പാരീസ് : യൂറോപ്യന്‍ യൂണിയന്റെ വ്യാപാര കരാറിനെതിരെ മാസങ്ങളായി ഫ്രാന്‍സിലും മറ്റു അംഗരാജ്യങ്ങളിലുമായി നടന്നു കൊണ്ടിരിക്കുന്ന പ്രതിഷേധകളുടെ ബാക്കി പത്രമായിരുന്നു ഇന്നലെ പാരിസില്‍ നടന്ന ഐതിഹാസിക സമരം. ഇന്ത്യന്‍ കര്‍ഷക സമരത്തിന് സമാനമായി ഫ്രഞ്ച് കര്‍ഷകര്‍ ട്രാക്ടറുകളുമായി പാരിസ് നഗരം നിറച്ചു.
വിലകുറഞ്ഞതും ഗുണനിലവാരമില്ലാതുമായ കാര്‍ഷിക ഉത്പന്നങ്ങളുടെ ഇറക്കുമതിയെ പ്രോത്സാഹിപ്പിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ – മെര്‍കോസര്‍ വ്യാപാര കരാര്‍ അനാരോഗ്യകരമായ മത്സരം സൃഷ്ടിക്കുമെന്നും, യൂറോപ്യന്‍ യൂണിയനിലെ ഏറ്റവും വലിയ കാര്‍ഷിക ഉല്പാദന രാജ്യമായ ഫ്രാസിന്റെ പ്രാദേശിക കൃഷിക്ക് വലിയ വെല്ലുവിളിയാകുമെന്നുമാണ് കര്‍ഷകര്‍ പറയുന്നത്.
ഫ്രാന്‍സിലെ ഏറ്റവും വലിയ കര്‍ഷക യൂണിയനുകളില്‍ ഒന്നായ എഫ്.എന്‍.എസ്.ഇ.എ ആണ് ചൊവ്വാഴ്ചത്തെ പ്രകടനം സംഘടിപ്പിച്ചത്. കോര്‍ഡിനേഷന്‍ റൂറലെ എന്ന കര്‍ഷക യൂണിയന്‍ കഴിഞ്ഞ വ്യാഴാഴ്ച ഐഫല്‍ ടവറിനും ആര്‍ക്ക് ഡി ട്രയോംഫിനും താഴെ ട്രാക്ടറുകള്‍ കൊണ്ടുവന്ന് പ്രകടനം നടത്തിയിരുന്നു.
ചൊവ്വാഴ്ചത്തെ പ്രകടനത്തില്‍ ഏകദേശം 350 ഓളം ട്രാക്ടറുകളുമായാണ് കര്‍ഷകര്‍ പാരീസ് നഗരത്തിലെത്തിയത്. ആര്‍ക്ക് ഡി ട്രയോംഫിന് സമീപം കര്‍ഷകര്‍ പ്രതിഷേധ സൂചകമായി ടണ്‍കണക്കിന് ഉരുളകിഴങ്ങ് തെരുവില്‍ ഉപേക്ഷിച്ചു.
പാര്‍ലമെന്റിലേക്ക് ട്രാക്കറുമായി കര്‍ഷകര്‍ നടത്തിയ പ്രതിഷേധം Photo: reuters.com
‘യൂറോപ്യന്‍ പാര്‍ലമെന്റിന്റെ അംഗീകാരം ഇല്ലെങ്കിലും മെര്‍കോസര്‍ കരാര്‍ അംഗീകരിച്ചു. ഇത് ഫ്രാന്‍സില്‍ നമുക്ക് പൂര്‍ണ്ണമായും ഉത്പാദിപ്പിക്കാന്‍ കഴിയുന്നതും ഫ്രഞ്ച് കൃഷിയില്‍ നിലനില്‍ക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കാത്തതുമായ വിദേശ വസ്തുക്കളുടെ ഇറക്കുമതിയിലേക്ക് നയിക്കും,’ കര്‍ഷക നേതാവ് ഡാമിന് ഗ്രെഫിന്‍ പറഞ്ഞു.
കര്‍ഷകരെ ശാന്തരാക്കുന്നതിനുവേണ്ടി അടുത്ത ബഡ്ജറ്റില്‍ മാത്രം പ്രാബല്യത്തില്‍ വരുന്ന പദ്ധതികള്‍ പ്രധാനമന്ത്രി സെബാസ്റ്റ്യന്‍ ലേകര്‍ന്നു പ്രഖ്യാപിച്ചെങ്കിലും കര്‍ഷകര്‍ ഈ തീരുമാനം അംഗീകരിച്ചിട്ടില്ല. പ്രധാനമന്ത്രി ചര്‍ച്ചക്ക് തയ്യാറാവാത്തതിനാല്‍ രാപകല്‍ സമരത്തിലേക്ക് കടക്കുമെന്നും കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചു.
കര്‍ഷകരുടെ സാമ്പത്തിക നില മെച്ചപ്പെടുത്തല്‍ അടക്കം ലക്ഷ്യം വച്ചുള്ള ബില്ല് പാര്‍ലമെന്റ് പാസാക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ 2026 ബജറ്റ് ബില്‍ പാസാക്കുമ്പോള്‍ മാത്രമേ നടപടികള്‍ യാഥാര്‍ത്ഥ്യമാകൂ എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
Content Highlight: French farmers stage new Paris protest in effort to halt Mercosur deal