സഞ്ജുവടക്കം നാല് ഇന്ത്യക്കാര്‍, ഫൈനല്‍ കളിച്ച കിവികളില്‍ ഒരൊറ്റയാളുമില്ല; ഐ.സി.സിയുടെ ലോകകപ്പ് ടീമിങ്ങനെ
Cricket
സഞ്ജുവടക്കം നാല് ഇന്ത്യക്കാര്‍, ഫൈനല്‍ കളിച്ച കിവികളില്‍ ഒരൊറ്റയാളുമില്ല; ഐ.സി.സിയുടെ ലോകകപ്പ് ടീമിങ്ങനെ
ഫസീഹ പി.സി.
Monday, 9th March 2026, 10:43 pm

2026 ടി – 20 ലോകകപ്പിന് കഴിഞ്ഞ ദിവസമാണ് തിരശീല വീണത്. ഫൈനലില്‍ ന്യൂസിലാന്‍ഡിനെ തകര്‍ത്ത് ഇന്ത്യ കിരീടം നിലനിര്‍ത്തി മൂന്നാം കിരീടം സ്വന്തമാക്കുകയായിരുന്നു. സ്വന്തം മണ്ണില്‍ നടന്ന ടൂര്‍ണമെന്റില്‍ 96 റണ്‍സിന്റെ വിജയം നേടിയാണ് നീലപ്പട ചരിത്രം സൃഷ്ടിച്ചത്.

ഇന്ത്യൻ ടീം. Photo: BCCI/x.com

ഇപ്പോള്‍ 2026 ടി – 20 ലോകകപ്പിന്റെ ടൂര്‍ണമെന്റിന്റെ ടീമിനെ ഐ.സി.സി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ത്യയില്‍ ടീമില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ താരങ്ങളുള്ളത്. മലയാളികളുടെ സ്വന്തം സഞ്ജു സാംസണടക്കം നാല് ഇന്ത്യന്‍ താരങ്ങള്‍ ഇടം പിടിച്ചിട്ടുണ്ട്. അതേസമയം, ടൂര്‍ണമെന്റിന്റെ റണ്ണേഴ്സ് അപ്പായ ന്യൂസിലാന്‍ഡില്‍ നിന്ന് ഒരു താരത്തിന് പോലും ടീമില്‍ ഇടം നേടാന്‍ സാധിച്ചില്ല.

സൗത്ത് ആഫ്രിക്കയില്‍ നിന്നും ഇംഗ്ലണ്ടില്‍ നിന്നും രണ്ട് താരങ്ങള്‍ ടീമിലെത്തി. പാകിസ്ഥാന്‍, വെസ്റ്റ് ഇന്‍ഡീസ്, സിംബാബ്‌വേ, യു.എസ്.എ എന്നിവരില്‍ നിന്ന് ഓരോ താരങ്ങള്‍ വീതവും ടീമില്‍ ഇടം പിടിച്ചു.

 ഏയ്ഡന്‍ മാര്‍ക്രം. Photo: Cricktracker/x.com

സൗത്ത് ആഫ്രിക്കന്‍ നായകന്‍ ഏയ്ഡന്‍ മാര്‍ക്രമാണ് ലോകകപ്പ് ടീമിന്റെ ക്യാപ്റ്റന്‍. പ്രോട്ടിയാസിനെ അപരാജിതരായി സെമി ഫൈനല്‍ വരെ എത്തിച്ചത് മികവാണ് മാര്‍ക്രമിന് ക്യാപ്റ്റന്‍ സ്ഥാനം സമ്മാനിച്ചത്.

