കന്യാസ്ത്രീ മഠത്തില്‍ കടന്ന് പീഡനം; നാല് യുവാക്കള്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍
Kerala News
കന്യാസ്ത്രീ മഠത്തില്‍ കടന്ന് പീഡനം; നാല് യുവാക്കള്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 26th August 2022, 10:48 am

തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളത്തെ കന്യാസ്ത്രീ മഠത്തില്‍ പീഡനം. കന്യാസ്ത്രീ മഠത്തില്‍ താമസിച്ച് പഠിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളാണ് പീഡനത്തിനിരയായത്. മദ്യം നല്‍കിയ ശേഷം പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്നാണ് വിവരം. പ്രതികളായ നാല് യുവാക്കളെയും കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തു.

വലിയതുറ സ്വദേശികളായ മെഴ്സണ്‍, രഞ്ജിത്ത്, അരുണ്‍ എന്നിവരാണ് കസ്റ്റഡിയില്‍ ഉള്ളത്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

അറസ്റ്റിലായ നാല് പേരും പെണ്‍കുട്ടികളുടെ സുഹൃത്തുക്കളാണ്. രാത്രി മഠത്തില്‍ നിന്ന് മടങ്ങുന്നതിനിടെയാണ് യുവാക്കള്‍ പിടിയിലായത്. ഇവര്‍ക്കെതിരെ പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു.

കന്യാസ്ത്രീ മഠത്തിന്റെ മതില്‍ ചാടിയെത്തിയ യുവാക്കള്‍ പട്രോളിങ് നടത്തുകയായിരുന്ന പൊലീസിന്റെ മുന്നില്‍ പെടുകയായിരുന്നു. പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്.

മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് മഠത്തിലെത്തിയ മൂന്ന് പെണ്‍കുട്ടികളില്‍ ഒരാളുടെ സുഹൃത്താണ് ആദ്യം മഠത്തില്‍ എത്തിയത്. പിന്നീട് ഇയാള്‍ സുഹൃത്തുക്കളെയും കൂട്ടി വീണ്ടും എത്തുകയായിരുന്നു.

മദ്യം നല്‍കിയ ശേഷം പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടികളുടെ പരാതി. ഇതിന്റെ അടിസ്ഥാനത്തിലാണ് മഠത്തിലെത്തിയ മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്.

നേരത്തെയും പീഡനത്തിനിരയായിട്ടുണ്ടെന്ന മൂന്ന് പെണ്‍കുട്ടികളിലൊരാളുടെ പരാതിയില്‍ മറ്റൊരാളെ കൂടി കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. കസ്റ്റഡിയിലുള്ളവര്‍ക്ക് മറ്റു ചിലരുടെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് കരുതുന്നത്.

Content Highlight: Four Youth Arrested in POCSO case at Thiruvananthapuram