പാരീസ്: ഫ്രാന്‍സില്‍ ഈ വാരാന്ത്യത്തില്‍ നടക്കാനിരിക്കുന്ന പ്രതിഷേധങ്ങളെ നേരിടാന്‍ സൈനിക വിഭാഗങ്ങളെ വിന്യസിക്കുമെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയം. പ്രതിഷേധങ്ങളില്‍ പോലീസിനെ സഹായിക്കുന്നതിനായി സൈനിക വിഭാഗങ്ങളെ വിന്യസിക്കുമെന്ന് ആഭ്യന്തര മന്ത്രാലയ പ്രതിനിധി ലോറന്റ് നുനെസ് സ്ഥിരീകരിച്ചതായി ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.

സെന്റിനെല്‍ സേനയെ വിന്യസിക്കുമെന്ന് മന്ത്രി പറഞ്ഞു. ആഭ്യന്തര സുരക്ഷാ സേനകള്‍ക്ക് പകരമായിട്ടായിരിക്കും ഇവരെ നിയോഗിക്കുക. ക്രമസമാധാനം നിലനിര്‍ത്തുന്നതിനുള്ള ചുമതലകളില്‍ നിന്ന് പൊലീസിനെയും പൊലീസ് വിഭാഗമായ ജെന്‍ഡാര്‍മുകളെയും ഒഴിവാക്കി. അവര്‍ക്ക് മറ്റ് സുരക്ഷാ ദൗത്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അവസരമൊരുക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യമെന്ന് നുനെസ് നാഷണല്‍ അസംബ്ലിയില്‍ പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള അക്രമങ്ങളോ പ്രശ്‌നങ്ങളോ ഉണ്ടായാല്‍ അതിനോട് ‘ശക്തമായി’ പ്രതികരിക്കുമെന്നും നുനെസ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, രാജ്യത്ത് ആവശ്യമെങ്കില്‍ വിവിധ നഗരങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുമെന്ന് പ്രധാനമന്ത്രി സെബാസ്റ്റ്യന്‍ ലെകോര്‍നു അറിയിച്ചതായി ലി മോന്ദ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വാരാന്ത്യത്തില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങള്‍ അക്രമാസക്തമായ കലാപങ്ങളായി മാറിയ സാഹചര്യത്തിലാണ് ഈ നടപടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തിങ്കളാഴ്ച പാരീസിലും മറ്റ് ചില നഗരങ്ങളിലും ഭാഗികമായ കര്‍ഫ്യൂകള്‍ ഏര്‍പ്പെടുത്തുന്നതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ശക്തമായ പ്രക്ഷോഭം നടന്ന, പാരീസിലെ പ്ലേസ് ഡി ലാ റിപ്പബ്ലികിന് മുകളി ല്‍ സൈന്യത്തിന്റെ ഹെലികോപ്റ്റര്‍ നിരീക്ഷണ പറക്കല്‍ നടത്തി. കര്‍ഫ്യൂ പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതിനായി ശക്തമായ സെര്‍ച്ച് ലൈറ്റ് ഉപയോഗിച്ച് പ്രദേശം മുഴുവന്‍ പരിശോധിച്ചെന്നും ലി മോന്ദ് റിപ്പോര്‍ട്ടില്‍ പറയുന്നു.

പാരീസിന് പുറമെ ബോര്‍ഡോ, നൈസ് എന്നിവയുള്‍പ്പെടെയുള്ള പല നഗരങ്ങളിലും തിങ്കളാഴ്ച ഭാഗിക കര്‍ഫ്യൂകള്‍ ഏര്‍പ്പെടുത്തിയിരുന്നു. തെക്കന്‍ തുറമുഖ നഗരമായ മാര്‍സെയില്‍, പ്രായപൂര്‍ത്തിയാകാത്തവര്‍ക്കായി പ്രത്യേക കര്‍ഫ്യൂ ചൊവ്വാഴ്ച വൈകുന്നേരം മുതല്‍ വെള്ളിയാഴ്ച വരെ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായി വിഷയവുമായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, ഫ്രാന്‍സ് അടക്കമുള്ള രാജ്യങ്ങളില്‍ പ്രതിഷേധങ്ങള്‍ക്കിടയിലുണ്ടായ അക്രമങ്ങളെ അപലപിക്കുന്നതായി മനുഷ്യാവകാശ മേധാവി വോള്‍ക്കര്‍ ടര്‍ക്ക് പ്രതികരിച്ചു. അധികൃതര്‍ അമിത ബലപ്രയോ പ്രയോഗിക്കുന്നതില്‍ അദ്ദേഹം ആശങ്ക രേഖപ്പെടുത്തി. അല്‍ബേനിയ, ബെല്‍ജിയം, ഫ്രാന്‍സ്, ഇറ്റലി, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞ ആഴ്ച നടന്ന പ്രതിഷേധങ്ങള്‍ക്കിടയിലുണ്ടായ എല്ലാവിധ അക്രമങ്ങളെയും അപലപിക്കുന്നതായി അദ്ദേഹം പറഞ്ഞു. സംഘര്‍ഷം കുറയ്ക്കാനും കൂടുതല്‍ അക്രമങ്ങള്‍ തടയാനും അദ്ദേഹം എല്ലാ കക്ഷികളോടും ആവശ്യപ്പെട്ടു.

രാജ്യത്തെ വിവിധ നഗരങ്ങളില്‍ കലാപമുണ്ടാക്കിയവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ ആരംഭിച്ചുവെന്ന് ഫ്രഞ്ച് നീതിന്യായ മന്ത്രി ജെറാള്‍ഡ് ഡാര്‍മാനന്‍ പറഞ്ഞു. നിലവില്‍ 149 പേരെ തടങ്കലിലാക്കുകയോ ജയിലിലടയ്ക്കുകയോ ചെയ്തിട്ടുണ്ട്. ഏകദേശം 2,500 പേര്‍ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലുണ്ടെന്ന് തിങ്കളാഴ്ച വൈകുന്നേരം ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ജീവിതച്ചെലവ് വര്‍ധിക്കുന്നതിനും വിദ്യാഭ്യാസ മേഖലയ്ക്കുള്ള ഫണ്ട് വെട്ടിക്കുറച്ചതിനും എതിരെ വാരാന്ത്യത്തില്‍ ലക്ഷക്കണക്കിന് ആളുകള്‍ ഫ്രാന്‍സിലെ വിവിധ നഗരങ്ങളില്‍ കഴിഞ്ഞ വാരാന്ത്യത്തില്‍ പ്രതിഷേധിച്ചിരുന്നു. പലയിടത്തും പ്രതിഷേധം പൊലീസുമായുള്ള ഏറ്റുമുട്ടലിലേക്കും, തീവെപ്പിലേക്കും, കൊള്ളയടിക്കലിലേക്കും വഴിമാറിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സ്‌കൂളുകളുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി ഫ്രാന്‍സില്‍ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ആരംഭിച്ച വിദ്യാര്‍ഥി പ്രതിഷേധം വളരെപ്പെട്ടെന്ന് തന്നെ രാജ്യവ്യാപകമായി മാറുകയായിരുന്നു. ജീവിതച്ചെലവ് വര്‍ധിക്കുന്നതും സര്‍ക്കാര്‍ പ്രശ്‌നങ്ങള്‍ നേരിടാന്‍ ഒന്നും ചെയ്യാത്തതുമെല്ലാം ജനങ്ങള്‍ കൂട്ടത്തോടെ തെരുവിലിറങ്ങാന്‍ കാരണമായി.

ഈ പ്രക്ഷോഭം അസമത്വത്തിനും ജീവിതച്ചെലവ് വര്‍ധനവിനുമെതിരായ വലിയൊരു മുന്നേറ്റമായി മാറിയതായി വിലയിരുത്തപ്പെട്ടിരുന്നു. സര്‍ക്കാരിന്റെ 2027-ലെ ബജറ്റ് നിര്‍ദ്ദേശങ്ങള്‍ക്കും ചെലവ് ചുരുക്കല്‍ നടപടികള്‍ക്കുമെതിരെ തൊഴിലാളി യൂണിയനുകളും ഇതില്‍ പങ്കുചേര്‍ന്നു. ഫ്രാന്‍സില്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് പകരക്കാരനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പിന് ആറുമാസം മാത്രം ശേഷിക്കെയാണ് രാജ്യത്ത് വലിയ രീതിയിലുള്ള പ്രക്ഷോഭങ്ങളുണ്ടാവുന്നത്.

Content Highlight: France Protest: Government Will Deploy Paramilitary