കൊല്ലം: സി.പി.ഐ.എം നേതാവും മുന്‍ കൊട്ടാരക്കര എം.എല്‍.എയുമായ ഐഷാ പോറ്റി കോണ്‍ഗ്രസില്‍. കൊല്ലം ജില്ലയിലെ സി.പി.ഐ.എമ്മിന്റെ പ്രധാന നേതാവായിരുന്ന ഐഷാ പോറ്റി കുറച്ച് നാളുകളായി പാര്‍ട്ടിയുമായി അകന്നുകഴിയുകയാണ്.
കെ.പി.സി.സി. അധ്യക്ഷന്‍ സണ്ണി ജോസഫ് മെമ്പര്‍ഷിപ്പ് നല്‍കി ഐഷാ പോറ്റിയെ കോണ്‍ഗ്രസിലേക്ക് സ്വീകരിച്ചു.
കോണ്‍ഗ്രസിന്റെ സമരവേദിയിലെത്തിയാണ് ഐഷാ പോറ്റി പാര്‍ട്ടിയുടെ ഭാഗമയത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അടക്കമുള്ളവര്‍ക്കൊപ്പമാണ് ഐഷാ പോറ്റി സമരവേദിയിലെത്തിയത്.
2026 നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊട്ടാരക്കരയില്‍ നിന്നും ഐഷാ പോറ്റി മത്സരിച്ചേക്കും. നേരത്തെ യു.ഡി.എഫ് നേതാക്കള്‍ ഐഷാ പോറ്റിയുമായി ചര്‍ച്ചകള്‍ നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
സി.പി.ഐ.എമ്മില്‍ ടേം വ്യവസ്ഥ കർശനമാക്കിയതോടെയാണ് 2021ല്‍ ഐഷാ പോറ്റിക്ക് സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കപ്പെട്ടത്. ശേഷം ഏറെ കാലം ആക്ടീവ് പൊളിറ്റിക്‌സില്‍ നിന്നും അവര്‍ പിന്‍വാങ്ങിയിരുന്നു.
കൊട്ടാരക്കരയിലെ പാര്‍ട്ടി ഏരിയയില്‍ നിന്ന് കമ്മിറ്റിയില്‍ നിന്ന് ശേഷം ഒഴിവാക്കപ്പെടുകയും ചെയ്തിരുന്നു. പ്രത്യേകിച്ച് ഒന്നും ചെയ്യാന്‍ ആവാതെ തനിക്ക് പാര്‍ട്ടിയില്‍ നില്‍ക്കാന്‍ കഴിയില്ല, ഓടിനടന്ന് ചെയ്യാന്‍ കഴിയുന്നവര്‍ തുടരട്ടെ എന്നാണ് അന്ന് അവര്‍ പറഞ്ഞത്.
ഇപ്പോള്‍ കോണ്‍ഗ്രസിന്റെ ഭാഗമായെങ്കിലും സ്വതന്ത്ര സ്ഥാനാര്‍ഥിയായി ഐഷാ പോറ്റിയെ മത്സരിപ്പിക്കാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. മുന്‍ എം.എല്‍.എയുടെ സ്വീകാര്യതയ്ക്ക് ഇപ്പോഴും ഇടിവു സംഭവിച്ചിട്ടില്ലെന്നും അതു വോട്ടായി മാറിയാല്‍ വമ്പന്‍ മാര്‍ജിനില്‍ വിജയിക്കാന്‍ കഴിയുമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടലുകളെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
നേരത്തെ ഉമ്മന്‍ ചാണ്ടി അനുസ്മരണ വേദിയില്‍ ഐഷാ പോറ്റിയെത്തിയതോടെ പാര്‍ട്ടി വിടുമെന്ന ചര്‍ച്ചകള്‍ സജീവമായിരുന്നു. എന്നാല്‍ അന്ന് താന്‍ സി.പി.ഐ.എമ്മുകാരിയായിട്ടാണ് ഈ വേദിയിലെത്തിയത് എന്നായിരുന്നു അവര്‍ പറഞ്ഞത്.
2011ല്‍ 20,592 ആയി ഭൂരിപക്ഷം വര്‍ധിപ്പിച്ച ഐഷാ പോറ്റി, 2016ല്‍ 42,632 വോട്ടുകളുടെ കൂറ്റന്‍ ലീഡുമായാണ് വിജയം സ്വന്തമാക്കിയത്. അന്ന് മന്ത്രിയോ സ്പീക്കറോ ആയേക്കുമെന്ന് ചര്‍ച്ചകളുണ്ടായെങ്കിലും അതുണ്ടായില്ല.
content highlight: Former Kottarakkara MLA Aisha Potty joins Congress.