ധൈര്യമാണ് അദ്ദേഹത്തെ ജയിലിലെത്തിച്ച ഒരേയൊരു കുറ്റകൃത്യം; സഞ്ജീവ് ഭട്ടിന്റെ തടവ് ഏഴ് വര്‍ഷം തികയുമ്പോള്‍ പങ്കാളി ശ്വേത ഭട്ട്
India
ധൈര്യമാണ് അദ്ദേഹത്തെ ജയിലിലെത്തിച്ച ഒരേയൊരു കുറ്റകൃത്യം; സഞ്ജീവ് ഭട്ടിന്റെ തടവ് ഏഴ് വര്‍ഷം തികയുമ്പോള്‍ പങ്കാളി ശ്വേത ഭട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 5th September 2025, 4:52 pm

ന്യൂദല്‍ഹി: മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന്റെ ജയില്‍വാസം ഏഴാം വര്‍ഷത്തിലേക്ക്. സഞ്ജീവിന്റെ ജയില്‍വാസം ആരംഭിച്ചിട്ട് ഇന്നേക്ക് 2555 ദിവസങ്ങള്‍ തികഞ്ഞതായി പങ്കാളി ശ്വേത ഭട്ട് ഫേസ്ബുക്കില്‍ കുറിച്ചു.

സഞ്ജീവിനെ സത്യസന്ധനായ ഒരു ഉദ്യോഗസ്ഥന്‍ എന്ന് വിശേഷിപ്പിച്ച ശ്വേത, അധികാരത്തോട് സത്യം പറയാന്‍ ധൈര്യം കാണിച്ചതിന് തെറ്റായി തടവിലാക്കപ്പെട്ട വ്യക്തിയാണ് അദ്ദേഹമെന്നും പറഞ്ഞു.

ഈ കുറിപ്പ് എഴുതുമ്പോള്‍, നമ്മുടെ രാജ്യത്തിന്റെ ആത്മാവിനെ സംരക്ഷിക്കുന്നതിനേക്കാള്‍ ഒരു മഹാമനസ്‌കനായ ഫാസിസ്റ്റിന്റെ ദുര്‍ബലമായ അഹങ്കാരത്തെ തൃപ്തിപ്പെടുത്തുന്നതിന് എപ്പോഴാണ് പ്രാധാന്യം ലഭിച്ചതെന്ന് ചിന്തിച്ചുപോകുകയാണെന്നും ശ്വേത ഭട്ട് കുറിച്ചു.

ഇന്ന് സത്യസന്ധരും ബുദ്ധിമാന്മാരും ധീരഹൃദയരുമായ വ്യക്തികള്‍ ജയിലില്‍ കിടക്കുകയാണ്. ഇവരെ സംരക്ഷിക്കുന്നതിന് പകരം നീതിന്യായ വ്യവസ്ഥ അവരെ പരിഹസിക്കുകയാണെന്നും ശ്വേത ഭട്ട് പറഞ്ഞു. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ ഒരു ജനത എന്ന നിലയില്‍ നമുക്ക് എവിടെയാണ് തെറ്റ് പറ്റിയതെന്ന് ചിന്തിക്കേണ്ടതുണ്ടെന്നും ശ്വേത പറയുന്നു.

നമ്മെ തകർക്കാൻ ഉണ്ടാക്കിയ വ്യവസ്ഥക്കെതിരെ ഒറ്റയ്ക്ക് പോരാടാൻ സങ്കല്‍പ്പത്തിനും അപ്പുറമുള്ള ധൈര്യവും പ്രതിരോധ ശേഷിയും വിശ്വാസവും ആവശ്യമാണെന്നും ശ്വേത ഭട്ട് ചൂണ്ടിക്കാട്ടി. ചിലര്‍ വര്‍ഷങ്ങളോളം ഒറ്റപ്പെടലും കഷ്ടപ്പാടും സഹിക്കുന്നു. എന്നിട്ടും അവര്‍ തലകുനിക്കാൻ തയ്യാറല്ല. എന്നാല്‍ അവരോടൊപ്പം നില്‍ക്കുന്നതിന് പകരം, നമ്മള്‍ അവരെ ഒറ്റയ്ക്ക് പോരാടാൻ വിട്ടുകൊടുക്കുകയാണെന്നും ശ്വേത പറഞ്ഞു.

ഇക്കഴിഞ്ഞ ഏഴ് വര്‍ഷം അനീതിയുടെ യന്ത്രങ്ങള്‍ സഞ്ജീവ് ഭട്ടിനെ മാനസികമായി തകര്‍ക്കാന്‍ അക്ഷീണം പ്രവര്‍ത്തിച്ച സമയമായിരുന്നു. എന്നാല്‍ ഇക്കാലമത്രയും നമ്മുടെ രാജ്യത്ത് ബലാത്സംഗികളും കൊലപാതകികളും കൂട്ടക്കൊലക്കാരും സ്വതന്ത്രരായി നടക്കുകയായിരുന്നുവെന്നും ശ്വേത ചൂണ്ടിക്കാട്ടി.

സഞ്ജീവ് ഭട്ടിന്റെ ധൈര്യം മാത്രമാണ് അദ്ദേഹത്തെ ജയിലില്‍ കിടത്തുന്ന ഒരേയൊരു കുറ്റകൃത്യമെന്നും ശ്വേത പ്രതികരിച്ചു. മാസങ്ങള്‍ പിന്നിടുമ്പോഴും നീതിയുടെ പരിഹാസം തുടരുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നമ്മുടെ ഭരണകൂടം ഭയത്തിന്റെ നിഴലിലാണ് നിലനില്‍ക്കുന്നത്. മൗനത്തിലും ഭീരുത്വത്തിലും അത്യാഗ്രഹത്തിലുമാണ് അത് വളരുന്നത്. എന്നുകരുതി നമ്മള്‍ മൗനം പാലിക്കണോ എന്നും ശ്വേത ഭട്ട് ചോദിക്കുന്നു.

ഇന്ത്യയിലെ ജനങ്ങള്‍ ഭീരുക്കളും വെറും കാഴ്ചക്കാരും ശബ്ദമില്ലാത്ത നിഴലുകളും മാത്രമാണെന്ന് അവരെ വിശ്വസിക്കാന്‍ അനുവദിക്കണോ? മറിച്ചാണെന്ന് തെളിയിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും ശ്വേത പ്രതികരിച്ചു.

നീണ്ട ഏഴ് നീണ്ട വര്‍ഷക്കാലം സഞ്ജീവ് ഭട്ട് ഒറ്റയ്ക്ക് അധികാരത്തിന്റെ ഏറ്റവും ഇരുണ്ട ശക്തികള്‍ക്കെതിരെ നിശബ്ദമായും ധീരമായും പോരാടി. ഇപ്പോള്‍ അദ്ദേഹം ഒറ്റയ്ക്കല്ലെന്ന് തെളിയിക്കേണ്ട സമയമാണ്. സ്വേച്ഛാധിപത്യത്തിന് മുന്നില്‍ മുട്ടുമടക്കാത്ത ധീരഹൃദയന്മാര്‍ ഇപ്പോഴും ഇന്ത്യയിലുണ്ടെന്ന് തെളിയിക്കാനുള്ള അവസരമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. നീതിക്കുവേണ്ടി പോരാടേണ്ട സമയമാണിതെന്നും ശ്വേത ഭട്ട് കൂട്ടിച്ചേര്‍ത്തു.

Content Highlight: Former IPS officer Sanjiv Bhatt’s jail term enters seventh year