ഒരു നുള്ള് സിന്ദൂരം ലവ് ജിഹാദിൽ നിന്ന് ഹിന്ദു സ്ത്രീകളെ സംരക്ഷിക്കുന്നു: കുംഭമേളയിൽ വിദ്വേഷ പ്രസംഗം നടത്തി മുൻ മിസ് ഇന്ത്യ
national news
ഒരു നുള്ള് സിന്ദൂരം ലവ് ജിഹാദിൽ നിന്ന് ഹിന്ദു സ്ത്രീകളെ സംരക്ഷിക്കുന്നു: കുംഭമേളയിൽ വിദ്വേഷ പ്രസംഗം നടത്തി മുൻ മിസ് ഇന്ത്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th February 2025, 1:24 pm

പ്രയാഗ്‌രാജ്: കുംഭമേളയിൽ വിദ്വേഷ പ്രസംഗവുമായി മുൻ മിസ് ഇന്ത്യ ഇഷിക തനേജ. ഇന്ത്യയിലെ മുസ്‌ലിം സമൂഹത്തെ വ്യക്തമായി ലക്ഷ്യം വച്ചുള്ള പ്രകോപനപരമായ പ്രസംഗത്തിന് പിന്നാലെ വലിയ വിവാദത്തിന് തിരി തെളിഞ്ഞിരിക്കുകയാണ്.

ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടന്നുകൊണ്ടിരിക്കുന്ന കുംഭമേളയിൽ നിരവധി പ്രമുഖ ഹിന്ദു മത പുരോഹിതന്മാർ പങ്കെടുത്ത ഒരു മതസമ്മേളനത്തിൽ സംസാരിക്കവെയാണ് തനേജ വിദ്വേഷം നിറഞ്ഞ പ്രഖ്യാപനം നടത്തിയത്.

കുംഭമേളക്കിടെ മുൻ മിസ് ഇന്ത്യ, മുസ്‌ലിം വിഭാഗം മുഴുവൻ മുഗൾ ചക്രവർത്തിയായ ബാബറിന്റെ മക്കളാണെന്ന് ആരോപിച്ചു. ഒരു നുള്ള് സിന്ദൂരം കൊണ്ട് ഹലാല, ട്രിപ്പിൾ തലാഖ്, ലവ് ജിഹാദ് എന്നിവയുൾപ്പെടെയുള്ള മുസ്‌ലിങ്ങളുമായി ബന്ധപ്പെട്ട സാമൂഹിക പ്രശ്‌നങ്ങളിൽ നിന്ന് ഹിന്ദു സ്ത്രീകളെ സംരക്ഷിക്കാൻ കഴിയുമെന്ന് അവർ അവകാശപ്പെട്ടു.

പ്രസംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് സംഭവം വൈറൽ ആയത്.

‘ബാബറിൻ്റെ മക്കൾക്ക് ഒരു നുള്ള് സിന്ദൂരത്തിന്റെ വില അറിയില്ല. ഒരു നുള്ള് സിന്ദൂരത്തിന് മുത്തലാഖ്, ലവ് ജിഹാദ് തുടങ്ങിയവയിൽ നിന്ന് നമ്മെ രക്ഷിക്കാൻ സാധിക്കും,’ അവർ പറഞ്ഞു.

നിരവധി പ്രമുഖ ഹിന്ദു മതനേതാക്കളുടെയും ബി.ജെ.പി നേതാവും മുൻ നടിയുമായ ഹേമമാലിനിയുടെയും മുന്നിലാണ് ഇഷിക തനേജ തൻറെ പ്രസംഗം നടത്തിയത്. വൻ കരഘോഷത്തോടെയാണ് സദസ് തനേജയുടെ പ്രസംഗത്തെ സ്വീകരിച്ചത്. മുസ്‌ലിം വിരുദ്ധ വികാരങ്ങൾ സാധാരണാവത്ക്കരിക്കപ്പെടുന്നതിനുള്ള ഉദാഹരണമാണിതെന്ന് മാധ്യമങ്ങൾ പറഞ്ഞു.

മുസ്‌ലിം പുരുഷന്മാർ അമുസ്‌ലിം സ്ത്രീകളെ വശീകരിച്ച് കെണിയിൽ വീഴ്ത്തി ഇസ്‌ലാമികവൽക്കരണ പദ്ധതിയുടെ ഭാഗമായി അവരെ ഇസ്‌ലാമിലേക്ക് പരിവർത്തനം ചെയ്യുക എന്ന ഉദ്ദേശത്തോടെ പ്രവർത്തിക്കുന്നുവെന്ന് തീവ്ര ഹിന്ദുത്വ വാദികൾ ആരോപിക്കുന്നു. അതിനവർ നൽകിയ പേരാണ് ലവ് ജിഹാദ്.

വിദ്വേഷ പ്രസംഗം പുറത്തുവന്നയുടനെ, സുപ്രീം കോടതിയുടെ മാർഗനിർദേശങ്ങൾ അനുസരിച്ച് നിയമപാലകർ സ്വമേധയാ നടപടിയെടുക്കണമെന്ന് നിരവധി സാമൂഹിക പ്രവർത്തകർ ആവശ്യപ്പെട്ടു.

 

 

Content Highlight: Former Miss India delivers hate speech at Maha Kumbh in Prayagraj