ന്യൂയോര്‍ക്: ഇസ്രഈലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഐക്യരാഷ്ട്രസഭയുടെ പ്രത്യേക പ്രതിനിധി ഫ്രാന്‍സെസ്‌ക ആല്‍ബനീസ്. അധിനിവേശ ഫലസ്തീനില്‍ ഇസ്രഈല്‍ നടത്തുന്ന പീഡനങ്ങള്‍ ഭരണകൂട നയമായി മാറിയെന്നായിരുന്നു അവരുടെ വിമര്‍ശനം.
1967 മുതല്‍ ഇസ്രഈല്‍ കൈവശപ്പെടുത്തിയ ഫലസ്തീന്‍ പ്രദേശങ്ങളിലെ മനുഷ്യരുടെ അവകാശങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ട് യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ സമര്‍പ്പിച്ചുകൊണ്ട് സംസാരിക്കവെയാണ് ആല്‍ബനീസ് ഇസ്രഈലിനെതിരെ വിമര്‍ശനമുന്നയിച്ചത്.
‘ഫലസ്തീനികളെ പീഡിപ്പിക്കാന്‍ ഇസ്രായേലിന് ഫലത്തില്‍ ഒരു ലൈസന്‍സ് ലഭിച്ചിരിക്കുകയാണ്, കാരണം നിങ്ങളുടെ മിക്ക ഗവണ്‍മെന്റുകളും മന്ത്രിമാരും അത് അനുവദിച്ചുകൊടുത്തു,’ അവര്‍ പറഞ്ഞു.
ഇവരുടെ ജീവിതം ശാരീരികവും മാനസികവുമായ കഷ്ടപ്പാടുകളുടെ ഒരു തുടര്‍ച്ചയാണ്. ഇസ്രഈല്‍ വ്യവസ്ഥാപിതമായി ഫലസ്തീനികളെ പീഡിപ്പിക്കുന്നത് പ്രതികാരത്തെയും വിനാശകരമായ ഉദ്ദേശ്യത്തെയുമാണ്’ സൂചിപ്പിക്കുന്നത്. പീഡനം എന്നത് ജയില്‍ മതിലുകള്‍ക്ക് അപ്പുറത്തേക്ക് വ്യാപിച്ചിരിക്കുന്നു. അധിനിവേശ ഫലസ്തീനിലുടനീളം ഇസ്രഈല്‍ അടിച്ചേല്‍പ്പിച്ച ക്രൂരമായ അന്തരീക്ഷം എന്ന് മാത്രമേ ഇതിനെ വിശേഷിപ്പിക്കാന്‍ കഴിയുകയുള്ളൂ എന്നും ആല്‍ബനീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇത്തരം പീഡനങ്ങള്‍ ജീവിതത്തിന് അര്‍ത്ഥം നല്‍കുന്ന സാഹചര്യങ്ങളെ നശിപ്പിക്കുകയും മനുഷ്യന്റെ അന്തസ്സ് കവര്‍ന്നെടുക്കുകയും ചെയ്യുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
‘ഞാനും മറ്റുള്ളവരും രേഖപ്പെടുത്തുന്ന സാക്ഷ്യങ്ങള്‍ കേവലം ദുരന്തകഥകളല്ല; അവ ഫലസ്തീന്‍ ജനതയെ പൂര്‍ണമായും ലക്ഷ്യമിട്ടുള്ള ക്രൂരമായ കുറ്റകൃത്യങ്ങളുടെ തെളിവുകളാണ്,’ അല്‍ബനീസ് പറഞ്ഞു.
എന്നാല്‍ ആല്‍ബനീസിനന്റെ പ്രസ്താവനകളെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് ഇസ്രഈല്‍ രംഗത്തെത്തി. അല്‍ബനീസ് മനുഷ്യാവകാശ പ്രവര്‍ത്തകയല്ലെന്നും മറിച്ച് ഒരു ‘അരാജകത്വത്തിന്റെ ഏജന്റ്’ ആണെന്നും ജനീവയിലെ ഇസ്രഈല്‍ മിഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഈ റിപ്പോര്‍ട്ടുകള്‍ രാഷ്ട്രീയപ്രേരിതമാണെന്നും ഇസ്രഈല്‍ എന്ന രാജ്യത്തിന്റെ നിലനില്‍പ്പിനെ തന്നെ തുരങ്കം വയ്ക്കുന്ന അപകടകരമായ തീവ്രവാദ ആഖ്യാനങ്ങളാണ് അവര്‍ പ്രചരിപ്പിക്കുന്നതെന്നും അവര്‍ ആരോപിച്ചു
ഇവ കേവലം ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്നും മറിച്ച് ‘വ്യവസ്ഥാപിതമായ പീഡനമാണെന്നുമാണ് ഫലസ്തീന്‍ അംബാസഡര്‍ ഇബ്രാഹിം ഖറൈഷി പറഞ്ഞത്. കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കാന്‍ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഇസ്രഈലിന്റെ ഇത്തരം ക്രൂരതകള്‍ക്ക് മുന്നില്‍ നടപടിയെടുക്കാതിരിക്കുന്നത് നിഷ്പക്ഷതയല്ല, മറിച്ച് കുറ്റകൃത്യത്തില്‍ പങ്കുചേരലാണ് എന്നായിരുന്നു ദക്ഷിണാഫ്രിക്കയുടെ നിലപാട്.
ഫലസ്തീനികളെ അവരുടെ സ്വന്തം മണ്ണില്‍ നിന്ന് ഇല്ലാതാക്കാനാണ് ഇത്തരം പീഡനങ്ങള്‍ നടത്തുന്നതെന്ന് പാകിസ്ഥാനും ഈ കൂട്ടക്കൊലകള്‍ക്ക് ചില രാജ്യങ്ങള്‍ പണം നല്‍കുന്നത് വേദനാജനകവും നിന്ദ്യവുമാണെന്ന് വെനസ്വേലയും വിമര്‍ശിച്ചു.
Content Highlight: Francesca Albanese says the world has given Israel a license to torture Palestinians.