ഇവരാണ് പുതിയ യുഗത്തിലെ യുവരാജും ധോണിയും; യുവതാരങ്ങളെ പുകഴ്ത്തി സുനില്‍ ഗവാസ്‌കര്‍
Sports News
ഇവരാണ് പുതിയ യുഗത്തിലെ യുവരാജും ധോണിയും; യുവതാരങ്ങളെ പുകഴ്ത്തി സുനില്‍ ഗവാസ്‌കര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 18th July 2022, 10:51 pm

ഇന്ത്യ – ഇംഗ്ലണ്ട് അവസാന ഏകദിനത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ തന്നെ ഏറ്റവും ക്ലാസിക്കായ പാര്‍ട്‌നര്‍ഷിപ്പായിരുന്നു പിറന്നത്. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്തും സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുമായിരുന്നു ഇന്ത്യയെ വിജയിപ്പിച്ച കൂട്ടുകെട്ടുണ്ടാക്കിയത്.

ഒരുവശത്ത് നിന്നും ഹര്‍ദിക് പാണ്ഡ്യ ആഞ്ഞടിച്ചപ്പോള്‍ മറുതലയ്ക്കല്‍ നിന്നും ഇന്നിങ്‌സിനെ നങ്കൂരമിട്ട് നിര്‍ത്തിയാണ് പന്ത് കളിച്ചത്. 55 പന്തില്‍ നിന്നും 71 റണ്‍സുമായി പാണ്ഡ്യയും ഏകദിന കരിയറിലെ ആദ്യ സെഞ്ച്വറിയുമായി പന്തും തിളങ്ങിയപ്പോള്‍ മൂന്നാം ഏകദിനവും പരമ്പരയും ഇന്ത്യ കൈപ്പിടിയിലൊതുക്കുകയായിരുന്നു.

ഇപ്പോഴിതാ, ഇരുവരേയും പുകഴ്ത്തിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ സുനില്‍ ഗവാസ്‌കര്‍. യുവരാജ് സിങ് – ധോണി ദ്വയം പോലെയുള്ള ഒരു പെയറാവാന്‍ ഇരുവര്‍ക്കും സാധിക്കുമെന്നായിരുന്നു ഗവാസ്‌കര്‍ പറഞ്ഞത്.

സ്‌പോര്‍ട്‌സ് തക്കിനോടായിരുന്നു സുനില്‍ ഗവാസ്‌കറിന്റെ പ്രതികരണം.

‘അതെ, ഹര്‍ദിക് പാണ്ഡ്യയക്കും റിഷബ് പന്തിനും തീര്‍ച്ചയായും യുവരാജിനെ പോലെയും ധോണിയെ പോലെയുമുള്ള ഒരു പെയര്‍ പടുത്തുയര്‍ത്താന്‍ സാധിക്കും.

പടുകൂറ്റന്‍ സിക്‌സറടിക്കാന്‍ കെല്‍പുള്ള താരങ്ങളാണ് ഇരുവരും. വിക്കറ്റിനിടിയിലൂടെ മികച്ച രീതിയില്‍ ഓടാനും അവര്‍ക്ക് സാധിക്കുന്നുണ്ട്,’ ഗവാസ്‌കര്‍ പറഞ്ഞു.

ശരിയായ സമയത്താണ് ഹര്‍ദിക് തന്റെ തിരിച്ചുവരവ് നടത്തിയതെന്നായിരുന്നു ഗവാസ്‌കര്‍ പറഞ്ഞത്. ബാറ്റിങ്ങിനൊപ്പം 24 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റും വീഴ്ത്തിയ ഹര്‍ദിക് ലോകകപ്പ് ടീമില്‍ ഇന്ത്യയ്‌ക്കൊരു മുതല്‍ക്കൂട്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്യാപ്റ്റന്‍ ജോസ് ബട്‌ലറുടേതടക്കം നാല് വിക്കറ്റായിരുന്നു താരം പിഴുതെറിഞ്ഞത്. ബട്‌ലറിന് പുറമെ ലിയാം ലിവിങ്സ്റ്റണ്‍, ബെന്‍ സ്റ്റോക്‌സ്, ജേസണ്‍ റോയ് എന്നിവരായിരുന്നു ഹര്‍ദിക്കിന്റെ വേഗതയുടെ ചൂടറിഞ്ഞത്.

ഇന്നിങ്‌സ് ആരംഭിച്ചപ്പോള്‍ ജയിക്കാന്‍ 261 റണ്‍സ് വേണമെന്നിരിക്കെ ഇന്ത്യ ആകെ ഉഴറുകയായിരുന്നു.

ചെയ്‌സിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് തുടക്കം തന്നെ പിഴച്ചിരുന്നു. വെറും ഒരു റണ്‍ നേടി മൂന്നാം ഓവറില്‍ തന്നെ ശിഖര്‍ ധവാന്‍ പുറത്തായിരുന്നു. ഇതിന് പിന്നാലെ അഞ്ചാം ഓവറില്‍ നായകന്‍ രോഹിത്തിനെയും പുറത്താക്കി ഇംഗ്ലണ്ട് ഇന്ത്യയെ ഞെട്ടിച്ചു.

മുന്‍ നായകന്‍ വിരാടും സൂര്യകുമാര്‍ യാദവും പെട്ടെന്ന് പുറത്തായെങ്കിലും റിഷബ് പന്തും ഹര്‍ദിക് പാണ്ഡ്യയും ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവരികയായിരുന്നു.

72ന് നാല് എന്ന നിലയില്‍ നില്‍ക്കുമ്പോഴായിരുന്നു ഹര്‍ദിക് ക്രീസിലെത്തിയത്. തുടര്‍ന്ന് ഇരുവരുടെയും ഐക്കോണിക് പാര്‍ട്‌നര്‍ഷിപ്പായിരുന്നു ഇന്ത്യയ്ക്ക് തുണയായത്. വിജയതീരത്തേക്കെത്തുംമുമ്പേ ഹര്‍ദിക് പുറത്തായെങ്കിലും ജഡേജയ്‌ക്കൊപ്പം ചേര്‍ന്ന് ഇന്ത്യയെ ജയിപ്പിക്കുകയായിരുന്നു.

 

Content Highlight: Former Indian Star Sunil Gavaskar says Hardik Pandya and Rishabh Pant can definitely form a pair like Yuvraj and Dhoni