ന്യൂദല്‍ഹി: പ്രധാനമന്ത്രി തൊഴില്‍ദായക പദ്ധതിയുടെ പേരില്‍ തട്ടിപ്പെന്ന് റിപ്പോര്‍ട്ട്. കൊല്ലത്താണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ഗ്രൂപ്പുകളുണ്ടാക്കി സാധാരണക്കാരില്‍ നിന്നും തട്ടിയത് പതിമൂന്ന് ലക്ഷത്തോളം രൂപയാണെന്നാണ് ന്യൂസ് മലയാളം റിപ്പോര്‍ട്ട് ചെയ്യുന്നത്.
പ്രധാനമന്ത്രിയുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് ടോക്കണുകളും ബില്ലുകളും ബ്രോഷറുകളും മറ്റുമുണ്ടാക്കിയായിരുന്നു തട്ടിപ്പെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തട്ടിപ്പ് നടത്തിയതിന് ശേഷം കൊല്ലം ജില്ലാ കളക്ട്രേറ്റില്‍ കൊണ്ടുപോയി വൈകുന്നേരം വരെ ഇരുത്തിയെന്നും അവര്‍ പറയുന്നുണ്ട്.
പത്ത് ദിവസത്തിനുള്ളില്‍ പത്ത് ലക്ഷം രൂപ ഈടില്ലാതെ വാഗ്ദാനം ചെയ്താണ് തട്ടിപ്പെന്നാണ് പുറത്തുവരുന്ന വിവരം. ലോണ്‍ പാസാകണമെങ്കില്‍ ഗുണഭോക്താവിന്റെ വിഹിതമെന്ന പേരില്‍ 23,000 രൂപ നല്‍കണമെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്.
പണം തിരികെ ആവശ്യപ്പെട്ടതിന് ശേഷം തട്ടിപ്പ് നടത്തിയ സ്ത്രീകള്‍ പണം നല്‍കിയില്ലെന്നും തട്ടിപ്പിനിരയായ യുവതികള്‍ പരാതിപ്പെടുന്നു.
23,500 രൂപ പ്രൊസസിങ്ങ് ഫീസാണെന്ന് പറഞ്ഞ് തങ്ങളുടെ കൈയില്‍ നിന്നും വാങ്ങിക്കുകയായിരുന്നുവെന്നും പിന്നാലെ ഗ്രൂപ്പായി എടുക്കുകയാണെങ്കില്‍ പെട്ടെന്ന് പണം കിട്ടുമെന്ന വാഗ്ദാനം ചെയ്തുവെന്നും പറഞ്ഞ് ബാക്കിയുള്ള ആളുകളെയും കൂടി പദ്ധതിയില്‍ ചേര്‍ത്തുവെന്നും പരാതിക്കാരിയായ യുവതി പറഞ്ഞു.
ആദ്യം ബന്ധുക്കളെയും പിന്നീട് സുഹൃത്തുകളെയും ചേര്‍ത്തുവെന്നും 76 ലക്ഷം കിട്ടുമെന്ന പേരില്‍ ഇമെയില്‍ വന്നിരുന്നുവെന്നും യുവതി പറഞ്ഞു. പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നും പിന്നാലെ ആളുകളെ ചേര്‍ത്തുകൊടുക്കുകയായിരുന്നുവെന്നും അവര്‍ പറയുന്നു.