ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഷിബു സോറൻ അന്തരിച്ചു
Obituary
ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഷിബു സോറൻ അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 4th August 2025, 10:43 am

ദൽഹി: ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഷിബു സോറൻ അന്തരിച്ചു. 81 വയസായിരുന്നു പ്രായം. വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു.

ദൽഹിയിലെ ഗംഗാറാം ആശുപത്രിയിൽ ഇന്ന് രാവിലെ 8.56ഓടു കൂടിയാണ് മരണം സ്ഥിരീകരിച്ചത്. ജാർഖണ്ഡ്  മുഖ്യമന്ത്രിയായ ഹേമന്ത്സോറന്റെ പിതാവാണ് ഷിബു സോറൻ.

ഒന്നരമാസത്തോളമായി വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. ഇന്നലെ ഹേമന്ത്സോറൻ ആശുപത്രിയിൽ സന്ദർശിച്ചതിന് ശേഷം പിതാവിൻ്റെ ആരോഗ്യനില ഗുരുതരമാണെന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ജൂൺ അവസാനത്തോടെയാണ് ഷിബു സോറനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജാർഖണ്ഡ് മുക്തി മോർച്ച പാർട്ടി (ജെ.എം.എം) പാർട്ടിയുടെ നേതാവ് ആണ് അദ്ദേഹം. നിലവിൽ ജാർഖണ്ഡിൽ നിന്നുള്ള രാജ്യസഭാംഗമാണ്.

മൂന്ന് തവണ ഝാർഖണ്ഡ് മുഖ്യമന്ത്രി, രണ്ട് തവണ രാജ്യസഭ എം.പി എന്നീ സ്ഥാനം വഹിച്ചിട്ടുണ്ട്. എട്ട് തവണ ലോക്സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.

1944 ജനുവരി ഒന്നിന് സന്താൾ ആദിവാസി കുടുംബത്തിൽ ജനിച്ച ഷിബു പതിനെട്ടാമത്തെ വയസിലാണ് സന്താൾ നവയുക്ത് സംഘ് എന്ന പ്രസ്ഥാനം രൂപീകരിച്ചത്. 1962ൽ ആരംഭിച്ച പ്രസ്ഥാനം തീവ്ര ഇടതുപക്ഷ നയങ്ങൾ പിന്തുടരുന്ന സംഘടനയായിരുന്നു.

1972ൽ ബീഹാറിൽനിന്നു വിഭജിച്ച് മറ്റൊരു സംസ്ഥാനം വേണമെന്ന ആവശ്യം ഉയർത്തി ജാർഖണ്ഡ് മുക്തി മോർച്ച എന്ന പുതിയൊരു പാർട്ടിയും രൂപികരിച്ചു. 1977-ൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങിയ ഷിബു സോറൻ ആ വർഷത്തെ ലോക്സഭ തെരഞ്ഞെടുപ്പിൽ ധുംക മണ്ഡലത്തിൽനിന്ന് മത്സരിച്ചു. പക്ഷെ, പരാജയപ്പെട്ടു. 1980ലാണ് ആദ്യമായി ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

മൂന്ന് തവണ ജാർഖണ്ഡ് മുഖ്യമന്ത്രിയായെങ്കിലും ആറ് മാസത്തിൽ കൂടുതൽ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ സാധിച്ചിട്ടില്ല. കൊലപാതക കേസുകളിൽ വിചാരണ നേരിട്ടു. വിധി വന്നതിനെ തുടർന്ന് മൂന്ന് തവണയും മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. 2020 മുതൽ ഝാർഖണ്ഡിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്നു.

Content Highlight: Former Jharkhand Chief Minister Shibu Soren passes away