പാരീസ്: ഫ്രാന്‍സില്‍ പ്രതിഷേധം തുടരുന്നതിനിടെ ഞായറാഴ്ച മാത്രം പാരീസില്‍ ഏകദേശം 350 പേരെ അറസ്റ്റ് ചെയ്തതായി അധികൃതര്‍ തിങ്കളാഴ്ച അറിയിച്ചു. പ്രക്ഷോഭങ്ങളുടെയും സംഘര്‍ഷങ്ങളുടെയും പേരില്‍ സമ്മര്‍ദത്തിലായ ഫ്രഞ്ച് കേന്ദ്ര സര്‍ക്കാര്‍, ചില പ്രാദേശിക ഭരണകൂടങ്ങളോട് കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ജീവിതച്ചെലവ് വര്‍ധിക്കുന്നതിനും വിദ്യാഭ്യാസ മേഖലയ്ക്കുള്ള ഫണ്ട് വെട്ടിക്കുറച്ചതിനും എതിരെ വാരാന്ത്യത്തില്‍ ലക്ഷക്കണക്കിന് ആളുകള്‍ ഫ്രാന്‍സിലെ വിവിധ നഗരങ്ങളില്‍ പ്രതിഷേധിച്ചു. പലയിടത്തും പ്രതിഷേധം പൊലീസുമായുള്ള ഏറ്റുമുട്ടലിലേക്കും, തീവെപ്പിലേക്കും, കൊള്ളയടിക്കലിലേക്കും വഴിമാറിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സ്‌കൂളുകളുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി ഫ്രാന്‍സില്‍ ആരംഭിച്ച വിദ്യാര്‍ഥി പ്രതിഷേധം വളരെപ്പെട്ടെന്ന് തന്നെ രാജ്യവ്യാപകമായി മാറുകയായിരുന്നു. ജീവിതച്ചെലവ് വര്‍ധിക്കുന്നതും സര്‍ക്കാര്‍ പ്രശ്നങ്ങള്‍ നേരിടാന്‍ ഒന്നും ചെയ്യാത്തതുമെല്ലാം ജനങ്ങള്‍ കൂട്ടത്തോടെ തെരുവിലിറങ്ങാന്‍ കാരണമായി.

ഈ പ്രക്ഷോഭം അസമത്വത്തിനും ജീവിതച്ചെലവ് വര്‍ധനവിനുമെതിരായ വലിയൊരു മുന്നേറ്റമായി മാറിയിരുന്നു. സര്‍ക്കാരിന്റെ 2027-ലെ ബജറ്റ് നിര്‍ദ്ദേശങ്ങള്‍ക്കും ചെലവ് ചുരുക്കല്‍ നടപടികള്‍ക്കുമെതിരെ തൊഴിലാളി യൂണിയനുകളും ഇതില്‍ പങ്കുചേര്‍ന്നു.

പ്രക്ഷോഭത്തെ തുടര്‍ന്ന് പാരീസില്‍ പൂര്‍ണ്ണമായ കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദേശം പ്രധാനമന്ത്രി സെബാസ്റ്റ്യന്‍ ലെകോര്‍നു തള്ളിക്കളഞ്ഞതായാണ് വിവരം.

അതേസമയം, രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന സാധ്യത ലെകോര്‍നു പൂര്‍ണ്ണമായും തള്ളിക്കളഞ്ഞില്ലെന്ന് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ ഭാഗികമായും പ്രാദേശികമായും കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നതാണ് ഉചിതമെന്ന് ലെകോര്‍നു പറഞ്ഞു. എന്നാല്‍ ഇതിനെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ അദ്ദേഹം നല്‍കിയില്ലെന്ന് റോയിറ്റേഴ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഞായറാഴ്ച പാരീസിലെ ‘പ്ലേസ് ഡി ലാ റിപ്പബ്ലിക്’ പരിസരത്ത് പ്രതിഷേധക്കാര്‍ പോലീസുമായി ഏറ്റുമുട്ടി. വാഹനങ്ങളും മാലിന്യത്തൊട്ടികളും കത്തിനശിച്ചു. കടകള്‍ കൊള്ളയടിക്കപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രക്ഷോഭകര്‍ക്ക് നേര്‍ക്ക് പോലീസ് കണ്ണീര്‍ വാതകവും ജലപീരങ്കികളും പ്രയോഗിച്ചു.

