പ്രധാന മത്സരങ്ങളില്‍ റൊണാള്‍ഡോയെക്കാള്‍ മികച്ച പ്രകടനം നടത്തുന്നത് ലയണല്‍ മെസിയാണെന്ന് മുന്‍ റയല്‍ മാഡ്രിഡ് സൂപ്പര്‍ താരവും സ്പാനിഷ് ഇന്റര്‍നാഷണലുമായിരുന്ന ജോസ് മരിയ ഗുട്ടിറസ് ഹെര്‍ണാണ്ടസിന്റെ പഴയ പരാമര്‍ശം വീണ്ടും ചര്‍ച്ചയാകുന്നു.
2011ല്‍ സ്പാനിഷ് ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രധാന മത്സരങ്ങളില്‍ റൊണാള്‍ഡോക്ക് തിളങ്ങാന്‍ സാധിക്കാറില്ലെന്ന് ഗുട്ടി വിമര്‍ശിച്ചത്.
‘ക്രിസ്റ്റ്യാനോ വളരെ മികച്ച താരമാണ്. മിക്ക മത്സരങ്ങളിലും അവന്‍ നിര്‍ണായകമാണ്. എന്നാല്‍ ബിഗ് ഗെയ്മുകളില്‍ അവനൊരിക്കലും മെസിയെ പോലെ പ്രതീക്ഷക്കൊത്ത് ഉയരാറില്ല. പ്രധാന മത്സരങ്ങളില്‍ തന്റെ സേവനം ടീമില്‍ നിര്‍ണായകമാണെന്ന് മെസി തെളിയിച്ചിട്ടുണ്ട്. എല്ലാ മത്സരങ്ങളിലും ഉയര്‍ന്ന തലത്തില്‍ കളിക്കുന്നവരാണ് മികച്ച കളിക്കാര്‍ എന്നാണ് ഞാന്‍ കരുതുന്നത്,’ ഗുട്ടി പറഞ്ഞു.
എന്നാല്‍ ശേഷം പ്രധാന മത്സരങ്ങളില്‍ തിളങ്ങുന്ന റൊണാള്‍ഡോയെയാണ് ഫുട്‌ബോള്‍ ലോകം കണ്ടത്. 2014 ചാമ്പ്യന്‍സ് ലീഗ് ഫൈനലിലടക്കം റൊണാള്‍ഡോ ടീമിനായി സ്‌കോര്‍ ചെയ്തിരുന്നു.
റയല്‍ മാഡ്രിഡില്‍ തന്റെ ആദ്യ സീസണ്‍ (2009-10) താരം ഗുട്ടിക്കൊപ്പം സാന്‍ഡിയാഗോ ബെര്‍ണാബ്യൂവില്‍ പന്ത് തട്ടിയിരുന്നു. ഒരു സീസണ്‍ മാത്രമാണ് ഇരുവരും ഒന്നിച്ച് ഒരു ടീമിന്റെ ഭാഗമായത്. അടുത്ത സീസണില്‍ ഗുട്ടി ടര്‍ക്കിഷ് ക്ലബ്ബായ ബെസിക്റ്റസിലേക്ക് ചുവടുമാറ്റുകയും 2012ല്‍ വിരമിക്കുകയുമായിരുന്നു.
റയല്‍ മാഡ്രിഡിന്റെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരായാണ് റൊണാള്‍ഡോ വളര്‍ന്നത്. 2018ല്‍ യുവന്റസിലേക്ക് കളം മാറുന്നതിന് മുമ്പ് റയലിനായി കളിച്ച 438 മത്സരത്തില്‍ നിന്നും 450 ഗോളുകളാണ് താരം സ്വന്തമാക്കിയത്.
റയലിനൊപ്പം നാല് യുവേഫ ചാമ്പ്യന്‍സ് ലീഗ് സ്വന്തമാക്കിയ താരം ക്ലബ്ബ് വേള്‍ഡ് കപ്പും യുവേഫ സൂപ്പര്‍ കപ്പും മൂന്ന് തവണ സ്വന്തമാക്കിയ രണ്ട് ലാ ലീഗ കിരീടവും സ്വന്തമാക്കി. രണ്ട് കോപ്പ ഡെല്‍ റേ, രണ്ട് സ്പാനിഷ് സൂപ്പര്‍ കപ്പ് എന്നിവയും താരം സാന്‍ഡിയാഗോ ബെര്‍ണാബ്യൂവിലെത്തിച്ചു.
Content Highlight: Former Real Madrid star Guti criticize Cristiano Ronaldo