ഫാസിസ്റ്റ് ഭരണകൂടത്തിന്റെ കുഴലൂത്തുകാരന്‍ ഫാസിസ്റ്റല്ലാതെ പിന്നെ ഗാന്ധിയനാണോ? ആരോപണങ്ങള്‍ തെളിയിക്കാന്‍ ശ്രീജിത്ത് പണിക്കരെ വെല്ലുവിളിച്ച് മുന്‍ ജഡ്ജ് എസ്. സുധീപ്
Kerala News
ഫാസിസ്റ്റ് ഭരണകൂടത്തിന്റെ കുഴലൂത്തുകാരന്‍ ഫാസിസ്റ്റല്ലാതെ പിന്നെ ഗാന്ധിയനാണോ? ആരോപണങ്ങള്‍ തെളിയിക്കാന്‍ ശ്രീജിത്ത് പണിക്കരെ വെല്ലുവിളിച്ച് മുന്‍ ജഡ്ജ് എസ്. സുധീപ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th October 2021, 7:33 pm

കൊച്ചി: സംഘപരിവാര്‍ സഹയാത്രികന്‍ ശ്രീജിത്ത് പണിക്കരുടെ വിദ്വേഷ പ്രതികരണത്തിന് മറുപടിയുമായി മുന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എസ്. സുധീപ്.

‘നികൃഷ്ടജീവിയെന്നും മുഴുഭ്രാന്തനെന്നും ഞാന്‍ വിശേഷിപ്പിച്ചത് അദ്ദേഹത്തെയാണെന്ന് അവകാശപ്പെട്ട് ഒരു ശ്രീജിത്ത് രംഗത്തു വന്നിട്ടുണ്ട്.
ശ്രീജിത്ത് എന്ന ഒരു പേരു പോലും ഞാന്‍ ഉപയോഗിച്ചിരുന്നില്ല. പക്ഷേ നികൃഷ്ടജീവിയും മുഴുഭ്രാന്തനും തീവ്രവലതുപക്ഷ ജന്തുവും ഒത്തുചേരുന്ന വ്യക്തിത്വം താനല്ലാതെ മറ്റാരുമാവില്ലെന്ന് അദ്ദേഹം ഉറപ്പിച്ച സ്ഥിതിക്ക് ഞാനെന്തു പറയാനാണ്!,’ സുധീപ് പറഞ്ഞു.

ശ്രീജിത്ത് പണിക്കര്‍ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കാനും സുധീപ് വെല്ലുവിളിച്ചിട്ടുണ്ട്.

‘മുഴുഭ്രാന്ത-നായ’ഒരുത്തനേ പ്രളയത്തെച്ചൊല്ലി ഇങ്ങനെ അര്‍മാദിക്കാന്‍ കഴിയൂ എന്നായിരുന്നു സുധീപ് കഴിഞ്ഞ ദിവസം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്.

പ്രളയക്കെടുതിയില്‍ നാട് നട്ടം തിരിയുമ്പോള്‍, പ്രളയട്രോളുകള്‍ തുടര്‍ച്ചയായി പോസ്റ്റ് ചെയ്ത് അവന്‍ പ്രളയം ആഘോഷിക്കുകയാണെന്നും ന്യൂസ് റൂമില്‍ ക്ഷണിച്ചിരുത്തി അവനെയൊക്കെ സംഭവമാക്കാന്‍ ശ്രമിക്കുന്നവരെയാണ് ആദ്യം തല്ലേണ്ടതെന്നും പരോക്ഷമായി അദ്ദേഹം പറഞ്ഞിരുന്നു.

‘പ്രളയ നിരീക്ഷകനായ പണിക്കര്‍ എന്ന നികൃഷ്ടജീവിയെക്കുറിച്ചാണ്. പ്രളയക്കെടുതിയില്‍ നാട് നട്ടം തിരിയുമ്പോള്‍, പ്രളയട്രോളുകള്‍ തുടര്‍ച്ചയായി പോസ്റ്റ് ചെയ്ത് അവന്‍ പ്രളയം ആഘോഷിക്കുകയാണ്. ധീര-നായ അവന്‍ കമന്റ് ബോക്സ് പൂട്ടി വച്ചാണ് അവന്റെ ഭ്രാന്ത് ആഘോഷിക്കുന്നത്. മുഴുഭ്രാന്ത-നായ ഒരുത്തനേ പ്രളയത്തെച്ചൊല്ലി ഇങ്ങനെ അര്‍മാദിക്കാന്‍ കഴിയൂ,’ എന്നായിരുന്നു സുധീപിന്റെ പ്രതികരണം.

