എംബാപ്പെയെക്കാള്‍ മികച്ചത് മെസി തന്നെ; വിശദീകരിച്ച് മുന്‍ പി.എസ്.ജി താരം
Football
എംബാപ്പെയെക്കാള്‍ മികച്ചത് മെസി തന്നെ; വിശദീകരിച്ച് മുന്‍ പി.എസ്.ജി താരം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 19th March 2023, 5:07 pm

ആധുനിക ഫുട്‌ബോളില്‍ ഫ്രഞ്ച് സൂപ്പര്‍താരം കിലിയന്‍ എംബാപ്പെ പ്രകടന മികവ് കൊണ്ട് മുന്നേറുമ്പോഴും അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി തന്നെയാണ് മികച്ചതെന്ന് പ്രസ്താവിക്കുകയാണ് പി.എസ്.ജിയുടെ മുന്‍ ഡിഫന്‍ഡിങ് താരം മാക്‌സ്‌വെല്‍.

മാഞ്ചസ്റ്റര്‍ സിറ്റി സൂപ്പര്‍താരം എര്‍ലിങ് ഹാലണ്ടിനൊപ്പം അടുത്ത പത്ത് വര്‍ഷം ഫുട്‌ബോളില്‍ തിളങ്ങി നില്‍ക്കാന്‍ പോകുന്ന താരമാണ് എംബാപ്പെയെന്നും എന്നാല്‍ മെസിയുടെ തട്ട് ഇവര്‍ക്കിടയില്‍ താണുതന്നെ കിടക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫ്രഞ്ച് മീഡിയ ഔട്‌ലെറ്റായ കനാല് പ്ലസിനോടാണ് മാക്‌സ്‌വെല്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘എന്നെ സംബന്ധിച്ച് മെസിയാണ് എക്കാലത്തെയും മികച്ച ഫുട്‌ബോളര്‍. എന്നാല്‍ എര്‍ലിങ് ഹാലണ്ടിനെ കുറിച്ച് പറയുന്നത് പോലെ അടുത്ത പത്ത് വര്‍ഷം ഫുട്‌ബോളില്‍ തിളങ്ങി നില്‍ക്കാന്‍ പോകുന്ന താരമാണ് എംബാപ്പെ. ഈ രണ്ട് താരങ്ങള്‍ക്കും ഭാവിയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും മെസിയുടെയും സ്ഥാനം കവര്‍ന്നെടുക്കാനുള്ള കഴിവും മികവുമുണ്ട്. തള്ളിക്കളയാനാകാത്ത പ്രതിഭയുള്ള താരമാണ് എംബാപ്പെ,’ മാക്‌സ്‌വെല്‍ പറഞ്ഞു.

അതേസമയം പാരീസ് സെന്റ് ഷെര്‍മാങ്ങില്‍ മികച്ച പ്രകടനമാണ് മെസിയും എംബാപ്പെയും കാഴ്ചവെക്കുന്നത്. എന്നാല്‍ ചാമ്പ്യന്‍സ് ലീഗിലെ റൗണ്ട് ഓഫ് 16ല്‍ ബയേണ്‍ മ്യൂണിക്കിനെതിരെ തോല്‍വി വഴങ്ങി ടൂര്‍ണമെന്റില്‍ നിന്ന് പുറത്തുപോകേണ്ടിവന്നത് പി.എസ്.ജിക്ക് വലിയ തിരിച്ചടിയായിരുന്നു.

ലോകഫുട്‌ബോളിലെ പ്രഗത്ഭരായ രണ്ട് താരങ്ങള്‍ മത്സരത്തിലുണ്ടായിരുന്നിട്ടും ജയിക്കാന്‍ സാധിക്കാതിരുന്നതിനെ തുടര്‍ന്ന് വിമര്‍ശനങ്ങളും ശക്തമായിരുന്നു.

ഈ സീസണില്‍ 32 മത്സരങ്ങളില്‍ നിന്ന് 31 ഗോളും എട്ട് അസിസ്റ്റുകളും എംബാപ്പെ അക്കൗണ്ടിലാക്കിയപ്പോള്‍ 32 മത്സരങ്ങളില്‍ നിന്ന് 18 ഗോളും 17 അസിസ്റ്റുമാണ് മെസിയുടെ നേട്ടം.

ഫ്രഞ്ച് ലീഗ് വണ്ണില്‍ മാര്‍ച്ച് 19ന് റെന്നെസിനെതിരെയാണ് പി.എസ്.ജിയുടെ അടുത്ത മത്സരം.

Content Highlights: Former PSG defender praises Lionel Messi