2026 ഫിഫ ലോകകപ്പിലെ നിര്‍ണായക മത്സരത്തിനൊരുങ്ങുകയാണ് ബ്രസീല്‍. ഗ്രൂപ്പ് സി-യില്‍ നാളെ നടക്കുന്ന മത്സരത്തില്‍ ഹെയ്തിയാണ് കാനറിപ്പടയുടെ എതിരാളികള്‍. ഇന്ത്യന്‍ സമയം 6.00 മണിക്കാണ് മത്സരം. ഫിലാഡല്‍ഫിയയില്‍ നടക്കുന്ന മത്സരത്തില്‍ ജയം മാത്രമാവും ബ്രസീല്‍ ലക്ഷ്യം വെക്കുക.
ആദ്യ മത്സരത്തില്‍ മൊറോക്കോയോട് സമനില പിടിച്ചാണ് ബ്രസീലിന്റെ വരവ്. മറുഭാഗത്ത് ഹെയ്തി ആദ്യ മത്സരത്തില്‍ സ്‌കോട്‌ലാന്‍ഡിനോട് പരാജയപ്പെടുകയും ചെയ്തിരുന്നു. ടൂര്‍ണമെന്റില്‍ നിലനില്‍ക്കണമെങ്കില്‍ ഹെയ്തിക്കും വിജയം അനിവാര്യമാണ്.
ഈ മത്സരം മലയാളി ഫുട്‌ബോള്‍ പ്രേമികള്‍ക്കും വളരെ സ്‌പെഷ്യലാണ്. ബ്രസീലിനെതിരെ ഹെയ്തിക്കായി കളത്തിലിറങ്ങുന്ന ഡക്കന്‍സ് നാസോണിലായിരിക്കും എല്ലാ കണ്ണുകളും. മുന്‍ കേരള ബ്ലാസ്റ്റേഴ്സ് താരമാണ് ഡക്കന്‍സ് നാസോണ്‍.
ഐ.എസ്.എല്ലില്‍ 2016-17 സീസണിലായിരുന്നു ഡക്കന്‍സ് നാസോണ്‍ കേരളത്തിനായി പന്തുതട്ടിയത്. കളിക്കളത്തിലെ വേഗത കൊണ്ടും മുന്നേറ്റ നിരയിലെ മികച്ച ആക്രമണം കൊണ്ടും ഡക്കന്‍സ് നാസോണ്‍ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറുകയും ചെയ്തിരുന്നു.
ഇപ്പോള്‍ താരം ലോകത്തിന്റെ വിശ്വവേദിയില്‍ ബ്രസീലിനെ പോലൊരു മികച്ച ടീമിനെതിരെ പന്തുതട്ടാനൊരുങ്ങുമ്പോള്‍ കേരളത്തിലെ ഫുട്‌ബോള്‍ ആരാധകരും ആവേശത്തിലാണ്.
ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ ഹെയ്തിക്കായി മിന്നും പ്രകടനമായിരുന്നു നാസോണ്‍ നടത്തിയിരുന്നത്. ആറ് ഗോളുകള്‍ അടിച്ചുകൂട്ടിയാണ് താരം ഹെയ്തിയെ ലോകകപ്പില്‍ എത്തിച്ചത്. ലോകകപ്പില്‍ താരത്തിന്റെ ബൂട്ടുകളില്‍ നിന്നും ഗോളുകള്‍ പിറവിയെടുക്കുന്ന നിമിഷത്തിനാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
നീണ്ട 52 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഹെയ്തി ഇത്തവണ ലോകകപ്പ് കളിക്കാനെത്തുന്നത്. 1974ലായിരുന്നു ഹെയ്തി അവസാനമായി ലോകകപ്പ് കളിച്ചിരുന്നത്. ഫ്രഞ്ച് പരിശീലകന്‍ സെബാസ്റ്റ്യന്‍ മീനിയുടെ കീഴില്‍ ഹെയ്തി ബ്രസീലിനെതിരായ മത്സരത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുമോയെന്ന് കണ്ടുതന്നെ അറിയണം.
Content Highlight: Former Kerala Blasters player Duckens Nazon is set to play against Brazil for Haiti in World Cup