ഇതിനെതിരെ ശ്രീജിത്ത് പണിക്കര്‍ രംഗത്തെത്തിയിരുന്നു.

‘ഹിന്ദുക്കള്‍ക്കു പാവനമായ ബലിതര്‍പ്പണം, ശബരിമല എന്നീ വിശ്വാസപരമായ വിഷയങ്ങളില്‍ വിവാദ അഭിപ്രായം പറഞ്ഞയാള്‍. കോടതി വിധികളെ വിലക്ക് മറികടന്ന് രൂക്ഷമായി നിരൂപിച്ചയാള്‍. പരാതികളുടെ പേരില്‍ ഹൈക്കോടതിയുടെ അന്വേഷണം നേരിട്ടയാള്‍. ജില്ലാ ജഡ്ജ് അഭിമുഖങ്ങളില്‍ ആവര്‍ത്തിച്ച് പരാജയപ്പെട്ട ആള്‍,’ ്എന്നൊക്കെ പറഞ്ഞായിരുന്നു ശ്രീജിത്തിന്റെ പ്രതികരണം.

മഴ ശക്തമായ കഴിഞ്ഞ ദിവസം മുതലാണ് ചാനല്‍ ചര്‍ച്ചകളില്‍ സമൂഹ്യ നിരീക്ഷകന്‍ എന്ന പേരില്‍ പ്രത്യക്ഷപ്പെടാറുള്ള ശ്രീജിത്ത് പണിക്കര്‍ ട്രോളുകളുമായി രംഗത്തെത്തയത്.

‘ഇടുക്കി ഡാമിനെ അടുക്കളയുമായി ബന്ധിപ്പിക്കുന്ന പദ്ധതി ആരംഭിച്ചോ’ എന്നായിരുന്നു ശ്രീജിത്ത് പണിക്കരുടെ ആദ്യ പോസ്റ്റ്. നിരവധി പേരാണ് ഇതിനെതിരെ രംഗത്തെത്തിയത്.

സ്ഥിതിഗതികള്‍ സസൂക്ഷ്മം വിലയിരുത്തുന്ന പാത്തുമ്മയുടെ ആടും ശക്കീര്‍ ഹുശൈനും എന്നാണ് ശ്രീജിത്ത് പണിക്കര്‍ ഷെയര്‍ ചെയ്ത മറ്റൊരു പോസ്റ്റ്.

എസ്.സുധീപിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

നികൃഷ്ടജീവിയെന്നും മുഴുഭ്രാന്തനെന്നും ഞാന്‍ വിശേഷിപ്പിച്ചത് അദ്ദേഹത്തെയാണെന്ന് അവകാശപ്പെട്ട് ഒരു ശ്രീജിത്ത് രംഗത്തു വന്നിട്ടുണ്ട്. ശ്രീജിത്ത് എന്ന ഒരു പേരു പോലും ഞാന്‍ ഉപയോഗിച്ചിരുന്നില്ല.

പക്ഷേ നികൃഷ്ടജീവിയും മുഴുഭ്രാന്തനും തീവ്രവലതുപക്ഷ ജന്തുവും ഒത്തുചേരുന്ന വ്യക്തിത്വം (?) താനല്ലാതെ മറ്റാരുമാവില്ലെന്ന് അദ്ദേഹം ഉറപ്പിച്ച സ്ഥിതിക്ക് ഞാനെന്തു പറയാനാണ്!

അദ്ദേഹത്തെപ്പോലെ മാനസിക പ്രശ്‌നങ്ങള്‍ ഉള്ളവരോട് വിദ്വേഷം വച്ചു പുലര്‍ത്തരുതെന്നാണ് ശ്രീജിത്തിന്റെ അഭ്യര്‍ത്ഥന. ശ്രീജിത്തിനോടല്ല മനുഷ്യര്‍ക്കു വിരോധം. അയാള്‍ വിളമ്പുന്ന വിഷത്തോടാണെന്ന് തിരിച്ചറിയുക.

തീവ്രവലതുപക്ഷം എന്നാല്‍ ഫാസിസ്റ്റുകളാണെന്ന് ശ്രീജിത്ത്. ഫാസിസ്റ്റ് ഭരണകൂടത്തിന്റെ കുഴലൂത്തുകാരന്‍ ഫാസിസ്റ്റല്ലാതെ പിന്നെ ഗാന്ധിയനാണോ?

ഹിറ്റ്‌ലറുടെ മന്ത്രിയായിരുന്നു ഗീബല്‍സ്. നുണ നൂറു തവണ ആവര്‍ത്തിച്ചാല്‍ സത്യമാകുമെന്നു വിശ്വസിച്ച തീവ്രവലതുപക്ഷ ജന്തു. ഗീബല്‍സിന്റെ പിന്‍ഗാമികളാണ് ശ്രീജിത്തും മറുനാടനും.

എന്നെ ജോലിയില്‍ നിന്നു പിരിച്ചുവിടാന്‍ ഹൈക്കോടതി തീരുമാനിച്ചെന്ന് ശ്രീജിത്ത്. ഇതാണ് അയാളുടെ വിവരം!

ഹൈക്കോടതിയുടെ തീരുമാനമെന്നാല്‍ എല്ലാ ജഡ്ജിമാരും അടങ്ങുന്ന ഫുള്‍ കോര്‍ട്ട് മീറ്റിംഗിന്റെ തീരുമാനമാണെന്നു പോലും അയാള്‍ക്കറിയില്ല.

ഹൈക്കോടതിയുടെ ഫുള്‍ കോര്‍ട്ട് മീറ്റിംഗ് അങ്ങനെയൊരു തീരുമാനമെടുത്തെന്നു തെളിയിക്കാന്‍ ഞാന്‍ വെല്ലുവിളിക്കുന്നു. തെളിയിച്ചാല്‍ ആ നിമിഷം ശ്രീജിത്ത് പറയുന്നതെന്തും ഞാന്‍ ചെയ്യാം. തെളിയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ശ്രീജിത്ത് ഒന്നും ചെയ്യണ്ട, സംഘപരിവാര്‍ നുണയനായി തുടര്‍ന്നോളൂ.

വിവരമില്ലാത്ത ശ്രീജിത്തിനും മറുനാടനും ഞാന്‍ കാര്യങ്ങള്‍ പറഞ്ഞു തരാം. എന്നെ പിരിച്ചു വിടാതിരിക്കാന്‍ കാരണം കാണിക്കാന്‍ ഹൈക്കോടതിയിലെ അഞ്ചു ജഡ്ജിമാരടങ്ങുന്ന അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിയുടെ (എ സി) തീരുമാനപ്രകാരം 4.11.20-ല്‍ ഒരു കാരണം കാണിക്കല്‍ നോട്ടീസ് തന്നു.

മറുപടിയെ തുടര്‍ന്ന് 2021 ജനുവരിയില്‍ എ സി ചേര്‍ന്ന് മൂന്ന് ഇന്‍ക്രിമെന്റ് പിടിച്ചു വച്ചാല്‍ മാത്രം മതിയെന്നു തീരുമാനിച്ചു. ആ തീരുമാനം ഫുള്‍ കോര്‍ട്ട് അംഗീകരിച്ചു.

ആ തീരുമാനം കേരള മന്ത്രിസഭ അംഗീകരിക്കണം. എന്നിട്ട് ഗവര്‍ണര്‍ ഒപ്പിടണം. ഇന്‍ക്രിമെന്റ് പിടിച്ചു വയ്ക്കാനുള്ള ശുപാര്‍ശയില്‍ പിണറായി മന്ത്രിസഭയുടെ തീരുമാനത്തിനു പോലും കാത്തു നില്‍ക്കാതെ ഞാന്‍ രാജിവച്ചു.

കാരണം എനിക്ക് ഇന്‍ക്രിമെന്റിനെക്കാള്‍ വിലപിടിച്ചത് നിയമവാഴ്ച്ചയാണെന്നും നിയമവാഴ്ച്ചയെ ഞാന്‍ പിന്തുണച്ചു എന്നതായിരുന്നു എനിക്കെതിരായ അന്വേഷണത്തിലെ കണ്ടെത്തലെന്നും ആ കണ്ടെത്തലിന്മേലായിരുന്നു നടപടിയെന്നും പല തവണ പറഞ്ഞു കഴിഞ്ഞതാണ്.

ഞാന്‍ ജില്ലാ ജഡ്ജി അഭിമുഖത്തില്‍ ആവര്‍ത്തിച്ചു പരാജയപ്പെട്ടെന്ന് ശ്രീജിത്ത്. ഒരൊറ്റത്തവണ ഞാന്‍ പരാജയപ്പെട്ടെന്ന് തെളിയിക്കാമോ? വിവരാവകാശ നിയമം ഉണ്ടല്ലോ.

തെളിയിച്ചാല്‍ ഏവിയേഷന്‍ ഫ്യുവലിനെക്കാള്‍ ദാമോദരന്‍ 30% വില കൂട്ടിയ പെട്രോള്‍ ഒഴിച്ചു സ്വയം കത്തിച്ച് ഞാന്‍ മരിച്ചോളാം. തെളിയിച്ചില്ലെങ്കില്‍ ശ്രീജിത്ത് ഒന്നും ചെയ്യണ്ട, ആ ഇളിഞ്ഞ മോന്തയുമായി മറ്റു വിഷയങ്ങളില്‍ നുണപ്രചരണം തുടര്‍ന്നോളൂ.

ജില്ലാ ജഡ്ജി പ്രമോഷനായി ഞാന്‍ ഇന്റര്‍വ്യുവിന് ഹാജരായത് 2.2.19 ലാണ്. ഞാനടക്കം 20 പേര്‍.

അവസാന അഞ്ചു പേര്‍ എ എം ബഷീര്‍, ഞാന്‍, സിജു ഷെയ്ക്ക്, രാധാകൃഷ്ണന്‍, സീന എസ് എസ് എന്നീ സബ് ജഡ്ജിമാരായിരുന്നു. അഞ്ചു പേര്‍ക്കും അന്ന് നിയമനം നല്‍കിയില്ല.

അഞ്ചു പേരും തോറ്റതായുള്ള തെളിവ് ഹാജരാക്കാന്‍ ഞാന്‍ ശ്രീജിത്തിനെ ഒരിക്കല്‍ കൂടി വെല്ലുവിളിക്കുന്നു.

ആ അഞ്ചു പേര്‍ക്കും 15.7.19 ല്‍ വീണ്ടും ഇന്റര്‍വ്യു നടത്തി. 16.7.19 -ല്‍ എനിക്ക് അച്ചടക്ക നടപടിയുടെ ഭാഗമായ മെമ്മോ ഓഫ് ചാര്‍ജ് നല്‍കി, എന്റെ പ്രൊമോഷന്‍ നിഷേധിക്കാന്‍ മാത്രം.

ഞാന്‍ ഇന്റര്‍വ്യു ജയിച്ചു. അച്ചടക്ക നടപടി പൂര്‍ത്തിയാകുമ്പോള്‍, അതായത് മൂന്ന് ഇന്‍ക്രിമെന്റ് പിടിച്ചു വയ്ക്കാനുള്ള തീരുമാനം അന്തിമമായി നടപ്പിലാകുമ്പോള്‍ എനിക്ക് ജില്ലാ ജഡ്ജിയായി പ്രമോഷന്‍ തരണമായിരുന്നു. ഞാന്‍ കാത്തു നിന്നില്ല. രാജിവച്ചു.

എനിക്കെതിരായി പരാതി നല്‍കിയത് ശ്രീജിത്തിന്റെ സംഘപരിവാറുകാരാണ്. അയ്യപ്പനെ നിന്ദിച്ചു, ഹിന്ദുമത വിശ്വാസം വ്രണപ്പെടുത്തി എന്നൊക്കെ പറഞ്ഞ്. അതെല്ലാം അന്വേഷണത്തില്‍ എനിക്കനുകൂലമായി തീരുമാനിക്കപ്പെട്ടു. ഞാന്‍ കോടതിവിധിയെയും നിയമവാഴ്ച്ചയെയും പിന്തുണച്ചത് വിവാദപരവും അതിലോലവുമാണെന്നായിരുന്നു കണ്ടെത്തല്‍.

കോടതിവിധിയെയും നിയമവാഴ്ച്ചയെയും പിന്തുണക്കുന്നത് വിവാദപരമായി കണക്കാക്കുന്ന ഒരു സ്ഥാപനത്തില്‍ തുടരുന്നത് എനിക്കു നാണക്കേടാണ്. ഞാന്‍ രാജിവയ്ക്കുക തന്നെ ചെയ്തു.

