മലയാളികൾക്ക് ഇഷ്ടപ്പെട്ട സംവിധായകരിലൊരാളാണ് ജീത്തു ജോസഫ്. ഒരുപിടി മികച്ച ചിത്രങ്ങൾ അദ്ദേഹം മലയാളിസിനിമാപ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട്. ഇപ്പോൾ ഈ വർഷം നാല് സിനിമകളുടെ സംവിധാനമാണ് ഏറ്റെടുത്തതെന്ന് പറയുകയാണ് അദ്ദേഹം. മാതൃഭൂമി വാരാന്ത്യപ്പതിപ്പിനോട് സംസാരിക്കുകയാണ് ജീത്തു.
2025ൽ നാല് സിനിമകളുടെ സംവിധാനമാണ് ഏറ്റെടുത്തതെന്നും 2024ൽ സംവിധാനം ചെയ്യാൻ ഉദ്ദേശിച്ച സിനിമകൾ ഈ വർഷത്തിലേക്ക് കടന്നുവന്നെന്നും ജീത്തു പറയുന്നു. ഒരുവർഷം നാലു സിനിമകൾ സംവിധാനം ചെയ്യുമ്പോൾ പലതരത്തിലുള്ള സമ്മർദങ്ങളുണ്ടാകുമെന്നും എന്നാൽ അതിഷ്ടപ്പെട്ട് ചെയ്യുന്ന സിനിമയായതുകൊണ്ട് അതൊന്നും തന്നെ ബാധിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരും വർഷങ്ങളിൽ കൃത്യമായ ഇടവേളകളെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘2025ൽ നാല് സിനിമകളുടെ സംവിധാനമാണ് ഏറ്റെടുത്തത്, അതങ്ങനെ സംഭവിച്ചതാണ്. കഴിഞ്ഞവർഷം പ്രദർശനത്തിനെത്തിയ നുണക്കുഴി അതിന് മുൻവർഷത്തിൽ ചിത്രീകരണം പൂർത്തിയാക്കിയതാണ്. 2024ൽ സിനിമകളൊന്നും ഷൂട്ട് ചെയ്തിട്ടില്ല, മോഹൻലാൽ നായകനാകുന്ന റാം സിനിമയുടെ കാര്യങ്ങളിലകപ്പെട്ട് തിരക്കിലായിരുന്നു. അതുകൊണ്ടുതന്നെ 2024ൽ സംവിധാനം ചെയ്യാൻ ഉദ്ദേശിച്ച സിനിമകളും ഈ വർഷത്തേക്ക് കയറി വന്നു. നിർമാതാക്കൾ നമുക്ക് വേണ്ടി കാത്തിരിക്കുകയാണ് അതുകൊണ്ടുതന്നെ അവരെ പ്രയാസത്തിലാക്കാൻ പറ്റില്ല.
മിറാഷാണ് പ്രദർശനത്തിന് ഒരുങ്ങിനിൽക്കുന്ന സിനിമ. ബിജു മേനോനും ജോജു ജോർജും അഭിനയിക്കുന്ന വലതുവശത്തെ കള്ളൻ ത്രില്ലർ സിനിമയാണ്. ദൃശ്യം3 സെപ്റ്റംബറിൽ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. തിരക്കഥ പൂർത്തിയാക്കിയ ഫഹദ് ഫാസിൽ സിനിമയുടെ ചിത്രീകരണം 2025 ഡിസംബറിൽ തുടങ്ങും. യഥാർഥ സംഭവം മുൻ നിർത്തിയുള്ള സിനിമയാണിത്. സിനിമക്ക് നൽകാനായി ചില പേരുകൾ മനസിലുണ്ടെങ്കിലും ഒന്നും ഉറപ്പിച്ചിട്ടില്ല. നേര് സിനിമയിൽ എനിക്കൊപ്പമുണ്ടായിരുന്ന അഡ്വ. ശാന്തി മായാദേവിയുടേതാണ് രചന. എഴുത്തുജോലികളെല്ലാം ആറേഴുമാസം മുമ്പ് പൂർത്തിയാക്കിക്കഴിഞ്ഞു. ത്രില്ലർ ഗണത്തിൽപ്പെടുത്താവുന്ന ലീഗൽ ഡ്രാമയാണ് ചിത്രം.
ഒരുവർഷം നാലു സിനിമകൾ സംവിധാനം ചെയ്യുമ്പോൾ സ്വാഭാവികമായും അതിന്റേതായ തിരക്കുകളും പലതരത്തിലുള്ള സമ്മർദങ്ങളുമുണ്ടാകും. പക്ഷേ, സിനിമ ചെയ്യുക എന്നത് അത്രയേറെ ഇഷ്ടപ്പെട്ടും ആഗ്രഹത്തോടെയും ചെയ്യുന്ന ജോലിയായതിനാൽ അതൊന്നും ബാധിക്കുന്നില്ല. വരും വർഷങ്ങളിൽ കൃത്യമായ ഇടവേളകളെടുത്ത് മുന്നോട്ടു പോകാൻ ശ്രദ്ധിക്കും,’ ജീത്തു ജോസഫ് പറയുന്നു.
Content Highlight: Four films are being prepared this year says Jeethu Joseph