അമേരിക്കയുമായുള്ള സ്വതന്ത്ര വ്യാപാരകരാര്‍ കേരളത്തിലെ ക്ഷീരകര്‍ഷകര്‍ക്ക് വെല്ലുവിളിയുണ്ടാക്കും; കേന്ദ്രത്തിന് കത്തെഴുതി ജെ. ചിഞ്ചുറാണി
Kerala News
അമേരിക്കയുമായുള്ള സ്വതന്ത്ര വ്യാപാരകരാര്‍ കേരളത്തിലെ ക്ഷീരകര്‍ഷകര്‍ക്ക് വെല്ലുവിളിയുണ്ടാക്കും; കേന്ദ്രത്തിന് കത്തെഴുതി ജെ. ചിഞ്ചുറാണി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 1st July 2025, 10:24 pm

തിരുവനന്തപുരം: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ കേരളത്തിലെ ക്ഷീരകര്‍ഷകര്‍ക്ക് പ്രതിസന്ധിയുണ്ടാക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി.

കരാര്‍ പ്രാബല്യത്തില്‍ വന്നാല്‍ ഉണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങള്‍ തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് സമര്‍പ്പിച്ച നിവേദനത്തിലാണ് മന്ത്രി ആവശ്യമുന്നയിച്ചത്.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ പാല്‍ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. എന്നാല്‍ രാജ്യത്തെ സാധാരണക്കാരായ ക്ഷീര കര്‍ഷകരെ ദോഷകരമായി ബാധിക്കുന്ന ഒരുപാട് വ്യവസ്ഥകള്‍ സ്വതന്ത്ര വ്യാപാര കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ ക്ഷീരകര്‍ഷകരെയും ക്ഷീരസഹകരണ സംഘങ്ങളെയുമാണ് ഈ കരാര്‍ നേരിട്ട് ബാധിക്കുകയെന്നും മന്ത്രി നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയതായി കൈരളി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കന്‍ പാല്‍ ഉത്പന്നങ്ങളില്‍ കൃത്രിമ വളര്‍ച്ചാ ഹോര്‍മോണുകള്‍ ഉപയോഗിക്കുന്നതിനെ കുറിച്ചും നിവേദനത്തില്‍ പരാമര്‍ശമുണ്ട്.

ഇതിനോടുള്ള കേരളത്തിന്റെ എതിര്‍പ്പും മന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി. കാലാവസ്ഥാ മാറ്റം പോലുള്ള വെല്ലുവിളികള്‍ നേരിടുന്ന ക്ഷീരമേഖലയില്‍ വിദേശ മത്സരമുണ്ടാകുന്നത് ദോഷകരമാണെന്നും മന്ത്രി പറയുന്നു. ഇത്തരത്തില്‍ വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ പ്രത്യേകതകള്‍ കണക്കിലെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി മന്ത്രി നിവേദനത്തില്‍ പറഞ്ഞു.

അതേസമയം ഇന്ത്യ-അമേരിക്ക ഇടക്കാല വ്യാപാര കരാര്‍ ജൂലൈ എട്ടിന് പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. ജൂലൈ ഒമ്പതിനാണ് യു.എസിലെ ഇന്ത്യന്‍ ഇറക്കുമതികള്‍ക്ക് 26 ശതമാനം അധിക താരിഫ് പ്രാബല്യത്തില്‍ വരിക. ഇതിന് മുന്നോടിയായി കരാറിലെത്താനാണ് ഇന്ത്യന്‍ സംഘം ശ്രമിക്കുന്നത്.

ഇതിനിടെ ഇന്ത്യയിലേക്ക് ജി.എം വിളകളും പശുവിന്‍ പാലും ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ യു.എസും ഇന്ത്യയും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ജി.എം വിളകള്‍ ആഭ്യന്തര കര്‍ഷകര്‍ക്ക് വലിയ ആഘാതമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.

ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, ഇന്ത്യ ഇതുവരെ ഒപ്പുവെച്ച ഒരു കരാറിനും രാജ്യത്തെ ക്ഷീരമേഖലയിലേക്ക് പ്രവേശനമുണ്ടായിരുന്നില്ല.

Content Highlight: Free trade agreement with America will pose a challenge for Kerala’s dairy farmers: J. Chinchurani