റിയാദ്: മദീനയിൽ ഉംറ സംഘം സഞ്ചരിച്ച ബസ് കത്തി നാൽപ്പതോളം പേർ മരിച്ചതായി റിപ്പോർട്ട്. മക്കയിൽ നിന്നും പുറപ്പെട്ട ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ടാങ്കറുമായി കൂട്ടിയിടിച്ച ബസ് തൽക്ഷണം കത്തിയമരുകയായിരുന്നു. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്.
സൗദി സമയം രാത്രി 11 മണിയോടെയാണ് (ഇന്ത്യൻ സമയം പുലർച്ചെ 1.30) സംഭവം. മക്കയിൽ നിന്നും ഉംറ കർമങ്ങൾ പൂർത്തിയാക്കിയ ശേഷം മദീനയിലേക്ക് പോകും വഴിയെയാണ് അപകടം.
ഡ്രൈവറുൾപ്പെടെ 43 പേരാണ് ബസിൽ ഉണ്ടായിരുന്നത്. അതിൽ യാത്രക്കാരായ 42 പേരും ഹൈദരാബാദ് സ്വദേശികളാണ്. മുപ്പതിലധികം പേർ സ്ത്രീളും കുട്ടികളുമാണെന്നാണ് വിവരം. അപകടത്തിൽ ഒരാൾ രക്ഷപ്പെട്ടിട്ടുണ്ട്. ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്.
സിവിൽ ഡിഫെൻസ് എത്തി തീ അണച്ചിട്ടും ആരെയും തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ ബസ് പൂർണമായും കത്തിയമർന്നിരുന്നെന്നാണ് റിപ്പോർട്ട്.
ബദ്‌റിനും മദീനയ്ക്കുമിടയിലെ മുഫറഹാത്ത് എന്ന സ്ഥലത്തുവെച്ചാണ് അപകടം സംഭവിക്കുന്നത്. ഇവരെ കൊണ്ടുവന്ന ഉംറ ഏജൻസിയും കമ്പനികളും ഹജ് ഉംറ മന്ത്രാലയത്തെ അപകടം അറിയിച്ചിട്ടുണ്ട്.