മാര്‍സെയില്‍, ലിയോണ്‍, ലില്ലെ, ബോര്‍ഡോ, ആഞ്ചേഴ്‌സ്, ലിമോഗെസ് എന്നിവിടങ്ങളിലും ഏറ്റുമുട്ടലുകള്‍ ഉണ്ടായി. ഇവിടെ പല വ്യാപാര സ്ഥാപനങ്ങള്‍ക്കും പൊതു കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ഫ്രാന്‍സിലേക്ക് യാത്ര ചെയ്യുന്ന പൗരന്മാര്‍ വലിയ ജനക്കൂട്ടങ്ങളെ ഒഴിവാക്കണമെന്നും ജാഗ്രത പാലിക്കണമെന്നും യൂറോപ്യന്‍ ഗവണ്‍മെന്റുകള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

രാജ്യത്താകെ 5,50,000 ആളുകള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തതായാണ് ഫ്രഞ്ച് നീതിന്യായ മന്ത്രി ജെറാള്‍ഡ് ഡാര്‍മാനന്‍ പറഞ്ഞത്. ഇതില്‍ 1,10,000 പേര്‍ പാരീസിലാണെന്നും അധികൃതര്‍ പറയുന്നു. ശനി, ഞായര്‍ ദിവസങ്ങളിലായി 855 പേരെ പാരീസില്‍ കസ്റ്റഡിയിലെടുത്തെന്നും ഡാര്‍മാനന്‍ പറഞ്ഞു.

എന്നാല്‍ ഏകദേശം 8,000,000 ആളുകള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തുവെന്ന് തൊഴിലാളി യൂണിയനുകളും വിദ്യാര്‍ത്ഥി സംഘടനകളും പറയുന്നു.

തിങ്കളാഴ്ചയോടെ സംഘര്‍ഷങ്ങളുടെ തീവ്രത കുറഞ്ഞെതായാണ് വിവരം. പാരീസിലെ ലൂവ്ര് മ്യൂസിയം വിദ്യാര്‍ത്ഥികളും യൂണിയന്‍ പ്രവര്‍ത്തകരും തിങ്കളാഴ്ച ഉപരോധിച്ചു. പൊലീസ് അടിച്ചമര്‍ത്തലില്‍ പ്രതിഷേധിച്ചാണ് ഈ നടപടിയെന്ന് പ്രക്ഷോഭകര്‍ പറഞ്ഞു. സുരക്ഷാ പരിശോധനകള്‍ മറികടന്ന് മ്യൂസിയത്തിലെ ഗ്ലാസ് പിരമിഡിന് പുറത്ത് പ്രതിഷേധക്കാര്‍ ഒത്തുകൂടിയതിനെത്തുടര്‍ന്ന് മ്യൂസിയം താല്‍ക്കാലികമായി അടച്ചു.

ഫ്രാന്‍സിലെ വിവിധ രാഷ്ട്രീയ പക്ഷങ്ങളിലുള്ളവര്‍ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് മാക്രോണിനെയും അദ്ദേഹത്തിന്റെ സര്‍ക്കാരിനെയും കുറ്റപ്പെടുത്തുന്നുണ്ട്. മാക്രോണ്‍ സര്‍ക്കാര്‍ പൊതുസേവനങ്ങളെ ദുര്‍ബലപ്പെടുത്തിയെന്നും ക്രമസമാധാനം നിലനിര്‍ത്തുന്നതില്‍ പരാജയപ്പെട്ടെന്നും അവര്‍ വിമര്‍ശിച്ചു.

2027-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പില്‍ മുന്നിലുള്ള മറൈന്‍ ലെ പെന്‍, മാക്രോണിനെ വിശ്വാസ്യതയോ അധികാരമോ ഇല്ലാത്ത പ്രസിഡന്റ് എന്ന് വിശേഷിപ്പിച്ചു. മാക്രോണ്‍ ഭരണകൂടം അവസാന നാളുകളിലൂടെ കടന്നുപോകുന്ന ഒരു സര്‍ക്കാര്‍ ആണെന്നും ലെ പെന്‍ പറഞ്ഞു.

മാക്രോണിന്റെ ഭരണകാലം വിനാശകരമായ പത്ത് വര്‍ഷങ്ങളാണെന്ന് ഇടതുപക്ഷ പാര്‍ട്ടിയായ ‘ഫ്രാന്‍സ് അണ്‍ബൗഡ്’ നേതാവായ ജീന്‍-ലൂക്ക് മെലഞ്ചോണ്‍ അഭിപ്രായപ്പെട്ടു. മാക്രോണ്‍ പൊതുസേവനങ്ങളെ ദുര്‍ബലപ്പെടുത്തിയെന്ന് ലെ പെന്‍ കുറ്റപ്പെടുത്തുകയും ചെയ്തു.

രാജ്യത്ത് സംഘര്‍ഷം തുടരുന്നതിനിടയിലും, തിങ്കളാഴ്ച മാക്രോണ്‍ വിദേശ സന്ദര്‍ശനത്തിനായി യാത്ര തിരിച്ചു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പശ്ചിമേഷ്യയിലേക്കാണ് യാത്ര തിരിച്ചത്. ഇന്ധനവില കുറയ്ക്കുന്നതിനായി കൂടുതല്‍ പെട്രോളും ഡീസലും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ അദ്ദേഹം കുവൈറ്റിലെത്തിയതായി റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: France protests live: Curfews imposed in parts of Paris, other cities