കിരീടം മെസി നേടും; കൂടുതല്‍ ആരാധകര്‍ ബ്രസീലിന്; റോണോ പോര്‍ച്ചുഗലില്‍ തിളങ്ങും: പ്രവചിച്ച് മുന്‍ താരം
Football
കിരീടം മെസി നേടും; കൂടുതല്‍ ആരാധകര്‍ ബ്രസീലിന്; റോണോ പോര്‍ച്ചുഗലില്‍ തിളങ്ങും: പ്രവചിച്ച് മുന്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 17th November 2022, 7:53 pm

ഖത്തര്‍ ലോകകപ്പ് ഫേവറിറ്റുകളിലൊന്നാണ് അര്‍ജന്റീന. 35 മത്സരങ്ങളിലെ അപരാജിത കുതിപ്പുമായാണ് അര്‍ജന്റീന ഇത്തവണ ഖത്തറിലെത്തുന്നത്. ഇതിഹാസ താരം ലയണല്‍ മെസിയുടെ തന്ത്രങ്ങള്‍ തന്നെയാണ് ഇത്തവണയും ടീമിന്റെ പ്രതീക്ഷ.

നേരത്തെ നെയ്മര്‍, കരിം ബെന്‍സെമ, ലൂക്ക മോഡ്രിച്ച്, ലൂയിസ് എന്റ്വികെ എന്നിവരെല്ലാം അര്‍ജന്റീനയുടെ വിജയ സാധ്യതകള്‍ വിലയിരുത്തിയിരുന്നു. ഖത്തറില്‍ മെസി കപ്പുയര്‍ത്താന്‍ സാധ്യതയുണ്ടെന്ന അഭിപ്രായക്കാരായിരുന്നു ഏറെയും.

മെസിയുടെ ഫോമും അര്‍ജന്റീനയുടെ സൂപ്പര്‍ കോച്ച് സ്‌കലോണിയുടെ ടാക്ടിക്കുകളുമാണ് പലരും ചൂണ്ടിക്കാട്ടിയത്.

ഇപ്പോള്‍ മുന്‍ ഇറ്റാലിയന്‍ താരം ക്രിസ്റ്റിയാന്‍ പനൂച്ചിയും അര്‍ജന്റീനയുടെ കിരീട സാധ്യതകള്‍ ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ്. ഖത്തറില്‍ അര്‍ജന്റീന കിരീടം നേടുമെന്നാണ് അദ്ദേഹം പറഞ്ഞത്.

”ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനക്കാണ് കിരീട സാധ്യതയെന്നാണ് ഞാന്‍ കരുതുന്നത്. ലയണല്‍ മെസി അപൂര്‍വ പ്രതിഭയാണ്. അര്‍ജന്റീനയുടെ കിരീടസാധ്യത വര്‍ധിപ്പിക്കുന്നതും ഇക്കാര്യമാണ്.

ഇറ്റലി ലോകകപ്പിന് യോഗ്യത നേടാത്തതില്‍ വിഷമമുണ്ട്. എന്നാല്‍ ശക്തമായി തിരിച്ചെത്തും. ജര്‍മനി, സ്പെയിന്‍, ഫ്രാന്‍സ് എന്നിവരെല്ലാം മികച്ച ഫോമിലാണ്. സമ്മര്‍ദമില്ലാതെ ആസ്വദിച്ച് കളിക്കുന്നവര്‍ കിരീടത്തിലെത്തും,”പനൂച്ചി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അതേസമയം ബ്രസീലിനും ആരാധകപിന്തുണയുണ്ടെന്നും പനൂച്ചി കൂട്ടിച്ചേര്‍ത്തു.

ബ്രസീലും ശക്തമായ പോരാളികളാണെന്നും അതോടൊപ്പം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സാന്നിധ്യം പോര്‍ച്ചുഗലിനെ വേറിട്ടതാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

37 വയസായെങ്കിലും ക്രിസ്റ്റ്യാനോയുടെ കഴിവില്‍ സംശയമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്ത്യന്‍ ഫുട്ബോള്‍ മികച്ച പാതയിലാണെന്നും ഭാവി ശോഭനമാണെന്നും പനൂച്ചി കൂട്ടിചേര്‍ത്തു. ലോകം കാത്തിരിക്കുന്ന ഫുട്‌ബോള്‍ മാമാങ്കത്തിന് ഇനി മൂന്ന് നാള്‍ മാത്രമാണ് ബാക്കി.

Content Highlights: Former Italian player Panucci about Qatar world cup favorites