'ഗസയിലെ ഓരോ കുഞ്ഞും ഒരു ശത്രുവാണ്, ഹമാസിനെക്കാള്‍ വലിയ ശത്രു' വിവാദപരാമര്‍ശവുമായി ഇസ്രഈല്‍ മുന്‍ നെസറ്റ് അംഗം
World News
'ഗസയിലെ ഓരോ കുഞ്ഞും ഒരു ശത്രുവാണ്, ഹമാസിനെക്കാള്‍ വലിയ ശത്രു' വിവാദപരാമര്‍ശവുമായി ഇസ്രഈല്‍ മുന്‍ നെസറ്റ് അംഗം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 22nd May 2025, 2:56 pm

ടെല്‍ അവീവ്: ഗസയിലെ ഓരോ കുഞ്ഞും ഒരു ശത്രുവാണെന്ന് മുന്‍ ഇസ്രഈല്‍ നെസറ്റ് അംഗം മോഷെ ഫീഗ്ലിന്‍. ശത്രു ഹമാസും അതിന്റെ സൈനിക വിഭാഗവുമല്ലെന്നും മോഷെ പറഞ്ഞു. ചാനല്‍ 14നോട് സംസാരിക്കുന്നതിനിടെയാണ് മോഷെയുടെ വിവാദ പരാമര്‍ശം.

ഗസയില്‍ ഒരു കുഞ്ഞ് പോലും അവശേഷിക്കരുതെന്നും അതാണ് ഇസ്രഈലിന്റെ വിജയമെന്നും മോഷെ പറഞ്ഞു. ഗസ പിടിച്ചടക്കി പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും മോഷെ സംസാരിച്ചു. വിരമിച്ച ഐ.ഡി.എഫ് ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫും പുതുതായി രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടി ദി ഡെമോക്രാറ്റുകളുടെ തലവനുമായ യെയര്‍ ഗോലന്‍ നെതന്യാഹുവിനെ വിമര്‍ശിച്ച് രംഗത്തെത്തിയതോടെയാണ് മോഷെയുടെ പരാമര്‍ശം.

ഗസയിലെ കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്നത് ഇസ്രഈലിന് ഒരു ഹോബി പോലെയാണെന്നാണ് യെയര്‍ പറഞ്ഞത്. ഇസ്രഈല്‍ സ്വബോധത്തോട് കൂടി പെരുമാറുന്നില്ലെങ്കില്‍ ദക്ഷിണാഫ്രിക്കയെപ്പോലെ ഒരു നിസഹായ രാഷ്ട്രമായി മാറാനുള്ള സാധ്യതയുണ്ടെന്നും യെയര്‍ പറഞ്ഞിരുന്നു.

പ്രതികാരബുദ്ധിയുള്ള ഒരു കൂട്ടം മനുഷ്യരാണ് നെതന്യാഹുവിന്റെ കീഴിലുള്ള സര്‍ക്കാരിനെ നയിക്കുന്നത്. ധാര്‍മികതയില്ലാത്ത, പ്രതിസന്ധി ഘട്ടത്തില്‍ ഒരു രാജ്യം ഭരിക്കാന്‍ കഴിവില്ലാത്ത സര്‍ക്കാരാണ് ഇസ്രഈലിനെ നയിക്കുന്നതെന്നും യെയര്‍ വിമര്‍ശിച്ചിരുന്നു. ഇത് ഇസ്രഈലിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്നും യെയര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഇതിനുപിന്നാലെ യെയറിനെ വിമര്‍ശിച്ചുകൊണ്ട് നെതന്യാഹു തന്നെ രംഗത്തെത്തിയിരുന്നു. യെയര്‍ നടത്തിയത് പ്രകോപനപരമായ പരാമര്‍ശങ്ങളാണെന്നാണ് നെതന്യാഹു പറഞ്ഞത്. ലോകത്തെ ഏറ്റവും ധാര്‍മികമായ സൈന്യമാണ് ഐ.ഡി.എഫെന്നും നെതന്യാഹു അവകാശപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് മനുഷ്യത്വരഹിതമായ പരാമര്‍ശം നടത്തുന്നത്.

ഏപ്രില്‍ 20ന്, അടിയന്തര സഹായമെത്തിയില്ലെങ്കില്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ ഗസയില്‍ 14,000 കുഞ്ഞുങ്ങള്‍ മരിക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ തലവന്‍ ടോം ഫ്‌ലെച്ചര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഗസയിലേക്ക് ഇസ്രഈല്‍ വളരെ തുച്ഛമായ അളവില്‍ മാത്രമാണ് മാനുഷിക സഹായം അനുവദിക്കുന്നതെന്നും ടോം ഫ്‌ലെച്ചര്‍ പറഞ്ഞിരുന്നു.

ഗസയില്‍ അടിയന്തര സഹായമെത്തിയില്ലെങ്കില്‍ ക്ഷാമമുണ്ടാകുമെന്ന അന്താരാഷ്ട്ര സമ്മര്‍ദം മൂലം, 11 ആഴ്ചയായി ഇസ്രഈല്‍ തടഞ്ഞുവെച്ച മാനുഷിക സഹായങ്ങള്‍ അതിര്‍ത്തി കടത്തിവിടാന്‍ നെതന്യാഹു നിര്‍ബന്ധിതനായെന്നും ടോം ഫ്‌ലെച്ചര്‍ ചൂണ്ടിക്കാട്ടി. എങ്കിലും വളരെ കുറഞ്ഞ അളവിലുള്ള സഹായം മാത്രമേ ഗസയിലേക്ക് എത്തുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നിലവില്‍ ഗസയില്‍ നൂറ് സഹായ ട്രക്കുകള്‍ എത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

Content Highlight: Former Israeli Knesset member Moshe Feiglin says every child in Gaza is an enemy