സെമിയിലെത്തുന്ന ആദ്യടീമായി ഫ്രാന്‍സ്; ഇനി ലാറ്റിന്‍ അമേരിക്കയില്‍ നിന്ന് ബ്രസീല്‍ മാത്രം
World cup 2018
സെമിയിലെത്തുന്ന ആദ്യടീമായി ഫ്രാന്‍സ്; ഇനി ലാറ്റിന്‍ അമേരിക്കയില്‍ നിന്ന് ബ്രസീല്‍ മാത്രം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 6th July 2018, 9:18 pm

ലോകകപ്പ് സെമിഫൈനലിലെത്തൂന്ന ആദ്യ ടീമായി ഫ്രാന്‍സ് മാറി. ലാറ്റിനമേരിക്കന്‍ ടീമായ ഉറുഗ്വേയെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ഫ്രാന്‍സ് സെമിഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചത്.

ഫ്രാന്‍സിന്റെ ആദ്യഗോള്‍ നേടിയത് റയല്‍ മാഡ്രിഡ് താരം റാഫേല്‍ വരാനെയാണ്. ആന്റോണിയോ ഗ്രീസ്മാന്റെ ഫ്രീകിക്ക് കൃത്യമായി വരാനെ വലയിലെത്തിച്ചു.

രണ്ടാമത്തെ ഗോള്‍ നേടിയതും ആന്റോണിയോ ഗ്രീസ്മാന്‍ തന്നെയാണ്. ഗ്രീസ്മാന്റെ ഷോട്ട് പ്രതിരോധിക്കുന്നതില്‍ ഉറുഗ്വേ കീപ്പര്‍ പരാജയപ്പെട്ടപ്പോള്‍ ഫ്രാന്‍സിന് രണ്ടാം ഗോള്‍ ലഭിച്ചു.

എഡിസണ്‍ കവാനി ഇല്ലാത്തത് ഉറുഗ്വേയുടെ ആക്രമണ നിരയില്‍ പ്രകടമായി നിഴലിച്ചു. കാര്യമായ മുന്നേറ്റങ്ങളൊന്നും നടത്താന്‍ ഉറുഗ്വേക്ക് സാധിച്ചില്ല. ബോക്‌സ് വരെ എത്തിയ പല മുന്നേറ്റങ്ങളും വിഫലമായി.

ഇതോടെ ലോകകപ്പില്‍ അവശേഷിക്കുന്ന ഏക ലാറ്റിനമേരിക്കന്‍ ടീം ബ്രസീല്‍ മാത്രമാണ്. ഇന്ന് രാത്രി ബെല്‍ജിയവുമായാണ് ബ്രസീലിന്റെ ക്വാര്‍ട്ടര്‍ മത്സരം. ജയിക്കുന്നവര്‍ സെമിയില്‍ ഫ്രാന്‍സിനെ നേരിടും.