ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഒരാളുടെ വ്യക്തിപരമായ അവകാശം: ദല്‍ഹി ഹൈക്കോടതി
India
ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഒരാളുടെ വ്യക്തിപരമായ അവകാശം: ദല്‍ഹി ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 8th November 2025, 10:05 pm

ന്യൂദല്‍ഹി: ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഒരാളുടെ വ്യക്തിപരമായ അവകാശമെന്ന് ദല്‍ഹി ഹൈക്കോടതി. പ്രായപൂര്‍ത്തിയായ രണ്ട് വ്യക്തികളുടെ തെരഞ്ഞെടുപ്പുകളെ കുടുംബത്തിനും സമൂഹത്തിനും തടസപ്പെടുത്താന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് രണ്ട് പേര്‍ നല്‍കിയ ഹരജി പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം. രണ്ട് ജാതിയില്‍പ്പെട്ട പരാതിക്കാര്‍ കഴിഞ്ഞ 11 വര്‍ഷമായി പ്രണയത്തിലാണ്. ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചതോടെ കുടുംബാംഗങ്ങളില്‍ നിന്ന് എതിര്‍പ്പ് നേരിടുകയായിരുന്നു.

എന്നാല്‍ പ്രായപൂര്‍ത്തിയായ രണ്ട് പേര്‍ പരസ്പര സമ്മതത്തോടെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചാല്‍, ആ തീരുമാനത്തെ നിയമപരമായി തടസപ്പെടുത്താനോ മൂന്നാമതൊരാള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്താനോ കഴിയില്ലെന്നും കോടതി പറഞ്ഞു.

സഹോദരങ്ങള്‍, ബന്ധുക്കള്‍ എന്നിവരുടെ ഭീഷണിയെ തുടര്‍ന്നാണ് പങ്കാളികള്‍ ഹൈക്കോടതിയെ സമീപിച്ചത്. തങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും വിവാഹത്തില്‍ മൂന്നാമതൊരാളുടെ ഇടപെടല്‍ ഉണ്ടാകരുതെന്നുമായിരുന്നു പരാതിക്കാരുടെ ആവശ്യം.

വാദത്തിനിടെ, വേണ്ടപ്പെട്ട ഉദ്യോഗസ്ഥരുടെ നമ്പറുകള്‍ ദമ്പതികള്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് പൊലീസിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു. തുടര്‍ന്ന് പരാതിക്കാര്‍ താമസിക്കുന്ന സ്റ്റേഷന്‍ പരിധിയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സംരക്ഷണം ഉറപ്പാക്കാന്‍ കോടതി നിര്‍ദേശം നല്‍കി.

ബീറ്റ് പട്രോളിങ് അടക്കമുള്ള നടപടികള്‍ സ്വീകരിക്കണമെന്നും പരാതിക്കാര്‍ ഭീഷണിയുണ്ടെന്ന് അറിയിച്ചാല്‍ തല്‍ക്ഷണം നടപടിയെടുക്കണമെന്നും നിര്‍ദേശമുണ്ട്. സുപ്രീം കോടതിയുടെ മുന്‍കാല വിധി ഉദ്ധരിച്ചുകൊണ്ടായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം.

‘ഇന്ത്യയില്‍ ജാതി എന്ന ഘടകത്തിന് വലിയ സ്വാധീനമുണ്ടെന്നുള്ളത് സുപ്രീം കോടതി അംഗീകരിച്ച കാര്യമാണ്. എന്നാല്‍ ജാതി അന്തരങ്ങള്‍ ഇല്ലാതാക്കാന്‍ മിശ്രജാതി വിവാഹങ്ങള്‍ ഭരണഘടനാപരവും സാമൂഹികവുമായ ഒരു മൂല്യവത്തായ ധര്‍മം നിര്‍വഹിക്കുന്നു,’ ഹൈക്കോടതി പറഞ്ഞു.

ജീവിതപങ്കാളിയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം വ്യക്തിസ്വാതന്ത്ര്യത്തിന്റെയും സ്വകാര്യതയുടെയും അവിഭാജ്യ ഘടകമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

Content Highlight: Freedom to choose life partner is a personal right of an individual: Delhi High Court