ലോകകപ്പിൽ തോറ്റതിന് ആരാന്റെ നെഞ്ചത്ത് കണക്ക് തീർത്ത് ഫ്രാൻസ്; എംബാപ്പെക്ക് ഇരട്ട ഗോൾ
football news
ലോകകപ്പിൽ തോറ്റതിന് ആരാന്റെ നെഞ്ചത്ത് കണക്ക് തീർത്ത് ഫ്രാൻസ്; എംബാപ്പെക്ക് ഇരട്ട ഗോൾ
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 25th March 2023, 8:12 am

2024ലെ യൂറോ കപ്പ് ക്വാളിഫയറിലെ ആവേശകരമായ മത്സരത്തിൽ നെതർലാൻഡ്സിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് കശക്കിയെറിഞ്ഞിരിക്കുകയാണ് ഫ്രാൻസ്. ലോകകപ്പ് ഫൈനലിന് ശേഷം ഫ്രഞ്ച് ടീം ആദ്യമായി ദേശീയ ജേഴ്സിയിലിറങ്ങിയ മത്സരത്തിലായിരുന്നു ഈ വമ്പൻ വിജയം.

അന്റോണിയോ ഗ്രീസ്മാൻ, ഉപമെൻകാനോ, കിലിയൻ എംബാപ്പെ എന്നീ താരങ്ങളാണ് ഫ്രാൻസിനായി ഗോളുകൾ സ്വന്തമാക്കിയത്.

മത്സരത്തിൽ ബോൾ പൊസഷനിലും ഓൺ ടാർഗറ്റ് ഷോട്ടുകളുടെയുമൊന്നുമെണ്ണത്തിൽ ഇരു ടീമുകളും തമ്മിൽ വലിയ വ്യത്യാസങ്ങൾ ഇല്ലാതിരുന്നെങ്കിലും കിട്ടിയ അവസരങ്ങൾ ഗോളാക്കി കൺവേർട്ട് ചെയ്യാൻ സാധിക്കാതിരുന്നതോടെയാണ് മുൻ ലോക ചാമ്പ്യൻമാർക്കെതിരെ ഡച്ച് ടീമിന് അടിപതറിയത്.

മത്സരത്തിൽ ഇരട്ട ഗോളുകളാണ് ഫ്രഞ്ച് യുവതാരം കിലിയൻ എംബാപ്പെ സ്വന്തമാക്കിയത്. മത്സരത്തിന്റെ 21, 88 മിനിട്ടുകളിലായിരുന്നു എംബാപ്പെയുടെ രണ്ട് ഗോളുകൾ. ഇതോടെ ഗ്രീസ്, അയർലണ്ട് മുതലായ ടീമുകൾ ഉൾപ്പെടുന്ന ഗ്രൂപ്പ്‌ ബിയിൽ ഫ്രാൻസിന് നിർണായകമായ മൂന്ന് പോയിന്റുകൾ സ്വന്തമാക്കാൻ സാധിച്ചു.

മാർച്ച് 28ന് അയർലണ്ടിനെതിരെയാണ് ഫ്രഞ്ച് ടീമിന്റെ അടുത്ത ക്വാളിഫയർ പോരാട്ടം. നിലവിൽ ഗ്രൂപ്പ്‌ ബിയിൽ ഒന്നാം സ്ഥാനത്താണ് ഫ്രഞ്ച് ടീമിന്റെ സ്ഥാനം.

അതേസമയം ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ തകർത്തെറിഞ്ഞ് തങ്ങളുടെ മൂന്നാം ലോക കിരീടത്തിൽ മുത്തമിട്ട അർജന്റീന വെള്ളിയാഴ്ച നടന്ന സൗഹൃദ മത്സരത്തിൽ പനാമയെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തിയിരുന്നു.

മെസി കരിയറിൽ 800 ഗോൾ തികച്ച മത്സരത്തിൽ തിയാഗോ അൽമാഡയാണ് അർജന്റീനയുടെ ആദ്യ ഗോൾ സ്വന്തമാക്കിയത്.

മാർച്ച് 28ന് കുറക്കാവോക്കെതിരെയാണ് ടീമിന്റെ അടുത്ത മത്സരം.

Content Highlights:france beat Netherlands in euro cup qualifiers