മതസ്വാതന്ത്ര്യ ബില്‍ ഒരു മതത്തിനും എതിരല്ല; ന്യായീകരണവുമായി ഫഡ്‌നാവിസ്
India
മതസ്വാതന്ത്ര്യ ബില്‍ ഒരു മതത്തിനും എതിരല്ല; ന്യായീകരണവുമായി ഫഡ്‌നാവിസ്
നിഷാന. വി.വി
Tuesday, 17th March 2026, 7:28 am

മുംബൈ: മഹാരാഷ്ട്ര നിയമസഭയില്‍ അവതരിപ്പിച്ച മതസ്വാതന്ത്ര്യ ബില്ലിന് ന്യായീകരണവുമായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്.

ഈ നിയമം ഏതെങ്കിലും പ്രത്യേക മതത്തിനോ വ്യക്തികള്‍ക്കോ എതിരല്ലെന്ന് അദ്ദേഹം പറഞ്ഞു.
മറിച്ച് ബലപ്രയോഗത്തിലൂടെയോ പ്രലോഭനത്തിലൂടെയോ നടത്തുന്ന മതപരിവര്‍ത്തനം തടയുക മാത്രമാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാര്‍ച്ച് 13 നായിരുന്നു മഹാരാഷ്ട്ര നിയമസഭയില്‍ മത സ്വാതന്ത്ര്യ ബില്‍ അവതരിപ്പിച്ചത്. മാര്‍ച്ച് 16 ന് ശബ്ദവോട്ടിലൂടെ പാസാക്കുകയും ചെയ്തു.

ഇത് പ്രകാരം നിയമവിരുദ്ധ മതപരിവര്‍ത്തനങ്ങള്‍ക്ക് കുറഞ്ഞത് ഏഴ് വര്‍ഷം തടവും 5 ലക്ഷം രൂപ പിഴയും, പരമാവധി 10 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും ലഭിക്കും.

എന്നാല്‍ പ്രതിപക്ഷം ബില്ലിനെ എതിര്‍ക്കുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ലെന്നും
ബില്ല് നന്നായി വായിച്ചാല്‍ അതില്‍ ഒരു എതിര്‍പ്പുള്ള വ്യവസ്ഥ പോലും കണ്ടെത്താന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.

‘ പ്രതിപക്ഷം എന്തിനാണ് ബഹളം വെക്കുന്നത്. മതപരിവര്‍ത്തന വിരുദ്ധ ബില്‍ പാസാക്കുന്ന ആദ്യത്തെ സംസ്ഥാനമാണോ മഹാരാഷ്ട്ര ? മുമ്പ് നിരവധി സംസ്ഥാനങ്ങള്‍ ഇത് ചെയ്തിട്ടുണ്ട്.

ബി.ജെ.പി ഭരിക്കാത്ത ഒരു സംസ്ഥാനമായ തമിഴ്നാട് പോലും സമാനമായ ഒരു ബില്‍ പാസാക്കിയിട്ടുണ്ട്. അതിനാല്‍, ബില്‍ ശരിയായി വായിച്ച് പാസാക്കുന്നതില്‍ പിന്തുണയ്ക്കണമെന്ന് ഞാന്‍ പ്രതിപക്ഷത്തോട് അഭ്യര്‍ത്ഥിക്കുന്നു,’ ഫഡ്‌നാവിസ് പറഞ്ഞു.

ആരെങ്കിലും മതപരിവര്‍ത്തനം നടത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിയമത്തില്‍ വ്യക്തമായ പ്രക്രിയയുണ്ടെന്നും ഭീഷണിപ്പെടുത്തി നിയമവിരുദ്ധമായ മാര്‍ഗങ്ങളിലൂടെ മതപരിവര്‍ത്തനം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഫഡ്‌നാവിസ് പറഞ്ഞു.

ഇത്തരത്തതില്‍ നിയമവിരുദ്ധമായി മതപരിവര്‍ത്തനം നടത്തുന്ന ആളുകള്‍ക്കെതിരെ നടപടിയെടുക്കുന്നതിനാണ് പുതിയ ബില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രണയം നടിച്ച് സ്ത്രീകളെ വഞ്ചിച്ച് വിവാഹം കഴിക്കുകയും പിന്നീട് മതം മാറ്റത്തിന് നിര്‍ബന്ധിച്ച് ഉപേക്ഷിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ തടയാന്‍ ഈ നിയമം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയിലെ ‘ലവ് ജിഹാദ്’ പോലുള്ള സംഭവങ്ങള്‍ തടയാന്‍ ബില്‍ സഹായിക്കുമെന്ന് ബി.ജെ.പി മന്ത്രി നിതേഷ് റാണ പറഞ്ഞു.

മതസ്വാതന്ത്ര്യ നിയമപ്രകാരം മതം മാറാന്‍ ആഗ്രഹിക്കുന്ന വ്യക്തിയോ ഗ്രൂപ്പോ സമൂഹമോ 60 ദിവസം മുമ്പ് ജില്ലാ മജിസ്‌ട്രേറ്റിനെ അറിയിക്കണം.

തുടര്‍ന്ന് ജില്ലാ കളക്ടര്‍ നോട്ടീസ് പ്രസിദ്ധീകരിക്കുകയും നിര്‍ദിഷ്ട മതപരിവര്‍ത്തനം സംബന്ധിച്ച നിര്‍ദേശങ്ങളും എതിര്‍പ്പുകളും തേടുകയും ചെയ്യും. വ്യക്തിയുടെ ബന്ധുക്കള്‍ എതിര്‍പ്പ് ഉന്നയിച്ചാല്‍, നിയമവിരുദ്ധ മതപരിവര്‍ത്തനത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസിന് അധികാരമുണ്ട്.

കേസ് ഫയല്‍ ചെയ്താല്‍ മതം മാറ്റം നിര്‍ബന്ധിച്ചല്ലെന്ന് തെളിയിക്കേണ്ടത് മതം മാറ്റിയ വ്യക്തികള്‍ തന്നെയാണ്.

എന്നാല്‍ ബില്ല് വ്യക്തി സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നും പ്രതിപക്ഷം പറഞ്ഞു.

ഇത്തരത്തില്‍ നിയമങ്ങള്‍ സമൂഹത്തില്‍ കൂടുതല്‍ വിഭജനമുണ്ടാക്കുകയും സമൂഹങ്ങള്‍ക്കിടയില്‍ പരസ്പരം അവിശ്വാസമുണ്ടാക്കുമെന്നും പ്രതിപക്ഷം കൂട്ടിച്ചേര്‍ത്തു.

Content Highlight: Freedom of Religion Bill is not against any religion; Fadnavis defends it

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.