കണ്ണൂർ: പകുതി പൈസക്ക് സ്കൂട്ടർ നൽകാമെന്ന് വാഗ്ദാനം ചെയ്തുള്ള തട്ടിപ്പിൽ കോൺഗ്രസ് നേതാവ് ലാലി വിൻസന്റിനെയും പ്രതി ചേർത്ത് പൊലീസ്. കണ്ണൂർ ടൗൺ പൊലീസ് ഫയൽ ചെയ്ത കേസിലാണ് കോൺഗ്രസിന്റെ വനിതാ നേതാവും പ്രതിയായിരിക്കുന്നത്. ലാലി വിന്‍സെന്റ് ഏഴാം പ്രതിയാണ്.
കണ്ണൂർ ബ്ലോക്കിൽ 494ഓളം പേരിൽ നിന്നും മൂന്ന് കോടിയോളം രൂപ തട്ടിയെടുത്ത് എന്നതാണ് കേസ്. ഇതിനോടകം 2000 ത്തോളം പരാതികൾ കണ്ണൂർ പൊലീസ് സ്റ്റേഷനിൽ എത്തിയിട്ടുണ്ടെന്നാണ് വിവരം. സീഡ് എന്ന സൊസൈറ്റി രൂപീകരിച്ച് അത് വഴി പണം കൈപ്പറ്റുകയായിരുന്നു. പണം കൈപ്പറ്റിയെങ്കിലും സ്കൂട്ടറോ ഗൃഹോപകരണങ്ങളോ നൽകിയില്ലെന്നാണ് പരാതി. സീഡിന്റെ കണ്ണൂർ ബ്ലോക്കിലെ സെക്രട്ടറിയായ മോഹനൻ എന്ന വ്യക്തി നൽകിയ പരാതിക്ക് പിന്നാലെയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. കണ്ണൂര്‍, തളിപ്പറമ്പ്, ശ്രീകണ്ഠപുരം, മയ്യില്‍, വളപട്ടണം, പയ്യന്നൂര്‍ സ്റ്റേഷനുകളിലാണ് പരാതി ലഭിച്ചിട്ടുള്ളത്.
ക്രിമിനൽ വിശ്വാസലംഘനം വഞ്ചന എന്നിവയാണ് ചുമത്തിയിരിക്കുന്നത്. അതിലാണ് കോൺഗ്രസ് നേതാവായ ലാലി വിൻസന്റും പ്രതിയായിരിക്കുന്നത്. സർദാർ വല്ലഭായ് പട്ടേൽ ഇൻസ്റ്റിറ്റ്യൂഷൻ്റെ കീഴിലാണ് സൊസൈറ്റികൾ രൂപീകരിച്ചിട്ടുള്ളത്. ലാലി വിൻസന്റ് ആണ് സർദാർ വല്ലഭായ് പട്ടേൽ ഇൻസ്റ്റിറ്റ്യൂഷൻ്റെ ലീഗൽ അഡ്വൈസർ. അനന്തുകൃഷ്ണന്റെ ഇൻസ്റ്റിറ്റ്യൂട്ട് ആണിത്.
കണ്ണൂർ ബ്ലോക്കിൽ നിന്ന് മാത്രം രണ്ട് കോടി 96 ലക്ഷം രൂപയാണ് കൈപ്പറ്റിയത്. പകുതി പണം അടച്ച് കഴിഞ്ഞാൽ 100 ദിവസത്തിനുള്ളിൽ സ്കൂട്ടർ ൽകുമെന്നായിരുന്നു വാഗ്ദാനം. തുടക്കത്തിൽ പലർക്കും ഗൃഹോപകരണങ്ങളും ലഭിച്ചിരുന്നു. അത് കണ്ട വിശ്വസിച്ചതോടെയാണ് പലരും സ്കൂട്ടർ വാഗ്‌ദാനത്തിൽ വീണത്.
അതേസമയം സി.എസ്.ആർ ഫണ്ടിന്റെ മറവില്‍ അനന്തുകൃഷ്ണന്‍ നടത്തിയ വന്‍കിട തട്ടിപ്പുകളില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറും. സാമ്പത്തിക കുറ്റകൃത്യം അന്വേഷിക്കുന്ന സംഘമാണ് തട്ടിപ്പ് അന്വേഷിക്കുക. കൊച്ചി യൂണിറ്റിനാണ് അന്വേഷണ ചുമതല. അനന്തു കൃഷ്ണനെതിരെ പരാതികള്‍ വ്യാപകമായ സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക് മാറ്റുന്നത്.
പൊലീസ് ആസ്ഥാനത്ത് ലഭിച്ച ആറ് പരാതികളില്‍ അടക്കം അനന്തുകൃഷ്ണനെതിരെ 15 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലക്കാരാണ് തട്ടിപ്പിന് ഇരയായവരില്‍ കൂടുതലും. സംസ്ഥാനത്താകെ 350 കോടിയുടെ തട്ടിപ്പ് അനന്തുകൃഷ്ണന്‍ നടത്തിയെന്നാണ് പ്രാഥമിക വിവരം.
നാഷണല്‍ എന്‍.ജി.ഒ ഫെഡറേഷന്‍ എന്ന സംഘടനയുടെ നാഷനല്‍ കോ-ഓഡിനേറ്ററാണെന്നും ഇന്ത്യയിലെ വിവിധ കമ്പനികളുടെ സി.എസ്.ആർ ഫണ്ട് കൈകാര്യം ചെയ്യാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വിശ്വസിപ്പിച്ചായിരുന്നു അനന്തുവിന്റെ തട്ടിപ്പ്. സ്വന്തം പേരില്‍ വിവിധ കണ്‍സള്‍ട്ടന്‍സികള്‍ ഉണ്ടാക്കി അതിന്റെ പേരിലാണ് ഇടപാടുകള്‍ നടത്തിയത്.
എന്നാല്‍, ഇതുവരെ ഒരു കമ്പനിയില്‍ നിന്നും സി.എസ്.ആർ ഫണ്ട് ലഭ്യമായിട്ടില്ലെന്ന് ചോദ്യം ചെയ്യലില്‍ അനന്തു പൊലീസിനോട് സമ്മതിച്ചിരുന്നു. പകുതിവിലയ്ക്ക് സ്ത്രീകള്‍ക്ക് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്താണ് അനന്തു തട്ടിപ്പ് നടത്തിയത്. വിവിധ പദ്ധതികളുടെ പേരില്‍ 300 കോടിയിലേറെ രൂപയുടെ തട്ടിപ്പ് ഇയാള്‍ നടത്തിയതായാണ് വിവരം. അനന്തു കൃഷ്ണന്റെ അറസ്റ്റിന് പിന്നാലെ തട്ടിപ്പിനിരയായെന്ന പരാതിയുമായി 1,200 ഓളം സ്ത്രീകള്‍ രംഗത്തെത്തിയിരുന്നു.
വിമണ്‍ ഓണ്‍ വീല്‍സ് എന്ന പദ്ധതിയുടെ പേരിലായിരുന്നു ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നത്. വാഹനത്തിന്റെ പകുതി തുക അടച്ചാല്‍ ബാക്കി പകുതി തുക കേന്ദ്രസര്‍ക്കാര്‍ സഹായമായും വലിയ കമ്പനികളുടേതടക്കം സി.എസ്.ആർ ഫണ്ടായി ലഭിക്കുമെന്നുമായിരുന്നു വാഗ്‌ദാനം. പണം അടച്ച് നിശ്ചിത ദിവസങ്ങൾക്കുളളിൽ വാഹനം ലഭ്യമാകുമെന്നും ഇയാള്‍ വാഗ്‌ദാനം നല്‍കിയിരുന്നു. അനന്തു കൃഷ്ണന്റെ വാക്കുകള്‍ വിശ്വസിച്ച സ്ത്രീകള്‍ ഇയാളുടെ സ്ഥാപനത്തിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം അയച്ചു നല്‍കിയത്.
Content Highlight: Fraud by promising scooter for half paise; Congress leader Lali Vincent is also accused by the police