'ഫലസ്തീനെ സ്വതന്ത്രമാക്കുക'; ഇറാന്‍ - ഇസ്രഈല്‍ സംഘര്‍ഷത്തിനിടെ യൂറോപ്പിലുടനീളം പ്രതിഷേധം
World
'ഫലസ്തീനെ സ്വതന്ത്രമാക്കുക'; ഇറാന്‍ - ഇസ്രഈല്‍ സംഘര്‍ഷത്തിനിടെ യൂറോപ്പിലുടനീളം പ്രതിഷേധം
ഫസീഹ പി.സി.
Sunday, 29th March 2026, 4:54 pm

ലണ്ടന്‍: ഇസ്രഈലിനെതിരെ യൂറോപ്പിലുടനീളം പ്രതിഷേധ റാലികള്‍ സംഘടിപ്പിച്ച് ഫലസ്തീന്‍ അനുകൂല സംഘടനകള്‍. ലണ്ടന്‍, ഫ്രാന്‍സ്, സ്വീഡന്‍, വിയന്ന, നെതര്‍ലാന്‍ഡ്‌സ് എന്നിവിടങ്ങളിലാണ് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത റാലികള്‍ സംഘടിച്ചിപ്പത്.

ഫലസ്തീന്‍ സോളിഡാരിറ്റി ക്യാമ്പെയിന്റെ നേതൃത്വത്തിലായിരുന്നു റാലികള്‍. ഇറാനെതിരെ ഇസ്രഈല്‍ ആക്രമണം തുടരുന്നതിനിടെയാണ് ഈ പ്രതിഷേധം എന്നതാണ് ശ്രദ്ധേയം.

ഫലസ്തീനെ സ്വതന്ത്രമാക്കാനും തീവ്ര വലതുപക്ഷത്തിനെതിരെയും മാര്‍ച്ച് സംഘടിപ്പിച്ചെന്ന് ഫലസ്തീന്‍ സോളിഡാരിറ്റി ക്യാമ്പെയ്ന്‍ എക്സില്‍ കുറിച്ചു.
അര ദശലക്ഷത്തിലധികം പേര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തുവെന്നും അവര്‍ പറഞ്ഞു.

ഫലസ്തീനെ സ്വതന്ത്രമാക്കുക, ഇറാനിലെ ബോംബിങ് അവസാനിപ്പിക്കുക, ഇസ്രഈലിന് ആയുധം നല്‍കുന്നത് നിര്‍ത്തലാക്കുക എന്നീ ബാനറുകള്‍ ഉയര്‍ത്തിയിരുന്നു ലണ്ടനിലെ പ്രതിഷേധം. പ്രകടനക്കാര്‍ ഇസ്ലാമോഫോബിയയ്ക്കെതിരെയും പ്രതിഷേധിച്ചു.

ക്യാമ്പെയ്ന്‍ ഫോര്‍ ന്യൂക്ലിയര്‍ ഡിസ്ആര്‍മെന്റ്, സ്റ്റോപ്പ് ദി വാര്‍ കൊളീഷന്‍ എന്നിവരുമായി ചേര്‍ന്നായിരുന്നു ഫലസ്തീന്‍ സോളിഡാരിറ്റി ക്യാമ്പെയ്നിന്റെ ലണ്ടനിലെ പ്രതിഷേധം.

അതേസമയം, 90 സംഘടനകളുടെ നേതൃത്വത്തില്‍ ഫ്രാന്‍സിലെ വിവിധയിടങ്ങളിലും ഇസ്രഈലിനെതിരെ റാലികള്‍ നടന്നു. ഫലസ്തീന്‍ ജനതയുടെ നിര്‍ണയാവകാശത്തിനും അഭയാര്‍ത്ഥികള്‍ക്ക് മടങ്ങിവരാനുള്ള അവകാശത്തിനുമായാണ് തങ്ങള്‍ പ്രതിഷേധം സംഘടിപ്പിച്ചതെന്ന് അസോസിയേഷന്‍ ഫ്രാന്‍സ് ഫലസ്തീന്‍ സോളിഡറൈറ്റ് എക്സില്‍ കുറിച്ചു.

‘ഫലസ്തീന്‍ ജനതയുടെ നിര്‍ണയാവകാശത്തിനും അഭയാര്‍ത്ഥികള്‍ക്ക് മടങ്ങിവരാനുള്ള അവകാശത്തിനുമായി ഞങ്ങള്‍ ഫ്രാന്‍സിലുടനീളം പ്രകടനങ്ങള്‍ സംഘടിപ്പിച്ചു. അധിനിവേശം, കോളനിവല്‍ക്കരണം, വര്‍ണവിവേചനം എന്നിവ അവസാനിപ്പിക്കുക, ഇസ്രഈലിനെതിരെ ഉപരോധം ഏര്‍പ്പെടുത്തുക, സ്ഥിരമായ വെടിനിര്‍ത്തല്‍, വംശഹത്യ അവസാനിപ്പിക്കുക എന്ന ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഞങ്ങളുടെ പ്രകടനം,’ അസോസിയേഷന്‍ ഫ്രാന്‍സ് ഫലസ്തീന്‍ സോളിഡറൈറ്റ് എക്സില്‍ പറഞ്ഞു.

പ്രതിഷേധത്തിന്റെ ഭാഗമായി പാരീസില്‍ ആയിരകണക്കിന് ആളുകളും ആഞ്ചേഴ്സിലും ഏകദേശം 1,000 പേരും പ്രകടനത്തില്‍ പങ്കെടുത്തുവെന്ന് ഔസ്റ്റ് ഫ്രാന്‍സ് ഡെയിലി റിപ്പോര്‍ട്ട് ചെയ്തു.

സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ക്‌ഹോമിലും പ്രതിഷേധം നടന്നു. സ്വതന്ത്ര ഫലസ്തീന്‍, ഇസ്രഈല്‍ വംശഹത്യ അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയിരുന്നു സ്വീഡനിലെ പ്രതിഷേധം.

അതേസമയം, വിയന്നയിലും നെതര്‍ലാന്‍ഡ്സിലെ ഹേഗിലും ഇറാനെതിരെയുള്ള ഇസ്രഈലിന്റെ ആക്രമണത്തെ അപലപിച്ച് പ്രതിഷേധം നടന്നു. സയണിസ്റ്റ് – യു. എസ് അധിനിവേശം അവസാനിപ്പിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഫലസ്തീന്‍ സോളിഡാരിറ്റി ഓസ്ട്രിയ പ്രതിഷേധം സംഘടിപ്പിച്ചത്.

ഇറാന്‍ – ഇസ്രഈല്‍ സംഘര്‍ഷം ലഘൂകരിക്കുന്നതിനായി ഡച്ച് സര്‍ക്കാര്‍ സംഭാവന നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹേഗിലെ പ്രതിഷേധം. ഇറാനെതിരെയുള്ള ആക്രമണം അവസാനിപ്പിക്കാന്‍ യു.എസിനും ഇസ്രാഈലിനും മേല്‍ സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ന്യൂ പീസ് മൂവ്മെന്റിന്റെ നേതൃത്വത്തിലായിരുന്നു ഈ മാര്‍ച്ച്.

 

Content Highlight: ‘Free Palestine’; Protests across Europe amid Iran-Israel conflict

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി