അന്ന് സ്വീകരിച്ചവർ ഇന്ന് പുറത്താക്കുന്നു; മനുഷ്യാവകാശ പ്രവർത്തകൻ റാമി ഷാത്തിനെ നാടുകടത്താനൊരുങ്ങി ഫ്രാൻസ്
World
അന്ന് സ്വീകരിച്ചവർ ഇന്ന് പുറത്താക്കുന്നു; മനുഷ്യാവകാശ പ്രവർത്തകൻ റാമി ഷാത്തിനെ നാടുകടത്താനൊരുങ്ങി ഫ്രാൻസ്
മുഹമ്മദ് നബീല്‍
Wednesday, 20th May 2026, 10:05 am

പാരീസ്: ഗസയിലെ ഇസ്രഈൽ വംശ ഹത്യക്കെതിരെ ശക്തമായ നിലപടുകൾ സ്വീകരിച്ച ഈജിപ്ഷ്യൻ – ഫലസ്തീനിയൻ ആക്ടിവിസ്റ്റായ റാമി ഷാത്തിനെ നാടുകടത്താനൊരുങ്ങി ഫ്രാൻസ്.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ഇടപെടലുകളെയും സമ്മർദ്ദങ്ങളെയും തുടർന്ന് 2022 ജനുവരിയിലാണ് ഈജിപ്തിലെ തടങ്കലിൽ നിന്ന് മനുഷ്യാവകാശ പ്രവർത്തകനായ റാമി ഷാത്ത് മോചിക്കപെട്ടത്.

2011 ലെ അറബ് വസന്തത്തിൽ സുപ്രധാന പങ്കുവഹിച്ച ഇദ്ദേഹത്തെ രാജ്യത്തെ നിയമങ്ങൾക്കുനേരെ ഭീഷണി ഉണർത്തുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നാടുകടത്തുന്നത്.

മെയ് 21 ന് അദ്ദേഹം നാടുകടത്താൻ സർക്കാർ രൂപീകരിച്ച കമ്മിറ്റിക്ക് മുൻപാകെ ഹാജരാകണമെന്നും. അതിനുശേഷം എപ്പോൾ വേണമെങ്കിലും നാടുകടത്താൻ കഴിയുന്ന വിധം ഉത്തരവ് പുറപ്പെടുവിക്കുമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകയായ ദാമിയ താഹറൗയി വ്യക്തമാക്കി.

വെടിനിർത്തൽ, വംശഹത്യ അവസാനിപ്പിക്കൽ, ഉപരോധങ്ങൾ, ആയുധ നിരോധനം, അന്താരാഷ്ട്ര നടപടികൾ എന്നിവ ആവശ്യപ്പെട്ട് താൻ ഇസ്രഈലിനെതിരെ നിരവധി പ്രതിഷേധങ്ങൾ സംഘടിപ്പിച്ചതായി അന്താരാഷ്ട്ര ന്യൂസ് ഏജൻസിയായ എ.എഫ്.പിയോട് റാമി ഷാത്ത് പറഞ്ഞു.

‘ഒരു രാഷ്ട്രീയ തടവുകാരനായ എന്നെ ഈജിപ്ഷ്യൻ ജയിലുകളിൽ നിന്ന് മോചിപ്പിക്കാൻ ഫ്രാൻസ് ഇടപെട്ട കാലം മുതൽ ഇന്നുവരെ എന്റെ നിലപാടുകളിൽ ഒരു മാറ്റവും വന്നിട്ടില്ല, എന്നാൽ ഇന്ന് അവർ എന്നെ നിശബ്ദനാക്കാൻ ആഗ്രഹിക്കുന്നു,’ അദ്ദേഹം പറഞ്ഞു.

ഇപ്പോൾ പൗരത്വമില്ലാത്തതിനാൽ അദ്ദേഹത്തെ ഈജിപ്തിലേക്ക് നാടുകടത്താൻ കഴിയില്ലെന്നും, നിലവിലുള്ള യുദ്ധം കാരണം ഫലസ്തീനിലേക്കും അയക്കാൻ സാധിക്കില്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞു.

ഷാത്തിനെ നാടുകടത്താനുള്ള നീക്കത്തിനെതിരെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പിന്തുണയ്ക്കുന്നവരും പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

ഈജിപ്തിൽ രാഷ്ട്രീയ തടവുകാരനായിരുന്ന അദ്ദേഹത്തെ മോചിപ്പിച്ച രാജ്യംതന്നെയാണ് രാജ്യത്തിന്റെ നിയമങ്ങൾക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹത്തെ നാടുകടത്തുന്നതെന്ന് പ്രതിഷേധ കൂട്ടായ്‌മ പറഞ്ഞു.

Content Highlight: France prepares to deport Palestinian human rights activist Rami Shaath

മുഹമ്മദ് നബീല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം