ന്യൂദല്‍ഹി: ഏഷ്യാ കപ്പ് ട്രോഫി വിവാദത്തില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെയും എ.സി.സി സെക്രട്ടറി മൊഹ്‌സിന്‍ നഖ്‌വിയെയും പരിഹസിച്ച് മുന്‍ റിസേര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ് (റോ – RAW) മേധാവി വിക്രം സൂദ്. പാകിസ്ഥാനെ ബനാന റിപ്പബ്ലിക് എന്ന് വിളിച്ചുകൊണ്ടായിരുന്നു സൂദിന്റെ പരാമര്‍ശം.
ഏഷ്യാ കപ്പ് വിജയിച്ചതിന് പിന്നാലെ പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി കൂടിയായ മൊഹ്‌സിന്‍ നഖ്‌വിയില്‍ നിന്നും ട്രോഫി സ്വീകരിക്കാന്‍ ഇന്ത്യന്‍ ടീം വിസമ്മതിച്ചിരുന്നു. ഇതിന് പിന്നാലെ നഖ്‌വി ട്രോഫിയുമായി പോവുകയും ചെയ്തു. ഇതേ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘ഇത് തീര്‍ത്തും ചിരിയുണര്‍ത്തുന്നതാണ്. ലോകത്തില്‍ മറ്റൊരു സ്ഥലത്തും ഇതുപോലൊന്ന് സംഭവിക്കില്ല. ഇത് ഒരു ബനാന റിപ്പബ്ലിക്കിന്റെ നടപടിയാണ്. ഇവരെയാണ് നമുക്ക് അയല്‍ക്കാരായി ലഭിച്ചിരിക്കുന്നത്. ആണവായുധമുള്ള വെറും ബനാന റിപ്പബ്ലിക്,’ സൂദ് പറഞ്ഞു.
ഹിന്ദുക്കള്‍ക്കും മുസ്‌ലിങ്ങള്‍ക്കും ഒന്നിച്ച് ജീവിക്കാന്‍ സാധിക്കില്ലെന്ന പാകിസ്ഥാന്‍ സൈനിക മേധാവി അസിം മുനിറിന്റെ പ്രസ്താവനയെയും സൂദ് വിമര്‍ശിച്ചു. മുനിറിനെ ഇസ്‌ലാമിന്‍ ജിഹാദിസ്റ്റ് ജനറല്‍ എന്ന് വിളിച്ചുകൊണ്ടായിരുന്നു സൂദ് വിമര്‍ശനമുന്നയിച്ചത്.
‘ഒരു ഇന്ത്യന്‍ സൈനിക മേധാവി ഇങ്ങനെ സംസാരിക്കുന്നതിനെ കുറിച്ച് നിങ്ങള്‍ക്ക് ചിന്തിക്കാന്‍ സാധിക്കുമോ? ഒരിക്കലുമില്ല. നമ്മുടെ ഓഫീസര്‍മാരെല്ലാം തീര്‍ത്തും പ്രോഫഷണലുകളാണ്, എന്നാല്‍ അവരുടേതാകട്ടെ പ്രത്യയശാസ്ത്രം മാത്രം നോക്കുന്നവരുമാണ്.
അവരുടെ പ്രത്യയശാസ്ത്രം ഭരിക്കുക എന്ന് മാത്രമാണ്. വിജയത്തെയും പരാജയത്തെയും അവര്‍ എങ്ങനെ നിര്‍വചിക്കുന്നു എന്നതും തീര്‍ത്തും വ്യത്യസ്തമാണ്. ഒരുപാട് ആളുകള്‍ കൊല്ലപ്പെടുമ്പോഴും അവര്‍ നമ്മുടെ സ്ഥലം വിട്ടുതരുന്നില്ലെങ്കില്‍ അവരെ സംബന്ധിച്ച് അതൊരു വിജയമാണ്,’ സൂദിനെ ഉദ്ധരിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പാക് മന്ത്രിയില്‍ നിന്നും കിരീടമേറ്റുവാങ്ങില്ലെന്ന് ഇന്ത്യന്‍ ടീം നിലപാടെടുത്തത്. ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ ഫോറിലും ഫൈനലിലുമടക്കം ഇന്ത്യയും പാകിസ്ഥാനുമേറ്റുമുട്ടിയ മൂന്ന് മത്സരത്തില്‍ മൂന്നിലും ഇന്ത്യയാണ് വിജയിച്ചത്.
ഈ മത്സരങ്ങളില്‍ ഇന്ത്യന്‍ താരങ്ങള്‍ പാകിസ്ഥാന്‍ താരങ്ങള്‍ക്കും ഒഫീഷ്യലുകള്‍ക്കും ഹസ്തദാനം നല്‍കാന്‍ വിസമ്മതിച്ചിരുന്നു. ഫൈനലിന് മുമ്പുള്ള ഫോട്ടോഷൂട്ടിലും ഇന്ത്യന്‍ നായകന്‍ പങ്കെടുത്തിരുന്നില്ല.
കൂടാതെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഇരകളായ കുടുംബങ്ങള്‍ക്ക് മാച്ച് ഫീ നല്‍കുമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പറഞ്ഞിരുന്നു. ഇതിന് സമാനമായ രീതിയില്‍ പാക് ക്യാപ്റ്റനും നിലപാട് എടുത്തിരുന്നു. എന്തായാലും ഏഷ്യാ കപ്പുമായുള്ള വിവാദങ്ങള്‍ തുടരും എന്ന് തന്നെയാണ് വിലയിരുത്തുന്നത്. കൂടാതെ കഴിഞ്ഞ ദിവസം ആരംഭിച്ച വനിതാ ഏകദിന ലോകകപ്പിലും ഇന്ത്യ-പാക് വിവാദങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ആരാധകരും കരുതുന്നത്.
Content Highlight: Former RAW Chief slams Mohsin Naqvi