ന്യൂയോർക്ക്: യു.എസ്, കാനഡ എന്നീ രാജ്യങ്ങളിലെ നാല് വിമാനത്താവളങ്ങളെ ഹൈജാക്ക് ചെയ്ത് ഹാക്കർമാർ. അമേരിക്കയിലേയും കാനഡയിലേയും നാല് വിമാനത്താവളിലെ പബ്ലിക് അഡ്രസ് സിസ്റ്റവും ഫ്‌ളൈറ്റ് ഇന്‍ഫര്‍മേഷന്‍ ഡിസ്പ്ലേ സ്‌ക്രീനുമാണ് ഹാക്കര്‍മാര്‍ ഹൈജാക്ക് ചെയ്തത്.
ഫലസ്തീൻ അനുകൂലവും ഇസ്രഈൽ, ട്രംപ് വിരുദ്ധ സന്ദേശങ്ങളും സംപ്രേക്ഷണം ചെയ്യപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ.
യു.എസിലെ പെൻസിൽവാനിയയിലെ ഹാരിസ് ബർഗ് വിമാനത്താവളത്തിലും കാനഡയിലെ കെലോന, വിക്ടോറിയ, വിൻഡ്സർ, എന്നീ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലുമാണ് സന്ദേശങ്ങൾ പ്രചരിച്ചത്.
ഫലസ്തീനെ പിന്തുണച്ചും ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും വിമര്‍ശിച്ചുമായിരുന്നു സന്ദേശങ്ങള്‍. ഇസ്രഈല്‍ ഈ യുദ്ധത്തില്‍ പരാജയപ്പെട്ടുവെന്നും ഫലസ്തീനെ സ്വാതന്ത്രമാക്കണമെന്നും സ്‌ക്രീനിൽ ഡിസ്പ്ലേ ചെയ്തിരുന്നു.
യാത്രക്കാർ സമൂഹമാധ്യമങ്ങളിൽ പങ്കിട്ട വീഡിയോകളിൽ ഇന്റർകോമിന് മുകളിലൂടെ സന്ദേശങ്ങൾ പ്ലേ ചെയ്യുന്നത് കാണാമെന്ന് ഫ്രീ പ്രസ് ജേർണൽ റിപ്പോർട്ട് ചെയ്തു.
‘ഫ*****നെതന്യാഹുവും ട്രംപും. ഇത് തുർക്കി ഹാക്കർ ഐബെർ ഇസ്‌ലാമാണ്. ഫ്രീ ഫലസ്തീൻ…ഫ്രീ ഫലസ്തീൻ,’ വിമാനത്താവളത്തിലെ ഒരു യാത്രക്കാരൻ പകർത്തിയ വിഡിയോയിൽ കേൾക്കാം.
ഇതിനെതിരെയുള്ള പ്രതിഷേധങ്ങളെ തുടർന്ന് വിമാനത്താവളങ്ങളിൽ തടസ്സങ്ങളുണ്ടാവുകയും വിമാന സർവീസുകൾ റദ്ദാക്കുകയും ചെയ്തിരുന്നു.
‘ഒരു ഉപയോക്താവ് വിമാനത്താവളത്തിലെ പി.എ സിസ്റ്റത്തിലേക്ക് അനധികൃതമായി പ്രവേശിച്ചു. റെക്കോർഡ് ചെയ്ത സന്ദേശങ്ങൾ പ്ലേ ചെയ്തു,’ എച്ച്. ഐ.എ ഉദ്യോഗസ്ഥർ പറഞ്ഞെന്ന് ഫോക്സ് 43 റിപ്പോർട്ട് ചെയ്തു.
പബ്ലിക് അഡ്രസ് സിസ്റ്റങ്ങളേയും ഫ്‌ളൈറ്റ് ഇന്‍ഫര്‍മേഷന്‍ ഡിസ്പ്ലേ സ്‌ക്രീനുകളെയും ലക്ഷ്യമിട്ടുള്ള സൈബർ ആക്രമണമാണിതെന്നും ഇതുകാരണം സുരക്ഷാ പ്രശ്നങ്ങളൊന്നുമില്ലെന്നും അധികൃതർ അറിയിച്ചു.
Content Highlight: Free Palestine; Hackers hijack screens at airports in the US and Canada