എന്റെ എഫ് ബി പോസ്റ്റുകള്‍ക്കെതിരെ മൊഴി നല്‍കാന്‍ വന്നത് ഒരാള്‍ മാത്രമാണ്. സംഘ പരിവാര്‍ അഭിഭാഷക സംഘടനയുടെ ദേശീയ ഭാരവാഹി അഡ്വക്കേറ്റ് ആര്‍ രാജേന്ദ്രന്‍. കൊല്ലംകാരന്‍. ഞാന്‍ മൂന്നു വര്‍ഷം കൊല്ലത്ത് സബ് ജഡ്ജിയായിരുന്നപ്പോള്‍ ആ കോടതിയില്‍ ഹാജരായ ആള്‍.
അദ്ദേഹത്തിന്റെ മൊഴിയില്‍ ഇപ്രകാരം കാണാം:

ചോദ്യം: താങ്കള്‍ കുറ്റാരോപിതന്റെ കോടതിയില്‍ കേസ് നടത്തിയിട്ടുണ്ടോ?
ഉത്തരം: ഉണ്ട്.

ചോദ്യം: കുറ്റാരോപിതന്റെ നീതിനിര്‍വഹണത്തെക്കുറിച്ച് താങ്കള്‍ക്ക് എന്തെങ്കിലും പരാതിയുണ്ടോ?
ഉത്തരം: ഇല്ല.

ശരിയാണ്, ഞാന്‍ ഭരണഘടനയെ, നിയമവാഴ്ച്ചയെ, കോടതിവിധിയെ ഒക്കെ പിന്തുണച്ചു.
ശരിയാണ്, ഞാന്‍ നീതിനിര്‍വഹണത്തില്‍ വെള്ളം ചേര്‍ത്തില്ല.
ശരിയാണ്, ഞാന്‍ അന്നും ഇന്നും സംഘപരിവാറുകാരനല്ല.
ഒരു അച്ചടക്ക നടപടിയുടെ പോലും യഥാര്‍ത്ഥ വസ്തുതകള്‍ മനസിലാക്കാന്‍ കഴിവില്ലാത്ത, നുണ പ്രചാരണം നടത്തുന്ന ശ്രീജിത്തിന്റെ നിലവാരവും എനിക്കില്ല.
മറുപടിയായി തന്തയ്ക്കു വിളിക്കുന്ന ആ നിലവാരം…

അതുപോലൊരുത്തനെ ഫോളോ ചെയ്യേണ്ട ഗതികേടും എനിക്കില്ല.
തീവ്ര മഞ്ഞ നിലവാരം മാത്രം കൈമുതലായ മറുനാടനോടും കൂടിയാണ്.
വര്‍ഗീയ ഭ്രാന്തന്മാരെ പറയുമ്പോള്‍ ശ്രീജിത്തിനും മറുനാടനും നോവും, സ്വാഭാവികം.
ശ്രീജിത്തിന്റെയും മറുനാടന്റെയും നിരീക്ഷണങ്ങള്‍ ഇങ്ങനെയൊക്കെയാണ്.

സത്യവുമായി യാതൊരു ബന്ധവും കാണില്ല. എന്റെ വെല്ലുവിളി ഏറ്റെടുക്കാന്‍ ഞാന്‍ ശ്രീജിത്തിനോടും മറുനാടനോടും ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നു.

സത്യം കേള്‍ക്കുമ്പോള്‍ അച്ഛന്‍ കേട്ടെന്നു പറഞ്ഞ് കരയുന്ന മറുനാടനെ പോലെയോ, അയ്യോ ഞങ്ങള്‍ ഭ്രാന്തന്മാരെ അപമാനിച്ചേ എന്നു കരയുന്ന ശ്രീജിത്തിനെ പോലെയോ കരയേണ്ട ആവശ്യം എനിക്കില്ലല്ലോ. നുണകള്‍ കേട്ട് ചിരിക്കുന്നുണ്ട്.

തേക്കാന്‍ അറിയാത്ത മേശിരിയെ ആരെങ്കിലും പുര വാര്‍ക്കാന്‍ വിളിക്കുമോ എന്നു ശ്രീജിത്ത് ചോദിക്കുന്നു. തെരഞ്ഞെടുപ്പില്‍ ജനം ഓടിച്ച ശ്രീധരന്‍ മേശിരി മുതല്‍ പേരെ നിങ്ങള്‍ അവഹേളിച്ചതില്‍ അവര്‍ മറുപടി പറയട്ടെ.

ശ്രീജിത്ത്, മറുനാടന്‍ എന്നിവരുടെ പേരു പോലും അശ്ലീലമാണെന്നിരിക്കെ ആ അശ്ലീല നാമങ്ങള്‍ പൊതു ഇടത്തില്‍ പരാമര്‍ശിക്കേണ്ടി വന്നതില്‍ ഞാന്‍ പൊതു സമൂഹത്തോട് മാപ്പു ചോദിക്കുന്നു.

+

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Former judge S Sudeep against Sreejith Panikkar