം; പി.എസ്.ജിയുടെ വിജയാഘോഷത്തിന് പിന്നാലെ പതാക നിരോധിച്ച് ഫ്രഞ്ച് മേയര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 3rd June 2025, 11:05 pm

പാരിസ്: ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെ പി.എസ്.ജിയുടെ വിജയത്തിന് പിന്നാലെയുണ്ടായ പ്രതിഷേധങ്ങളെത്തുടര്‍ന്ന് ഫലസ്തീന്‍ പതാകയ്ക്ക് നഗരത്തില്‍ നിരോധനം ഏര്‍പ്പെടുത്തി ഫ്രഞ്ച് മേയര്‍. പശ്ചിമ ഫ്രാന്‍സ് നഗരമായ ഷലോണ്‍ സര്‍ സഓനിലെ മേയറായ ഗൈല്‍സ് പ്ലാട്രെറ്റാണ് നിരോധനം ഏര്‍പ്പെടുത്തിയത്‌.

ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഇന്റര്‍ മിലാനെതിരെ പി.എസ്.ജിയുടെ വിജയത്തിന് പിന്നാലെ നഗരത്തില്‍ അക്രമ സംഭവങ്ങള്‍ ഉടലെടുത്തിരുന്നു. 550 ലധികം പേര്‍ അറസ്റ്റിലാവുകയും നൂറ് കണക്കിന് കാറുകള്‍ അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു. കലാപക്കാരിലൊരാള്‍ ഫലസ്തീന്‍ പതാക പ്രദര്‍ശിപ്പിച്ചിരുന്നു എന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി. ഫലസ്തീന്‍ പതാക കലാപകാരികളുടെ പ്രതീകമായി മാറിയെന്നും മേയര്‍ ആരോപിച്ചു.

നഗരത്തില്‍ ഫലസ്തീന്‍ പതാക നിരോധിച്ചതായും വിപണികളില്‍ അതിന്റെ വില്‍പ്പന നിരോധിക്കുന്നതായുമാണ് മേയറിന്റെ ഉത്തരവില്‍ പറഞ്ഞത്. ഇതിന് പുറമെ നഗരത്തിലെ എല്ലാ ഫലസ്തീന്‍ അനുകൂല പ്രകടനങ്ങളും നിരോധിച്ചിട്ടുണ്ട്. അതേസമയം പ്ലാട്രെറ്റിന്റെ തീരുമാനം ഇടതുപക്ഷ രാഷ്ട്രീയ ഗ്രൂപ്പുകളില്‍ നിന്നും മറ്റ് സംഘടനകളില്‍ നിന്നും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

പലസ്തീന്‍ പതാകയ്ക്ക് പിന്നില്‍ മുസ്‌ലിം ബ്രദര്‍ഹുഡോണോയെന്നും അതോ ഇറാനോ അല്ലെങ്കില്‍ മറ്റെതെങ്കിലും ശത്രു രാജ്യമാണോയെന്നും അദ്ദേഹം എക്‌സിലൂടെ ചോദിച്ചിരുന്നു.

2014 മുതല്‍ ഷലോണ്‍ സര്‍ സഓണിന്റെ മേയറായ ഇദ്ദേഹം വിവാദപരമായ നിരവധി ഉത്തരവുകള്‍ ഇതിന് മുമ്പും പുറപ്പെടുവിച്ചിരുന്നു. ഇവയില്‍ മിക്കതും കോടതികള്‍ റദ്ദാക്കി.

യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ കലാശപ്പോരില്‍ ഇന്റര്‍ മിലാനെ ഏകപക്ഷീയമായ അഞ്ച് ഗോളിന് തകര്‍ത്താണ് പി.എസ്.ജി ലീഗിന്റെ പുതിയ അവകാശികളായത്.

സ്പാനിഷ് പരിശീലകന്‍ ലൂയി എന്റിക്വലിന്റെ കീഴിയിലുള്ള ടീമാണ് ക്ലബ്ബിന്റെ പതിറ്റാണ്ടുകളായ സ്വപനം സഫലീകരിച്ചത്. എന്റിക്വ ബാഴ്‌സലോണയ്ക്കൊപ്പം നേടിയ കിരീടം പി.എസ്.ജിയിലും ആവര്‍ത്തിച്ചപ്പോള്‍ ദി പാരീസിയന്‍സ് ചാമ്പ്യന്‍സ് ലീഗ് ജേതാക്കളാകുന്ന രണ്ടാം ഫ്രഞ്ച് ക്ലബായി മാറിയിരുന്നു.

Content Highlight: French mayor bans Palestine flag  after PSG victory and protest