ഓപ്പണര്‍മാരായി പാകിസ്ഥാന്‍ താരം സാഹിബ്സാദ ഫര്‍ഹാനും മലയാളി താരം സഞ്ജു സാംസണുമാണുള്ളത്. സഞ്ജു തന്നെയാണ് ടീമിലെ വിക്കറ്റ് കീപ്പറും. ടൂര്‍ണമെന്റില്‍ രണ്ട് സെഞ്ച്വറികളടക്കം അടിച്ച ഫര്‍ഹാന്‍ റണ്‍വേട്ടയില്‍ ഒന്നാമതാണ്. താരത്തിന് ആറ് ഇന്നിങ്‌സില്‍ നിന്ന് 383 റണ്‍സുണ്ട്. ഈ മികവാണ് താരത്തിനെ ടീമിലെത്തിച്ചത്.

ലോകകപ്പ് പ്ലെയർ ഓഫ് ദി ടൂർണമെന്റ് അവാർഡുമായി സഞ്ജു സാംസൺ. Photo: BCCI/x.com

സഞ്ജുവാകട്ടെ അവസാന മൂന്ന് മത്സരങ്ങളില്‍ നടത്തിയ വെടിക്കെട്ട് പ്രകടനത്തിന്റെ ബലത്തിലാണ് ഓപ്പണര്‍ സ്ഥാനം സ്വന്തമാക്കിയത്. താരം അഞ്ച് ഇന്നിങ്‌സില്‍ നിന്ന് മൂന്ന് അര്‍ധ സെഞ്ച്വറിയടക്കം 321 റണ്‍സെടുത്തിരുന്നു. ഒപ്പം പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റും സ്വന്തമാക്കിയിരുന്നു.

ഇഷാന്‍ കിഷന്‍. Photo: BCCI/x.com

വണ്‍ ഡൗണായി ഇന്ത്യയുടെ മൂന്നാം നമ്പറുകാരനായ ഇഷാന്‍ കിഷനാണ്. ലോകകപ്പില്‍ മികച്ച പ്രകടനം നടത്തിയ താരത്തിന് 317 റണ്‍സുണ്ട്. നാലാമതായി മാര്‍ക്രമെത്തുമ്പോള്‍ അഞ്ചാമന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയാണ്.

ഇംഗ്ലണ്ട് താരം വില്‍ ജാക്സും ജേസണ്‍ ഹോള്‍ഡറുമാണ് ടീമിലെ മറ്റ് ഓള്‍ റൗണ്ടര്‍മാര്‍. ഫാസ്റ്റ് ബൗളറായി ജസ്പ്രീത് ബുംറയുണ്ട്. താരം ടൂര്‍ണമെന്റില്‍ 14 വിക്കറ്റുകള്‍ വീഴ്ത്തി വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമതായിരുന്നു.

ജസ്പ്രീത് ബുംറ. Photo: BCCI/x.com

പ്രോട്ടിയാസ് താരം ലുങ്കി എന്‍ഗിഡി, ഇംഗ്ലണ്ട് സ്പിന്നര്‍ ആദില്‍ റഷീദ്, സിംബാബ്‌വേ ബൗളര്‍ ബ്ലെസിങ് മുസരബാനി എന്നിവരാണ് അടുത്ത സ്ഥാനങ്ങളില്‍ വരുന്നത്. ടീമിലെ 12ാമനായി യു.എസ്.എ ബൗളര്‍ ഷാഡ്ലി വാന്‍ ഷാല്‍ക്വിക്കും ടീമിലെത്തി.

ഐ.സി.സിയുടെ ടീം ഓഫ് ടൂര്‍ണമെന്റ്

സാഹിബ്സാദ ഫര്‍ഹാന്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, ഏയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ഹര്‍ദിക് പാണ്ഡ്യ, വില്‍ ജാക്സ്, ജേസണ്‍ ഹോള്‍ഡര്‍, ജസ്പ്രീത് ബുംറ, ലുങ്കി എന്‍ഗിഡി, ആദില്‍ റഷീദ്, ബ്ലെസിങ് മുസരബാനി, ഷാഡ്ലി വാന്‍ ഷാല്‍ക്വിക്ക്

 

Content Highlight: Four Indian players including Sanju Samson are in ICC team of tournament of T2o World Cup 2026 while no single player from New Zealand

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി