ഞാന്‍ ഒരു തീവ്രവാദിയല്ല; ഈ വിചാരണ ജനാധിപത്യ സര്‍ക്കാരിന്റേതല്ല, രാജഭരണത്തിന്റെ: ഷര്‍ജീല്‍ ഇമാം
national news
ഞാന്‍ ഒരു തീവ്രവാദിയല്ല; ഈ വിചാരണ ജനാധിപത്യ സര്‍ക്കാരിന്റേതല്ല, രാജഭരണത്തിന്റെ: ഷര്‍ജീല്‍ ഇമാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 5th October 2021, 9:52 am

ന്യൂദല്‍ഹി: ദല്‍ഹി കോടതിയില്‍ നടന്ന വിചാരണയ്ക്കിടെ താന്‍ ഒരു തീവ്രവാദിയല്ലെന്ന് പറഞ്ഞ് ജെ.എന്‍.യുവിലെ മുന്‍ വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാം. പൗരത്വനിയമത്തിനെതിരായ പ്രക്ഷോഭങ്ങള്‍ക്കിടെ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ച് യു.എ.പി.എ ചുമത്തപ്പെട്ട് അറസ്റ്റിലായ ഇമാം തിങ്കളാഴ്ച നടന്ന വിചാരണയ്ക്കിടെയാണ് കോടതിയില്‍ ഇത്തരത്തില്‍ പ്രതികരിച്ചത്.

താന്‍ ഇപ്പോള്‍ നേരിട്ട് കൊണ്ടിരിക്കുന്ന വിചാരണ നിയമസംവിധാനത്തിലുള്ള ഒരു സര്‍ക്കാരിന്റേതല്ലെന്നും ഒരു രാജഭരണത്തിന്റെ പ്രഹരമാണെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു. അഡീഷണല്‍ സെഷന്‍സ് ജഡ്ജി അമിതാഭ് റാവത്തായിരുന്നു വിചാരണ കേട്ടത്.

2020 ജനുവരി മുതല്‍ ഷര്‍ജീല്‍ ഇമാം ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. യു.എ.പി.എയ്ക്ക് പുറമേ രാജ്യദ്രോഹക്കുറ്റവും (ഐ.പി.സി. 124-എ) ഇദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുണ്ട്.

2019 ഡിസംബറില്‍ ജാമിയ മിലിയ, അലിഗഡ് എന്നീ സര്‍വകലാശാലകളില്‍ വിദ്വേഷം ജനിപ്പിക്കുന്ന രീതിയില്‍ പ്രസംഗിച്ചു എന്ന പേരിലായിരുന്നു ഷര്‍ജീല്‍ ഇമാം അറസ്റ്റിലായത്. അസം അടക്കമുള്ള ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയില്‍ നിന്നും വേര്‍തിരിക്കുമെന്ന രീതിയില്‍ പ്രസംഗിച്ചു എന്നായിരുന്നു കേസ്.

രാജ്യത്തെ സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമാകില്ല എന്നായിരുന്നു ഇമാമിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ തന്‍വീര്‍ അഹ്മദ് മിര്‍ കോടതിയില്‍ പറഞ്ഞത്.

”ഇദ്ദേഹം ഒരു തീവ്രവാദിയല്ല. അത്തരം സംഘങ്ങളുമായി ബന്ധമോ യാതൊരു ക്രിമിനല്‍ പശ്ചാത്തലവുമോ ഇല്ല. ഒരു രാഷ്ട്രീയ അജണ്ടയുമില്ല,” അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

ബീഹാര്‍ സ്വദേശിയായ ഇദ്ദേഹത്തെ അവിടെ നിന്നായിരുന്നു ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. പൗരത്വനിയമത്തിനെതിരായ പ്രതിഷേധസമയത്ത് ജാമിഅ മില്ലിയ സര്‍വകലാശാലയില്‍ നടന്ന അക്രമത്തിന്റെ ആസൂത്രകന്‍ എന്നാരോപിച്ചായിരുന്നു ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തതും കുറ്റപത്രം സമര്‍പ്പിച്ചതും.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ മനുഷ്യാവകാശ ദിനത്തിന്റെ ഭാഗമായി ദല്‍ഹിയില്‍ കാര്‍ഷിക പ്രതിഷേധത്തിനിടെ ഭാരതീയ കിസാന്‍ യൂണിയന്‍ ഷര്‍ജീല്‍ ഇമാം അടക്കമുള്ള നിരവധി ആക്ടിവിസ്റ്റുകളുടെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും മോചനം ആവശ്യപ്പെട്ടിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: former JNU student Sharjeel Imam told Delhi court that he is not a terrorist