കോണ്‍ഗ്രസിലേക്കില്ല; അഭ്യൂഹങ്ങള്‍ക്ക് കോണ്‍ഗ്രസ് വേദിയില്‍ മറുപടി നല്‍കി ഐഷ പോറ്റി
Kerala News
കോണ്‍ഗ്രസിലേക്കില്ല; അഭ്യൂഹങ്ങള്‍ക്ക് കോണ്‍ഗ്രസ് വേദിയില്‍ മറുപടി നല്‍കി ഐഷ പോറ്റി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 19th July 2025, 8:46 am

കൊല്ലം: താന്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറാനൊരുങ്ങുന്നു എന്ന അഭ്യൂഹങ്ങള്‍ക്ക് കോണ്‍ഗ്രസ് വേദിയില്‍ തന്നെ മറുപടിയുമായി മുന്‍ സി.പി.ഐ.എം എം.എല്‍.എ അഡ്വ. ഐഷ പോറ്റി. താന്‍ കോണ്‍ഗ്രസിലേക്കെന്ന പ്രചാരണം ചിരിയുണര്‍ത്തുന്നതാണെന്നായിരുന്നു ഐഷ പോറ്റിയുടെ പ്രതികരണം.

കോണ്‍ഗ്രസ് കൊട്ടാരക്കര ബ്ലോക്ക് കമ്മിറ്റി നടത്തിയ ഉമ്മന്‍ ചാണ്ടി അനുസ്മരണയോഗത്തില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് താന്‍ കോണ്‍ഗ്രസില്‍ ചേരുന്നുവെന്ന അഭ്യൂഹങ്ങള്‍ക്ക് ഐഷ പോറ്റി മറുപടി പറഞ്ഞത്.

താനൊരു പാര്‍ലമെന്ററി മോഹിയല്ലെന്നും പ്രസ്ഥാനം അവസരങ്ങള്‍ തന്നാലും ജനങ്ങള്‍ വോട്ട് ചെയ്താല്‍ മാത്രമേ ആരും ജയിക്കുകയുള്ളൂവെന്നും ഐഷ പോറ്റി പറഞ്ഞു.

രാഷ്ട്രീയമേതായാലും നല്ലതിനെ നല്ലതെന്നു പറയാന്‍ ഒരു പേടിയുമില്ല. ചിരിച്ചാല്‍ ആത്മാര്‍ത്ഥതയോടെയാകണം. വിമര്‍ശനങ്ങളെ ചിരിയോടെ നേരിടുന്നതില്‍ ഉമ്മന്‍ ചാണ്ടി മാതൃകയാണ്. ഉമ്മന്‍ ചാണ്ടിയോടുള്ള ജനസ്നേഹം രാഷ്ട്രീയത്തിന് അതീതമാണ്. ജനപ്രതിനിധി എങ്ങനെയാവണമെന്ന് കാട്ടിക്കൊടുത്തയാളാണ് അദ്ദേഹമെന്നും ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തിയ അനുസ്മരണ യോഗത്തില്‍ മുന്‍ എം.എല്‍. എ കൂട്ടിച്ചേര്‍ത്തു.

ഐഷ പോറ്റിയെ സമൂഹ മാധ്യമങ്ങളില്‍ ആക്രമിക്കുന്നത് ക്രൂരതയാണെന്ന് ഉമ്മന്‍ ചാണ്ടിയുടെ മകനും പുതുപ്പള്ളി എം.എല്‍.എയുമായ ചാണ്ടി ഉമ്മനും പറഞ്ഞു. ഉമ്മന്‍ ചാണ്ടിയോടൊപ്പം പ്രവര്‍ത്തിച്ച ജനകീയ എം.എല്‍.എയാണ് ഐഷാ പോറ്റിയെന്നും ഉമ്മന്‍ ചാണ്ടി അനുസ്മരണത്തിന് മാത്രമാണ് അവര്‍ എത്തിയതെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പിയും വ്യക്തമാക്കി.

ഉമ്മന്‍ ചാണ്ടി അനുസ്മരണത്തില്‍ ക്ഷണം ലഭിച്ചതിന് പിന്നാലെ സി.പി.ഐ.എമ്മില്‍ നിന്നും അകന്നുകഴിയുന്ന അയിഷ പോറ്റി കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹം ശക്തമായിരുന്നു.

സി.പി.ഐ.എം നേതൃത്വവുമായുള്ള വിയോജിപ്പിന് പിന്നാലെ ഐഷ പോറ്റി കുറച്ചുകാലമായി പാര്‍ട്ടി പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗമായിരുന്നിട്ടും ജില്ലാ സമ്മേളനത്തില്‍ അവര്‍ പങ്കെടുത്തിരുന്നില്ല. ഇതോടെ ജില്ലാ കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കപ്പെട്ടു.

ഇപ്പോള്‍ സി.പി.ഐ.എമ്മിന്റെ ഒരു ഘടകത്തിലും അവര്‍ പ്രവര്‍ത്തിക്കുന്നില്ല. നിലവില്‍ അഖിലേന്ത്യാ ലോയേഴ്‌സ് യൂണിയന്‍ സംസ്ഥാന ട്രഷററാണെങ്കിലും ചുമതലയില്‍നിന്ന് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണെന്ന് അവര്‍ പറഞ്ഞു.

ഈ വര്‍ഷമാദ്യമാണ് ഐഷ പോറ്റിയെ പാര്‍ട്ടിയിലെത്തിക്കാന്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം ശ്രമം തുടങ്ങിയത്. കോണ്‍ഗ്രസ് കൊട്ടാരക്കര നഗരസഭാ പ്രവര്‍ത്തക ക്യാമ്പില്‍ അവരെ പുകഴ്ത്തി രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചതോടെ ഈ അഭ്യൂഹം ശക്തമാവുകയും ചെയ്തു.

പാര്‍ട്ടിയുടെ വാതിലുകള്‍ ഐഷ പോറ്റിക്കായി തുറന്നിട്ടിരിക്കുകയാണെന്ന് പ്രമേയത്തില്‍ പറഞ്ഞിരുന്നു. കൊട്ടാരക്കരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയാക്കുമെന്നും പ്രചാരണമുണ്ടായി.

വര്‍ഷങ്ങളോളം കൊട്ടാരക്കര നിയമസഭാ മണ്ഡലത്തെ പ്രതിനിധാനം ചെയ്ത ആര്‍. ബാലകൃഷ്ണപിള്ളയെ പരാജയപ്പെടുത്തിയാണ് അയിഷാ പോറ്റി ആദ്യമായി നിയമസഭയിലെത്തിയത്. തുടര്‍ച്ചയായി മൂന്ന് തവണ അവര്‍ കൊട്ടാരക്കരയെ പ്രതിനിധാനം ചെയ്തു.

 

Content Highlight: Former MLA Aisha Potti denies rumours of joining Congress