മരണശേഷവും സ്റ്റാന്‍സ്വാമിക്ക് തേജോവധം എന്ന ശിക്ഷ; നീതി നിഷേധത്തിനെതിരെ കത്തോലിക്ക സഭ
Kerala
മരണശേഷവും സ്റ്റാന്‍സ്വാമിക്ക് തേജോവധം എന്ന ശിക്ഷ; നീതി നിഷേധത്തിനെതിരെ കത്തോലിക്ക സഭ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 5th October 2025, 11:02 am

തൃശൂര്‍: മരണശേഷവും കുറ്റവിമുക്തനാക്കാതെ ഫാ.സ്റ്റാന്‍സ്വാമിയെ കേന്ദ്രസര്‍ക്കാര്‍ തേജോവധം ചെയ്യുകയാണെന്ന് വിമര്‍ശിച്ച് കത്തോലിക്കസഭ. കേന്ദ്രസര്‍ക്കാരിനും അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എയ്ക്കും മഹാരാഷ്ട്ര സര്‍ക്കാരിനുമെതിരെയാണ് ഇരിങ്ങാലക്കുട അതിരൂപതയുടെ മുഖപത്രമായ ‘കേരള സഭ’യിലെ രൂക്ഷമായ വിമര്‍ശനം.

സ്റ്റാന്‍സ്വാമിയുടെ മരണം സംഭവിച്ച് അഞ്ച് വര്‍ഷം പിന്നിട്ടിട്ടും അദ്ദേഹം പ്രതിപ്പട്ടികയില്‍ തുടരുകയാണ്. ഇത് തേജോവധം എന്ന ശിക്ഷ നല്‍കുന്നതിന് തുല്യമാണെന്ന് കേരള സഭയിലെ ലേഖനത്തില്‍ പറയുന്നു.

നീതി നിഷേധം തുടരും എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തിലാണ് അഞ്ചുവര്‍ഷം ആകാറായിട്ടും അദ്ദേഹത്തെ കേസില്‍ നിന്നും ഒഴിവാക്കുകയോ വിചാരണ നടപടി ആരംഭിക്കുകയോ ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാണിക്കുന്നത്.

സ്റ്റാന്‍സ്വാമിയെ അറസ്റ്റ് ചെയ്ത് പത്ത് മാസത്തോളം കുറ്റപത്രം പോലും സമര്‍പ്പിക്കാതെ ജയിലിട്ട് ശിക്ഷിച്ചെന്നും മരണം കഴിഞ്ഞ് അഞ്ചുവര്‍ഷമായിട്ടും കുറ്റാന്വേഷണ ഏജന്‍സിക്ക് മുന്നിലും എന്‍.ഐ.എയ്ക്ക് മുന്നിലും അദ്ദേഹം പ്രതിയാണെന്നും കത്തോലിക്ക സഭ വിമര്‍ശിക്കുന്നു.

തെളിവുണ്ടെങ്കില്‍ എന്തുകൊണ്ട് വിചാരണ നീട്ടുന്നുവെന്നും ലേഖനത്തില്‍ ചോദ്യം ചെയ്യുന്നു. സ്റ്റാന്‍ സ്വാമിക്ക് ഒപ്പം ഇതേ കേസില്‍ അറസ്റ്റിലായ 15 പേരില്‍ ജാമ്യം ലഭിച്ച ഏഴുപേര്‍ ഒഴികെയുള്ളവര്‍ ഇപ്പോഴും ജയിലിലാണെന്നും ലേഖനത്തില്‍ പറയുന്നുണ്ട്.

പൂണെ ഭീമ കൊറേഗാവ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടാണ് ജസ്യൂട്ട് വൈദികനായ സ്റ്റാന്‍ സ്വാമിയെ എന്‍.ഐ.എ അറസ്റ്റ് ചെയ്തത്. ജാര്‍ഖണ്ഡിലെ ആശ്രമത്തില്‍ കഴിയുകയായിരുന്നു ഈ കാലത്ത് സ്റ്റാന്‍സ്വാമി.

കോവിഡ് കാലത്ത് 84കാരനായ സ്റ്റാന്‍സ്വാമിക്ക് മതിയായ ചികിത്സപോലും നല്‍കാതെ മഹാരാഷ്ട്രയിലെ തലോജ ജയിലില്‍ താമസിപ്പിച്ചതിനെതിരെ കോടതിയില്‍ ചോദ്യം ചെയ്തിരുന്നെങ്കിലും ജാമ്യം ലഭിച്ചിരുന്നില്ല.

പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായി ഗുരുതരാവസ്ഥയിലായിരുന്ന സ്റ്റാന്‍സ്വാമിക്ക് ദ്രാവകരൂപത്തില്‍ ഭക്ഷണം കഴിക്കാനാവശ്യമായ സിപ്പര്‍ പോലും നല്‍കാതെ ക്രൂരമായാണ് അന്വേഷണസംഘവും സര്‍ക്കാരും പെരുമാറിയത്.

ഇതിനിടെ കോവിഡ് ബാധിച്ച സ്റ്റാന്‍സ്വാമിക്ക് ചികിത്സ നല്‍കാത്തത് ആരോഗ്യനിലയെ വീണ്ടും വഷളാക്കി. കോടതിയില്‍ 15 ദിവസം നീണ്ട വാദപ്രതിവാദങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹത്തെ ബാന്ദ്രയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ അധികൃതര്‍ തയ്യാറായത്.

ആശുപത്രിയില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്നതിനിടെയായിരുന്നു 2021 ജൂലൈ അഞ്ചിന് മരണം സംഭവിച്ചത്. ഇത് കസ്റ്റഡി കൊലപാതകമെന്നാണ് അന്ന് മനുഷ്യാവകാശ സംഘടനകള്‍ വിമര്‍ശിച്ചത്.

Content Highlight: Even after his death, Fr. Stanswamy was sentenced to killing; Catholic Church against denial of justice