ഏഷ്യാ കപ്പില്‍ ഞെട്ടിച്ചത് പോരാഞ്ഞിട്ടാണോ? ടി-20 ലോകകപ്പിന് മുമ്പ് എതിരാളികളെ വീണ്ടും ഞെട്ടിച്ച് പാകിസ്ഥാന്‍
Sports News
ഏഷ്യാ കപ്പില്‍ ഞെട്ടിച്ചത് പോരാഞ്ഞിട്ടാണോ? ടി-20 ലോകകപ്പിന് മുമ്പ് എതിരാളികളെ വീണ്ടും ഞെട്ടിച്ച് പാകിസ്ഥാന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 9th September 2022, 4:51 pm

ഐ.സി.സി ടി-20 ലോകകപ്പിനുള്ള പാകിസ്ഥാന്‍ ടീമിന്റെ ടീം മെന്ററായി ഓസ്ട്രേലിയന്‍ ബാറ്റിങ് ഇതിഹാസം മാത്യു ഹെയ്ഡനെ വീണ്ടും നിയമിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. കഴിഞ്ഞ വര്‍ഷം യു.എ.ഇയില്‍ നടന്ന ലോകകപ്പിലും ഹെയ്ഡന്‍ തന്നെയായിരുന്നു പാക് ടീമിന്റെ മെന്റര്‍.

ബംഗ്ലാദേശും ആതിഥേയരായ ന്യൂസിലാന്‍ഡും ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര ടി-20 പരമ്പരക്ക് ശേഷം ഹെയ്ഡന്‍ ടീമിനൊപ്പം ചേരുമെന്നാണ് പി.സി.ബി അറിയിച്ചിരിക്കുന്നത്. മാത്യു ഹെയ്ഡനെ പാകിസ്ഥാനിലേക്ക് തിരികെ സ്വാഗതം ചെയ്യുന്നുവെന്നും ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ അംഗീകരിക്കുകയും യോഗ്യതകള്‍ തെളിയിക്കപ്പെട്ട പ്രകടനം കാഴ്ചവെച്ച താരമാണ് അദ്ദേഹമെന്നും പി.സി.ബി ചെയര്‍മാന്‍ റമീസ് രാജ പറഞ്ഞു.

ഓസ്ട്രേലിയയിലെ അവസ്ഥകളെക്കുറിച്ച് അദ്ദേഹത്തിന് വേണ്ട അറിവുണ്ടെന്നും ഹെയ്ഡന്റെ പങ്കാളിത്തം ലോകകപ്പിനും ഭാവിയില്‍ നടക്കാനിരിക്കുന്ന ക്രിക്കറ്റ് മത്സരങ്ങള്‍ക്കും കാര്യമായ പ്രയോജനം ചെയ്യുമെന്ന് തനിക്കുറപ്പുണ്ടെന്നും റമീസ് രാജ കൂട്ടിച്ചേര്‍ത്തു.

ഹെയ്ഡനുവേണ്ടിയുള്ള ഫീസ് ഏറ്റെടുക്കാന്‍ പി.സി.ബി സ്‌പോണ്‍സര്‍മാരെയും കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയുടെ വെര്‍നണ്‍ ഫിലാന്‍ഡറെ ബൗളിംങ് കണ്‍സള്‍ട്ടന്റായി പി.സി.ബി നിയമിച്ചിരുന്നു. ലോകകപ്പ് സെമിഫൈനലിലേക്ക് കടക്കുന്നതിന് വേണ്ട പ്രചോദനം നല്‍കുന്നതിലും ദേശീയ പുരുഷ ടീമുമായുള്ള മികച്ച ഇടപെടലിന്റെയും അടിസ്ഥാനത്തിലാണ് ഹെയ്ഡനെ മെന്ററാക്കാന്‍ തീരുമാനിച്ചതെന്ന് പി.സി.ബി പറഞ്ഞു.

ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി-20 മത്സരത്തില്‍ കരുത്തുറ്റ കളിക്കാരുമായി പാകിസ്ഥാന്‍ ടീം തിളങ്ങുമെന്ന് ഹെയ്ഡന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

‘ഓസ്ട്രേലിയയില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ പാകിസ്ഥാന്‍ ടീമിന് ആവശ്യമായതെല്ലാം ലഭിച്ചുവെന്ന് താന്‍ കരുതുന്നു. ബാറ്റിങ്ങിലും ബൗളിങ്ങിലും സാഹചര്യങ്ങള്‍ അവര്‍ക്ക് അനുയോജ്യമാകും. ഈ ടീം അടിസ്ഥാനപരമായ എല്ലാം തന്നെ സ്വായത്തമാക്കിയിട്ടുണ്ട്. അത് ലോകകപ്പിനെ പ്രകാശിപ്പിക്കുമെന്ന് തനിക്കുറപ്പാണ്,’ ഹെയ്ഡന്‍ പറഞ്ഞു.

ഏഷ്യാ കപ്പില്‍ പാകിസ്ഥാന്റെ മത്സരം കണ്ടിരുന്നുവെന്നും ഇന്ത്യക്കെതിരായ വിജയം ഗംഭീരമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷം യു.എ.ഇ.യില്‍ നടന്ന ടി-20 ലോകകപ്പില്‍ സെമി ഫൈനലിലെത്താന്‍ പാകിസ്ഥാന് കഴിഞ്ഞിരുന്നു. ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലാണ് ഓസ്ട്രേലിയയില്‍ ടി-20 ലോകകപ്പ് നടക്കുന്നത്.

ഓസ്‌ട്രേലിയന്‍ ടെസ്റ്റ്, ഏകദിന ഓപ്പണിങ് ബാറ്റര്‍ ഓസ്‌ട്രേലിയയുടെ സുവര്‍ണകാല ടീമില്‍ അംഗവുമായിരുന്ന മാത്യു ലോറന്‍സ് ഹെയ്ഡന്‍ ഓസ്‌ട്രേലിയക്കു വേണ്ടി 160 ഏകദിനങ്ങള്‍ കളിച്ചിട്ടുണ്ട്.

1993-1994 സീസണില്‍ ഏകദിന ടീമിലംഗമായെങ്കിലും മോശം ഫോമിനെ തുടര്‍ന്ന് ഒഴിവാക്കപ്പെടുകയായിരുന്നു. പിന്നീട് 2001-ലാണ് ഏകദിന ടീമില്‍ സ്ഥിരസാന്നിധ്യമാകുന്നത്.

ഓപ്പണറായിരുന്ന മാര്‍ക്ക് വോ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതോടെ ആദം ഗില്‍ക്രിസ്റ്റിനൊപ്പം ഇന്നിങ്‌സ് ഓപ്പണറായാണ് ഏകദിനത്തില്‍ മാത്യു ഹെയ്ഡന്റെ തിരിച്ചുവരവ്. 2001 മുതല്‍ ഏകദിന ക്രിക്കറ്റിലെ സജീവ സാന്നിധ്യമായ ഹെയ്ഡന്റെ പ്രകടനങ്ങള്‍ 2003, 2007 ലോകകപ്പുകളില്‍ ഓസ്‌ട്രേലിയയെ ചാമ്പ്യന്‍മാരാക്കിയിരുന്നു.

2009ല്‍ സജീവ ക്രിക്കറ്റില്‍ നിന്നും വിരമിച്ച അദ്ദേഹം അനലിസ്റ്റായും സ്ട്രാറ്റജിസ്റ്റായും ക്രിക്കറ്റ് ലോകത്ത് സജീവമായിരുന്നു.

 

Content Highlight: Matthew Hayden has been appointed as Pakistan’s mentor for the 2022 T20 World Cup.