കൊല്ലം: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സി.വി. പത്മരാജന്‍ അന്തരിച്ചു. വാര്‍ധക്യസഹജമായ രോഗങ്ങളെത്തെുടര്‍ന്ന് ചികിത്സയിലിരിക്കവെയാണ് അന്ത്യം. മുന്‍ കെ.പി.സി.സി പ്രസിഡന്റ് കൂടിയായിരുന്നു. രണ്ട് ദിവസമായി കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.
വൈദ്യുതി, ധനകാര്യ, ഫിഷറീസ് വകുപ്പ് മന്ത്രിയായും പ്രവര്‍ത്തിച്ചിരുന്നു. കെ. കരുണാകരന്‍, എ.കെ. ആന്റണി മന്ത്രിസഭയില്‍ അംഗമായിരുന്നു.
ചാത്തന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റായി രാഷ്ട്രീയ രംഗത്തേക്ക് കടന്നുവന്നു. 1983-87 വരെ കെ.പി.സി.സി പ്രസിഡന്റായിരുന്നു. 1982, 1991ലും ചാത്തന്നൂര്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭയില്‍ എത്തി. കൊല്ലം ഡി.സി.സി വൈസ് പ്രസിഡന്റായും പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇന്ദിര ഭവന്‍ സ്ഥാപിക്കുന്നതിനായി മുഖ്യ പങ്ക് വഹിച്ചത് ഇദ്ദേഹമാണ്. കെ. കരുണാകരന്‍ വിദേശത്ത് ചികിത്സയ്ക്കായി പോയപ്പോള്‍ മുഖ്യമന്ത്രി സ്ഥാനവും വഹിച്ചിരുന്നു. മന്ത്രിസ്ഥാനം രാജിവെച്ചാണ് കെ.പി.സി.സി അധ്യക്ഷനായി ചുമതലയേറ്റെടുത്തത്, 1983ല്‍ ആയിരുന്നു അത്.
കൊല്ലം ജില്ലയിലെ പറവൂരില്‍ 1931 ജൂലൈ 22ന് കെ. വേലുവൈദ്യന്റേയും തങ്കമ്മയുടേയും മകനായാണ് ജനനം. അഖില തിരുവിതാംകൂര്‍ വിദ്യാര്‍ത്ഥി കോണ്‍ഗ്രസിന്റെ ഭാഗമായി സ്വാതന്ത്ര സമരത്തില്‍ പങ്കെടുത്തിരുന്നു.
കോട്ടപ്പുറം പ്രൈമറി സ്‌കൂള്‍, എസ്.എന്‍.വി സ്‌കൂള്‍, കോട്ടപ്പുറം ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് ചങ്ങനാശ്ശേരി സെന്റ് ബെര്‍ക്മാന്‍സ് കോളേജില്‍ ഇന്റര്‍മീഡിയറ്റ് പഠനം, തുടര്‍ന്ന് തിരുവനന്തപുരം എം.ജി കോളേജില്‍ നിന്ന് ബിരുദം നേടി.
രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്ന അതേകാലയളവില്‍ തന്നെ അധ്യാപകനായും അഭിഭാഷകനായും പ്രവര്‍ത്തിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വിവിധ പദവികള്‍ അദ്ദേഹം വഹിച്ചിരുന്നു. ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വര്‍ഷം തന്നെ കരുണാകരന്‍ മന്ത്രിസഭയില്‍ ഫിഷറീസ്, സാമൂഹിക വികസനം എന്നീ വകുപ്പുകളുടെ ചുമതല വഹിച്ചു.
1991ലാണ് വൈദ്യുതി, കയര്‍ വകുപ്പുകളുടേയും പിന്നീട് ധനകാര്യ വകുപ്പ മന്ത്രിയുമായത്. തുടര്‍ന്ന് എ.കെ. ആന്റണി മന്ത്രിസഭയിലും സമാനമായി ധനം, കയര്‍ വകുപ്പുകളും ദേവസ്വം വകുപ്പുകളുടേയും ചുമതല വഹിച്ചു. അഭിഭാഷകയായ വസന്തകുമാരിയാണ് ഭാര്യ. അജി, അനി എന്നിവര്‍ മക്കളാണ്, മരുമകള്‍ സ്മിത.
Content Highlight: Former minister and Congress leader C.V. Padmarajan passes away