എതിരാളികളെ വിറപ്പിച്ച ഗോള്‍ മഴ; പുതിയ ചരിത്രമെഴുതി ഫ്രഞ്ച് പട
FIFA World Cup 2026
എതിരാളികളെ വിറപ്പിച്ച ഗോള്‍ മഴ; പുതിയ ചരിത്രമെഴുതി ഫ്രഞ്ച് പട
സുദേവ് എ
Wednesday, 1st July 2026, 10:59 am

2026 ഫിഫ ലോകകപ്പില്‍ സ്വീഡനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് വീഴ്ത്തി ഫ്രാന്‍സ് പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറിയിരിക്കുകയാണ്. ന്യൂയോര്‍ക്കിലെ ന്യൂ ജേഴ്‌സി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നായകന്‍ കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോളിന്റെ കരുത്തിലാണ് ഫ്രാന്‍സ് വിജയിച്ചുകയറിയത്.

മത്സരത്തിന്റെ 45ാം മിനിട്ടിലാണ് എംബാപ്പെ ആദ്യ ഗോള്‍ നേടിയത്. പിന്നീട് 74ാം മിനിട്ടില്‍ എംബാപ്പെ രണ്ടാം ഗോളും സ്വന്തമാക്കി. എംബാപ്പെക്ക് പുറമെ ബാര്‍ഡ്ലി ബാര്‍ക്കോളയുടെ ഗോളും ഫ്രാന്‍സിന് ആധികാരിക വിജയം സമ്മാനിക്കുന്നതില്‍ നിര്‍ണായകമായി.

ഈ മത്സരത്തിലും എതിരാളികളുടെ വലയില്‍ ഗോള്‍ മഴ പെയ്യിച്ചതോടെ ലോകകപ്പില്‍ മറ്റൊരു ടീമിനും അവകാശപ്പെടാനാവാത്ത റെക്കോഡിലേക്കാണ് ഫ്രഞ്ച് പട നടന്നുകയറിയത്. ലോകകപ്പില്‍ തുടര്‍ച്ചയായി അഞ്ച് മത്സരങ്ങളില്‍ മൂന്നോ അതിലധികമോ ഗോളുകള്‍ നേടുന്ന ചരിത്രത്തിലെ ആദ്യ ടീമായാണ് ഫ്രാന്‍സ് മാറിയത്.

2022 ഖത്തര്‍ ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനക്കെതിരെ തുടങ്ങിയ ഫ്രാന്‍സിന്റെ മൂന്ന് ഗോളുകളുടെ വേട്ട ഇന്ന് സ്വീഡനിലാണ് എത്തിനില്‍ക്കുന്നത്. ഈ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളിലും എതിരാളികളെ ഗോള്‍ മഴയില്‍ മുക്കിയാണ് ഫ്രാന്‍സ് റൗണ്ട് ഓഫ് 32ലേക്ക് കുതിച്ചത്.

ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ സെനഗലിനെതിരെ 3-1ന്റെ തകര്‍പ്പന്‍ വിജയമാണ് ഫ്രാന്‍സ് സ്വന്തമാക്കിയത്. രണ്ടാം മത്സരത്തില്‍ ഇറാഖിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കും ഫ്രാന്‍സ് പരാജയപ്പെടുത്തി.

നോര്‍വേയ്ക്കെതിരായ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കും എംബാപ്പെയും സംഘവും വിജയിച്ചു. ഇപ്പോള്‍ റൗണ്ട് ഓഫ് 32ല്‍ സ്വീഡനെതിരെയും മൂന്ന് ഗോളുകളുടെ വിജയം കൈവരിച്ചതോടെയാണ് ഫ്രാന്‍സിനെ തേടി ഈ ചരിത്ര നേട്ടമെത്തിയത്. ഇതുവരെ 13 ഗോളുകളാണ് ടീം നേടിയിട്ടുള്ളത്. വെറും രണ്ട് ഗോളുകള്‍ മാത്രം വഴങ്ങിയാണ് ഫ്രാന്‍സിന്റെ തേരോട്ടം.

അതേസമയം ക്വാര്‍ട്ടര്‍ ഫൈനലില്‍ ജൂലൈ നാലിനാണ് ഫ്രാന്‍സ് കളത്തിലിറങ്ങുന്നത്. നാല് തവണ ലോക ചാമ്പ്യന്മാരായ ജര്‍മനിയെ അട്ടിമറിച്ചെത്തുന്ന പരാഗ്വയാണ് എംബാപ്പെയുടെയും സംഘത്തിന്റെയും എതിരാളികള്‍.

 

Content Highlight: France football team create a new historical record in world cup

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.