രാഹുല്‍ ദ്രാവിഡിന്റെ ഹണിമൂണ്‍ കാലഘട്ടം കഴിഞ്ഞു; ഇന്ത്യന്‍ പരിശീലകന് മുന്നറിയിപ്പുമായി മുന്‍ സെലക്ടര്‍
Sports News
രാഹുല്‍ ദ്രാവിഡിന്റെ ഹണിമൂണ്‍ കാലഘട്ടം കഴിഞ്ഞു; ഇന്ത്യന്‍ പരിശീലകന് മുന്നറിയിപ്പുമായി മുന്‍ സെലക്ടര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 9th September 2022, 8:38 pm

അടുത്തിടെ ഇന്ത്യന്‍ ടീം നേരിട്ട ഏറ്റവും മോശം പരാജയമായിരുന്നു ഏഷ്യാ കപ്പിലേത്. ഉറച്ച കിരീടപ്രതീക്ഷയുമായി ഇറങ്ങിയ നിലവിലെ ചാമ്പ്യന്‍മാര്‍ക്ക് ഫൈനല്‍ പോലും കാണാന്‍ സാധിക്കാതെയാണ് പുറത്താകേണ്ടി വന്നത്.

ടീം സെലക്ഷനിലെ പോരായ്മകളും സൂപ്പര്‍ താരങ്ങളുടെ പരിക്കുമാണ് ഇന്ത്യക്ക് തിരിച്ചടിയായത്. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ടൂര്‍ണമെന്റിന് മുമ്പ് തന്നെയും സൂപ്പര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ ടൂര്‍ണമെന്റിനിടെയും പരിക്കേറ്റ് പുറത്തായിരുന്നു. ഇതിന് പുറമെ ദ്രാവിഡിന്റെ കോച്ചിങ്ങിനെതിരെയും വിമര്‍ശനമുയര്‍ന്നിരുന്നു.

എന്നാലിതാ, ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനെ നിശിതമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സെലക്ടറായ സാബ കരീം. പരിശീലകനെന്ന നിലയില്‍ ദ്രാവിഡിന്റെ ഹണിമൂണ്‍ കാലഘട്ടം കഴിഞ്ഞെന്നും വലിയ ഉത്തരവാദിത്തങ്ങളാണ് രാഹുലിന് മുമ്പിലുള്ളതെന്നും കരീം ഓര്‍മിപ്പിക്കുന്നു.

സ്‌പോര്‍ട്‌സ് 18ലെ സ്‌പോര്‍ട്‌സ് ഓവര്‍ ദി ടോപ്പ് എന്ന പരിപാടിയിലായിരുന്നു സാബാ കരീമിന്റെ പരാമര്‍ശം.

‘കോച്ച് എന്ന നിലയില്‍ അവന്റെ ഹണിമൂണ്‍ കാലഘട്ടം അവസാനിച്ചെന്ന് രാഹുല്‍ ദ്രാവിഡിന് മനസിലായിരിക്കണം. വരാനിരിക്കുന്ന വലിയ ടൂര്‍ണമെന്റുകളില്‍ റിസള്‍ട്ടുകള്‍ ഉണ്ടാക്കാനുള്ള ശ്രമം തുടങ്ങണം. പരിശീലകന്‍ എന്ന നിലയില്‍ അദ്ദേഹത്തിനിപ്പോള്‍ പ്രതിസന്ധികളുടെ കാലഘട്ടമാണ്.

ഓസ്‌ട്രേലിയില്‍ വെച്ച് നടക്കുന്ന ടി-20 ലോകകപ്പും, ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 50 ഓവര്‍ ലോകകപ്പും വരാനിരിക്കുകയാണ്. ഇതിലെല്ലാം തന്നെ ഇന്ത്യ കപ്പുയര്‍ത്തുന്നു എന്ന കാര്യമാണ് ഇനി ഉറപ്പാക്കാനുള്ളത്,’ സാബാ കരീം പറയുന്നു.

ദ്രാവിഡിന് കീഴില്‍ ഇന്ത്യയുടെ പ്രകടനത്തെ കുറിച്ചും അദ്ദേഹം ഇപ്പോള്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും അദ്ദേഹം വ്യക്തമാക്കി.

‘ദക്ഷിണാഫ്രിക്കയിലെ ടെസ്റ്റ് പരമ്പരയും ഇംഗ്ലണ്ടില്‍ നടന്ന അഞ്ചാം ടെസ്റ്റും ജയിക്കണമെന്ന് അദ്ദേഹം അതിയായി ആഗ്രഹിച്ചിരുന്നു. ഒരു കോച്ച് എന്ന നിലയില്‍ താന്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് അദ്ദേഹത്തിന് വ്യക്തമായ ബോധ്യമുണ്ട്.

ഐ.സി.സി ട്രോഫികളും വിദേശത്തെ പരമ്പരകളും ജയിച്ചാല്‍ മാത്രമേ അദ്ദേഹത്തെ മികച്ച ഒരു പരിശീലകന്‍ എന്ന വിളിക്കാന്‍ സാധിക്കൂ. പ്ലാനുകളെല്ലാം തന്നെ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചാല്‍ അദ്ദേഹം ഏറെ സന്തോഷവാനായിരിക്കും,’ സാബാ കരീം കൂട്ടിച്ചേര്‍ത്തു.

ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍, മൂന്നില്‍ രണ്ടും പരാജയപ്പെട്ടാണ് ഇന്ത്യ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായത്. പാകിസ്ഥാനോടും ശ്രീലങ്കയോടും പരാജയമേറ്റുവാങ്ങിയപ്പോള്‍, അഫ്ഗാനോടായിരുന്നു ഇന്ത്യയുടെ ആശ്വാസ ജയം.

 

Content Highlight: Former Indian selector Saba Karim says Rahul Dravid’s honeymoon period as a coach is over