ബുംറയല്ല, ഇവനായിരിക്കും ലോകകപ്പിലെ ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരന്‍; തെരഞ്ഞെടുപ്പുമായി മുന്‍ താരങ്ങള്‍
Cricket
ബുംറയല്ല, ഇവനായിരിക്കും ലോകകപ്പിലെ ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരന്‍; തെരഞ്ഞെടുപ്പുമായി മുന്‍ താരങ്ങള്‍
ഫസീഹ പി.സി.
Monday, 26th January 2026, 6:53 pm

2026 ടി – 20 ലോകകപ്പ് പടിവാതിലില്‍ എത്തി നില്‍ക്കുകയാണ്. വിവിധ ടീമുകള്‍ കപ്പ് മാത്രം സ്വപ്നം കണ്ടെത്തുന്ന ക്രിക്കറ്റ് മാമാങ്കത്തിന് ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയിട്ടുള്ളത്. ഇന്ത്യയടക്കുമുള്ള ടീമുകള്‍ ടൂര്‍ണമെന്റിനായുള്ള തയ്യാറടുപ്പിലാണ്.

ഇപ്പോള്‍ ലോകകപ്പ് അടുത്തിരിക്കെ ആരാണ് ഇന്ത്യക്കായി ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുക എന്ന ചോദ്യത്തിന് ഉത്തരം പറയുകയാണ് മുന്‍ ഇന്ത്യന്‍ താരങ്ങള്‍. റോബിന്‍ ഉത്തപ്പ, ആകാശ് ചോപ്ര, ഇര്‍ഫാന്‍ പത്താന്‍, മുഹമ്മദ് കൈഫ്, സഞ്ജയ് ബംഗാര്‍, ചേതേശ്വര്‍ പൂജാര, സുരേഷ് റെയ്‌ന, അനില്‍ കുംബ്ലെ എന്നിവരാണ് ഈ ചോദ്യത്തിന് ഉത്തരം നല്‍കിയത്.

സ്റ്റാര്‍ സ്‌പോര്‍ട്‌സ് സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ പങ്കുവെച്ച വീഡിയോയിലാണ് ഇവരുടെ പ്രതികരണം.

ജസ്പ്രീത് ബുംറയും വരുൺ ചക്രവർത്തിയും. Photo: BCCI/x.com

റോബിന്‍ ഉത്തപ്പ, ആകാശ് ചോപ്ര, ഇര്‍ഫാന്‍ പത്താന്‍, മുഹമ്മദ് കൈഫ്, സഞ്ജയ് ബംഗാര്‍ എന്നിവര്‍ വരുണ്‍ ചക്രവര്‍ത്തിയെയാണ് ലോകകപ്പിലെ ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരനായി പ്രവചിച്ചത്. ഇന്ത്യയുടെ പ്രീമിയം ബൗളര്‍ എന്നറിയപ്പെടുന്ന ജസ്പ്രീത് ബുംറയെ മറികടന്നാണ് വരുണിനെ ഇവര്‍ തെരഞ്ഞെടുത്തത്.

വരുണിന്റെ സ്പിന്നിനെ നേരിടാന്‍ മറ്റ് ടീമുകള്‍ക്ക് കഴിയില്ലെന്നും താരത്തിന്റെ ചക്രവ്യൂഹത്തില്‍ ഒരുപാട് ടീമുകള്‍ വീഴുമെന്നും പത്താന്‍ പറഞ്ഞു. അതിനാല്‍ തന്നെ താരം കൂടുതല്‍ വിക്കറ്റ് വീഴ്ത്തുമെന്നും പത്താന്‍ കൂട്ടിച്ചേര്‍ത്തു.

അന്താരാഷ്ട്ര ടീമുകള്‍ വരുണിനെ കൂടുതല്‍ നേരിട്ടിട്ടില്ലെന്നും അതിനാല്‍ തന്നെ ഇന്ത്യയ്ക്ക് കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന ആയുധം അവനായിരിക്കുമെന്നും ബംഗാര്‍ അഭിപ്രായപ്പെട്ടു.

ഈ അഞ്ച് പേരും വരുണിനെ തെരഞ്ഞെടുത്തപ്പോള്‍ പൂജാര, കുംബ്ലെ എന്നിവര്‍ ബുംറയെ തെരഞ്ഞെടുത്തു. എന്നാല്‍, റെയ്‌ന ബുംറയോ അര്‍ഷ്ദീപ് സിങ്ങോ ആയിരിക്കും ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുക എന്നാണ് പറഞ്ഞത്. പവര്‍പ്ലേയില്‍ വിക്കറ്റ് വീഴ്ത്താനുള്ള ഇരുവരുടെയും കഴിവിനെ മുന്‍ നിര്‍ത്തിയാണ് താരത്തിന്റെ ഈ തെരഞ്ഞെടുപ്പ്.

അതേസമയം, ഫെബ്രുവരി ഏഴ് മുതലാണ് ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിന് അരങ്ങുണരുന്നത്. മാര്‍ച്ച് എട്ടിനാണ് കലാശപ്പോര് നടക്കുക. നാല് ഗ്രൂപ്പുകളിലായി 20 ടീമുകളാണ് ഏറ്റുമുട്ടുന്നത്. ഇന്ത്യ ഇടം പിടിച്ചിട്ടുള്ളത് ഗ്രൂപ്പ് എയിലാണ്.

Content Highlight: Former players says Varun Chakravarthy ahead of Jasprit Bumrah as India’s top wicket taker in T20 World Cup

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി