ടെന്‍ ഹാഗിന്റെ തന്ത്രങ്ങളുമായി പൊരുത്തപ്പെടാന്‍ അവന് സാധിക്കും; ബാഴ്‌സലോണ താരത്തെ ക്ലബ്ബിലെത്തിക്കാനൊരുങ്ങി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
Football
ടെന്‍ ഹാഗിന്റെ തന്ത്രങ്ങളുമായി പൊരുത്തപ്പെടാന്‍ അവന് സാധിക്കും; ബാഴ്‌സലോണ താരത്തെ ക്ലബ്ബിലെത്തിക്കാനൊരുങ്ങി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 19th March 2023, 11:20 am

തകര്‍പ്പന്‍ പ്രകടനം കൊണ്ട് യൂറോപ്യന്‍ ക്ലബ്ബുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് ബാഴ്സലോണയുടെ ഉസ്മാന്‍ ഡെംബലെ. ഇപ്പോള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരത്തിനായി രംഗത്തുണ്ടെന്ന റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്. അടുത്ത സീസണിലെ പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ യുണൈറ്റഡിന്റെ അറ്റാക്കിങ് നിര കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഡെംബലെയെ ടീമിലെത്തിക്കാന്‍ റെഡ് ഡെവിള്‍സ് ശ്രമം നടത്തുന്നത്.

2024ല്‍ ബ്ലൂഗ്രാനയുമായി താരത്തിന്റെ കരാര്‍ അവസാനിക്കാനിരിക്കെയാണ് ഡെംബലെയെ വട്ടമിട്ട് മുന്‍ നിര ക്ലബ്ബുകള്‍ എത്തിയിരിക്കുന്നത്.

താരത്തെ നിലനിര്‍ത്താന്‍ ബാഴ്സലോണ ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ക്ലബ്ബില്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നിലനില്‍ക്കുന്നതിനാല്‍ ഡെംബലെയുമായുള്ള കരാര്‍ പുതുക്കാന്‍ സാധ്യതയില്ലെന്നാണ് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

50 മില്യണ്‍ യൂറോക്കാണ് ഡെംബലെയെ സൈന്‍ ചെയ്യിക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തയ്യാറെടത്തിരിക്കുന്നത്. താരത്തിന് എറിക് ടെന്‍ ഹാഗിന്റെ തന്ത്രങ്ങളുമായി പൊരുത്തപ്പെടാനും ടീമിനൊപ്പം ഇടപഴകാനും സാധിക്കുമെന്നാണ് യുണൈറ്റഡിന്റെ വിലയിരുത്തല്‍.

അതേസമയം, ആവശ്യമായ ഫണ്ട് കൈവശമില്ലാത്തതിനാല്‍ തങ്ങളുടെ മെയിന്‍ ടീമില്‍ നിന്നും രണ്ട് താരങ്ങളെ വിറ്റ് ഇറ്റാലിയന്‍ ലീഗില്‍ നിന്നുമൊരു താരത്തെ സൈന്‍ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ബാഴ്‌സലോണ എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഡെംബലെയെയും ഫെറാന്‍ ടോറസിനെയും വിറ്റ് ഫെഡ്രിക്കോ കിയേസയെ ടീമിലെത്തിക്കാനാണ് ബാഴ്‌സയുടെ ശ്രമം എന്നാണ് പുറത്ത് വരുന്ന റിപ്പോട്ടുകള്‍. ചെല്‍സിയുടെ ടാര്‍ഗറ്റായ കിയേസയെ എത്രയും പെട്ടെന്ന് ക്ലബ്ബിലെത്തിക്കുന്നതിന്റെ ഭാഗമായാണ് മെയിന്‍ ടീമിലെ താരങ്ങളെ വില്‍ക്കാന്‍ ബാഴ്‌സ തയ്യാറാവുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlights: Manchester united wants to sign with Ousmane Dembele