ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയുമായുള്ള താരതമ്യമാണ് ബാബര്‍ അസമിന്റെ മോശം പ്രകടനത്തിന് കാരണമായതെന്ന് മുന്‍ പാകിസ്ഥാന്‍ താരം അഹമ്മദ് ഷെഹ്സാദ്. താരതമ്യങ്ങള്‍ അനാവശ്യമായി സമ്മര്‍ദമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘വിരാട് കോഹ്‌ലി അസാമാന്യ പ്രതിഭയാണ്. ലോകത്തിലെ ആരെയും അദ്ദേഹവുമായി താരതമ്യം ചെയ്യാന്‍ കഴിയില്ല. അദ്ദേഹം ഈ തലമുറയിലെ ഒരു ഇതിഹാസവും ഒരു റോള്‍ മോഡലുമാണ്. അദ്ദേഹത്തെ എം.എസ് ധോണിയുമായി പോലും താരതമ്യം ചെയ്യാന്‍ കഴിയില്ല. ധോണി ഒരു മികച്ച ക്യാപ്റ്റനായിരുന്നെങ്കിലും, കോഹ്‌ലി ഒരു ബാറ്റര്‍, ക്രിക്കറ്റര്‍, അത്ലറ്റ് എന്ന നിലയില്‍ ധോണിയേക്കാള്‍ മുകളിലാണ്.
ഇത്തരം താരതമ്യങ്ങള്‍ അന്യായമാണ്. അത് സമ്മര്‍ദം വര്‍ധിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. അത് ബാബര്‍ അസമിന്റെ നിലവിലെ ഫോമിനെ എങ്ങനെ ബാധിച്ചുവെന്ന് നിങ്ങള്‍ക്ക് കാണാന്‍ കഴിയും,’ ഷെഹ്സാദ് പറഞ്ഞു.
ബാബര്‍ അസം തന്റെ മോശം ഫോം വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള പരമ്പരയില്‍ തുടരുന്നതിന് പിന്നാലെയാണ് ഷെഹ്‌സാദിന്റെ പ്രതികരണം. കഴിഞ്ഞ ദിവസം നടന്ന മൂന്നാം ഏകദിനത്തിലും താരത്തിന് വലിയ സ്‌കോര്‍ കണ്ടെത്താനായിരുന്നില്ല. മത്സരത്തില്‍ 23 പന്തുകള്‍ നേരിട്ട താരത്തിന് വെറും ഒമ്പത് റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. പരമ്പരയിലെ മൂന്ന് മത്സരങ്ങളിലെ താരത്തിന്റെ സമ്പാദ്യം വെറും 56 റണ്‍സാണ്.
ഈ പരമ്പരയില്‍ താരത്തിന് ഒരു അര്‍ധ സെഞ്ച്വറി പോലും നേടാനായില്ല. വിന്‍ഡീസിനെതിര ഒന്നാം മത്സരത്തില്‍ 47 റണ്‍സ് നേടാനായതാണ് താരത്തിന്റെ ഈ പരമ്പരയിലെ വലിയ സ്‌കോര്‍. ഇതില്‍ കൂടി വലിയ സ്‌കോറുകള്‍ നേടാനാകാത്തതോടെ സെഞ്ച്വറി അടിക്കാതെ 72 ഇന്നിങ്സുകളാണ് ബാബര്‍ കടന്നുപോയത്.
ബാബര്‍ അവസാനമായി ഒരു സെഞ്ച്വറി അടിച്ചത് 2023 ഓഗസ്റ്റില്‍ നടന്ന ഏഷ്യ കപ്പ് മത്സരത്തില്‍ നേപ്പാളിനെതിരെയാണ്. അന്ന് 131 പന്തില്‍ 151 റണ്‍സാണ് താരം സ്‌കോര്‍ ചെയ്തത്.
Content Highlight: Former Pakisthan Cricketer Ahammed Shehzad says that comparing to Virat Kohli is the reason behind Babar Azam’s failures