വാഷിങ്ടണ്‍: അമേരിക്കയില്‍ വ്യാജ വോട്ടര്‍ രജിസ്‌ട്രേഷന്‍ നടത്തിയെന്നാരോപിച്ച് രണ്ട് ഇന്ത്യന്‍ പൗരന്മാരടക്കം 28 ഗ്രീന്‍ കാര്‍ഡ് ഉടമകള്‍ക്കെതിരെ കേസ്. യു.എസ് നീതിന്യായ വകുപ്പാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തെരഞ്ഞെടുപ്പിലെ കൃത്രിമത്വവും വോട്ടര്‍ രജിസ്‌ട്രേഷനും തട്ടിപ്പും തടയാനായി രൂപീകരിച്ച ‘ഓപ്പറേഷന്‍ പ്രൊട്ടക്ട് ദി വോട്ട്’ പദ്ധതിയുടെ ഭാഗമായാണ് നടപടി.

വോട്ടവകാശമില്ലാത്ത വിദേശികള്‍ വ്യാജമായി വോട്ട് ചെയ്യുന്നുവെന്നാരോപിച്ചാണ് അറസ്റ്റ് നടന്നിരിക്കുന്നത്. നീതിന്യായ വകുപ്പിന്റെ കണക്കനുസരിച്ച് 2024 നവംബറിലെ യു.എസ് തെരഞ്ഞെടുപ്പിലാണ് കൃത്രിമം കാണിച്ചതായി കണ്ടെത്തിയിരിക്കുന്നത്. അമന്‍ ദീപ് കൗര്‍, കമലേഷ് നവ്‌നിത് ലാല്‍ ഷാ (67) എന്നിവരാണ് അറസ്റ്റിലായ ഇന്ത്യക്കാര്‍. അമേരിക്കന്‍ പൗരത്വത്തിനായി ശ്രമിക്കുന്ന ഇദ്ദേഹം പൗരത്വം ലഭിക്കുന്നതിന് മുമ്പ് തന്നെ വോട്ട് ചെയ്തതായാണ് കണ്ടെത്തല്‍.

രണ്ടുപേര്‍ക്കെതിരെയും വെവ്വേറെ ഫെഡറല്‍ ജില്ലകളിലാണ് കേസെടുത്തിരിക്കുന്നത്. സെന്‍ട്രല്‍ ഡിസ്ട്രിക്റ്റില്‍ കേസ് നേരിടുന്ന അമന്‍ദീപ് കൗറിനെതിരെ പൗരത്വ അപേക്ഷയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയത് ഉള്‍പ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇതിന് പരമാവധി 5 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം. എന്നാല്‍ ഈസ്റ്റേണ്‍ ഡിസ്ട്രിക്റ്റില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള കമലേഷിനെതിരെ താരതമ്യേന വ്യാപ്തി കുറഞ്ഞ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ഇതിന് പരമാവധി ഒരു വര്‍ഷം വരെയാണ് തടവുശിക്ഷ.

യു.എസില്‍ ഗ്രീന്‍ കാര്‍ഡ് ഉടമകള്‍ക്ക് വോട്ടവകാശമില്ല. എന്നാല്‍ യു.എസ് പൗരന്മാരാണെന്ന് കാണിച്ചായിരുന്നു ഇവര്‍ വ്യാജ വോട്ട് ചെയ്തത്. കഴിഞ്ഞ ഏഴ് ആഴ്ചകള്‍ക്കുള്ളില്‍ 20 സംസ്ഥാനങ്ങളിലായി സമാന രീതിയിലുള്ള കൃത്രിമത്വത്തിന് 113 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Content Highlight: Fraudulent Voter Registration: 28 Green Card Holders, Including Two Indians, Arrested in the U.S.