ഫ്രാന്‍സില്‍ ഫ്രഞ്ചുകാരില്ലെന്ന് മുന്‍ സ്പാനിഷ് പ്രധാനമന്ത്രി; വര്‍ഗീയത തുലയട്ടെയെന്ന് പെഡ്രോ സാഞ്ചസ്
FIFA World Cup 2026
ഫ്രാന്‍സില്‍ ഫ്രഞ്ചുകാരില്ലെന്ന് മുന്‍ സ്പാനിഷ് പ്രധാനമന്ത്രി; വര്‍ഗീയത തുലയട്ടെയെന്ന് പെഡ്രോ സാഞ്ചസ്
ഫസീഹ പി.സി.
Tuesday, 14th July 2026, 5:00 pm

ഫിഫ ലോകകപ്പ് 2026 സെമി ഫൈനല്‍ പോരാട്ടങ്ങളിലേക്ക് കടക്കുകയാണ്. നാളെയാണ് (ജൂലൈ 15) ആദ്യ സെമി ഫൈനല്‍ മത്സരം. കരുത്തരായ ഫ്രാന്‍സും സ്പെയ്നുമാണ് ഫൈനല്‍ ലക്ഷ്യമിട്ട് ആദ്യ സെമിയില്‍ ഏറ്റുമുട്ടുന്നത്.

ഈ മത്സരത്തിന് മുന്നോടിയായി വംശീയ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ റജോയ്. ഫ്രാന്‍സ് ലോകകപ്പില്‍ എല്ലാ മത്സരങ്ങളിലും ജയിച്ചുവെന്നും എന്നാല്‍ അതിശക്തമായ ഒരു സ്‌ക്വാഡുണ്ടെങ്കിലും അവരാരും ഫ്രാന്‍സില്‍ നിന്നല്ല എന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. എല്‍ ഡിബേറ്റിലെ കോളത്തിലാണ് കണ്‍സര്‍വേറ്റീവ് പോപ്പുലര്‍ പാര്‍ട്ടി നേതാവ് ഇത്തമൊരു പ്രസ്താവന നടത്തിയത്.

‘ലോകകപ്പില്‍ കളിച്ച എല്ലാ മത്സരങ്ങളും ഫ്രാന്‍സ് ജയിച്ചു. നിലവില്‍ ഫിഫ റാങ്കിങ്ങിലും ഒന്നാമതാണ്. അതിശക്തമായ ഒരു സ്‌ക്വാഡും അവര്‍ക്കുണ്ട്. എന്നാല്‍ ഫ്രാന്‍സിനില്ലാത്തത് ഫ്രഞ്ചുകാരായ കളിക്കാര്‍ മാത്രമാണ്,’ മരിയാനോ രജോയ് പറഞ്ഞു.

എന്നാല്‍ മരിയാനോയുടെ പ്രസ്താവനക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ഇതിനെതിരെ വംശീയത തുലയട്ടെ എന്ന് സ്പാനിഷ് പ്രധാനമന്ത്രിയും സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവുമായ പെഡ്രോ സാഞ്ചസ് പ്രതികരിച്ചു. ചിലരിപ്പോഴും കുടുംബപേരും ജനനസ്ഥലവും നിറവുമൊക്ക നോക്കിയാണ് ആളുകളെ വിലയിരുത്തുന്നതെന്നും സ്‌പെയ്ന്‍ രാജ്യത്തെ സ്‌നേഹിക്കുന്നവരുടെയും രാജ്യത്തിനായി പ്രവര്‍ത്തിക്കുന്നവരുടെതുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Silence in the face of Israel's genocide is not an option; we are convinced we are on the right side of history: Spanish Prime Minister

‘ചിലരിപ്പോഴും ജനനസ്ഥലവും നിറവുമൊക്ക നോക്കിയാണ് ആളുകളെ വിലയിരുത്തുന്നത്. സ്‌പെയ്ന്‍ രാജ്യത്തെ സ്‌നേഹിക്കുന്നവരുടേയും രാജ്യത്തിനായി പ്രവര്‍ത്തിക്കുന്നവരുടേതുമാണ്. വിദ്വേഷം വമിപ്പിച്ചുകൊണ്ട് രാജ്യത്തെ അപമാനിക്കുന്നവരുടേതല്ല. ഫ്രാന്‍സ്, സെമിഫൈനലില്‍ കാണാം. മികച്ചവര്‍ വിജയിക്കട്ടെ, വംശീയത തുലയട്ടെ,’ പെഡ്രോ സാഞ്ചെസ് പറഞ്ഞു.

മരിയാനോയുടെ പ്രസ്താവനക്കെതിരെ ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍ നോയല്‍ ബാരറ്റും ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് ഫിലിപ്പ് ഡിയല്ലോയും പ്രതികരിച്ചിട്ടുണ്ട്.

‘ഫ്രാന്‍സിന് പ്രത്യേകിച്ചൊരു ചര്‍മ്മനിറമില്ല. അതിന് വിരുദ്ധമായി എന്ത് വാദിച്ചാലും അത് ഒന്നുകില്‍ മണ്ടത്തരമോ, വംശീയതയോ, അല്ലെങ്കില്‍ ഇവ രണ്ടും കൂടിയോയാണ്,’ എന്നാണ് ബാരറ്റിന്റെ പ്രതികരണം.

‘മരിയാനോ രജോയിയുടെ ഫ്രഞ്ച് ടീമിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ വംശീയതയുടെ അസഹ്യമായ ഗന്ധം വമിക്കുന്നവയാണ്. ഇത്തരം വികാരങ്ങള്‍ക്ക് വഴിയൊരുക്കുന്ന ഖേദകരമായ സാഹചര്യത്തെക്കുറിച്ചും അവ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. നമ്മുടെ കളിക്കാര്‍ക്ക് സ്‌പെയ്‌നിന്റെ മുന്‍ പ്രധാനമന്ത്രിയില്‍ നിന്ന് ദേശീയതയുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല,’ എന്ന് ഡിയല്ലോയും അഭിപ്രായപ്പെട്ടു.

Content Highlight: Former Spanish Prime Minister Mariano Rajoy says there are no French people in France football team in FIFA World Cup 2026; Pedro Sánchez calls for an end to sectarianism

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍.