ആര്യൻ ഖാന്റെ ദി ബാഡ്‌സ് ഓഫ് ബോളിവുഡിനെതിരെ മാനനഷ്ടക്കേസ് നൽകി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ മുൻ ഓഫീസർ സമീർ വാങ്കഡെ
India
ആര്യൻ ഖാന്റെ ദി ബാഡ്‌സ് ഓഫ് ബോളിവുഡിനെതിരെ മാനനഷ്ടക്കേസ് നൽകി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ മുൻ ഓഫീസർ സമീർ വാങ്കഡെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 25th September 2025, 6:09 pm

മുബൈ: ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ആദ്യമായി സംവിധാനം ചെയ്ത ദി ബാ***ഡ്സ് ഓഫ് ബോളിവുഡ് നെറ്റ്ഫ്‌ളിക്‌സിൽ സ്ട്രീമിങ് ആരംഭിച്ചതിന് പിന്നാലെ സീരീസിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് മുൻ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഓഫീസർ സമീർ വാങ്കഡെ.

സീരീസിൽ സമീർ വാങ്കഡെയുമായി സാമ്യമുള്ള കഥാപാത്രം ഉണ്ടെന്നും തെറ്റായതും അപകീർത്തിപ്പെടുത്തുന്നതുമായ ഉള്ളടക്കം സീരീസിലുണ്ടെന്നും ആന്റി ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് ഏജൻസികളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് സമീർ വാങ്കഡെ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. ദൽഹി ഹൈക്കോടതിയിലാണ് മാനനഷ്ടക്കേസ് ഫയൽ ചെയ്തിരിക്കുന്നത്.

നടൻ ഷാരൂഖ് ഖാൻ, ഗൗരി ഖാൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് എന്റർടെയ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സ് എന്നിവർക്കെതിരെ രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കേസ് ഫയൽ ചെയ്തത്.

തന്റെ പ്രശസ്തിയെ കളങ്കപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയുള്ള ഭാഗങ്ങൾ സീരീസിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കമാണ് സീരീസിന്റെതെന്നും നിയമ നിർവഹണ സ്ഥാപനങ്ങളിലുള്ള പൊതുജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സീരിസിൽ ഒരു കഥാപാത്രം സത്യമേവ ജയതേ എന്ന് പറഞ്ഞതിന് ശേഷം നടുവിരൽ ഉയർത്തി അശ്ലീല ആംഗ്യം കാണിച്ചുവെന്നും ആരോപിച്ച അദ്ദേഹം, സത്യമേവ ജയതേ ദേശീയ ചിഹ്നത്തിന്റെ ഭാഗമാണെന്നും നിയമ വ്യവസ്ഥിതിയുടെ ഗുരുതര ലംഘനമാണിതെന്നും കൂട്ടിച്ചേർത്തു.

സമീർ വാങ്കഡെയും ആര്യൻ ഖാനും ഉൾപ്പെട്ട കേസ് മുംബൈ ഹൈക്കോടതിയുടെയും മുംബൈ എൻ.ഡി.പി.എസ് സ്‌പെഷ്യൽ കോടതിയുടെയും പരിഗണനയിലാണ്.

2021ൽ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ മുംബൈ സോണൽ ഡയറക്ടറായിരിക്കേ ആര്യൻ ഖാനെ മയക്കുമരുന്ന് കൈവശം വെച്ചുവെന്ന കേസിൽ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനാണ് സമീർ വാങ്കഡെ.

ബോളിവുഡ് ഇൻഡസ്ട്രിയിലെ മോശം പ്രവണതകൾ, മാഫിയ ബന്ധങ്ങൾ, പണത്തിന് വേണ്ടിയുള്ള ഒത്തുതീർപ്പുകൾ തുടങ്ങിയ കാര്യങ്ങളെ പരിഹസിക്കുന്ന സീരീസാണ് ദി ബാഡ്‌സ് ഓഫ് ബോളിവുഡ്.

Content Highlight: Former NCB Officer Sameer Wankhede files defamation case against Aryan Khan’s The Baddest of Bollywood