ഗെയ്ക്വാദ് മറ്റ് ബാറ്റര്‍മാരുടെ മേല്‍ അധിക സമ്മര്‍ദം ചെലുത്തുന്നു; രൂക്ഷ വിമര്‍ശനവുമനായി സബ കരീം
Cricket
ഗെയ്ക്വാദ് മറ്റ് ബാറ്റര്‍മാരുടെ മേല്‍ അധിക സമ്മര്‍ദം ചെലുത്തുന്നു; രൂക്ഷ വിമര്‍ശനവുമനായി സബ കരീം
ശ്രീരാഗ് പാറക്കല്‍
Tuesday, 19th May 2026, 8:59 am

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന നിര്‍ണായക മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് പരാജയപ്പെട്ടതിന് പിന്നാലെ ചെന്നൈ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം സബ കരീം.

വളരെ പതുക്കെ ബാറ്റ് ചെയ്തുകൊണ്ട് ഋതുരാജ് ഗെയ്ക്വാദ് മറ്റ് ബാറ്റര്‍മാരുടെ മേല്‍ അധിക സമ്മര്‍ദം ചെലുത്തിയെന്നും ഇന്നിങ്‌സിന്റെ പകുതി കഴിഞ്ഞിട്ടും താരം ഒരു ബൗണ്ടറി പോലും നേടിയിട്ടില്ലെന്നും കരീം വിമര്‍ശിച്ചു. താരത്തിന്റേത് വളരെ വിചിത്രവും നെഗറ്റീവുമായ ബാറ്റിങ്ങായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘വളരെ പതുക്കെ ബാറ്റ് ചെയ്തുകൊണ്ട് ഋതുരാജ് ഗെയ്ക്വാദ് മറ്റ് ബാറ്റര്‍മാരുടെ മേല്‍ അധിക സമ്മര്‍ദം ചെലുത്തുന്നു. ഇന്നിങ്‌സിന്റെ പകുതി കഴിഞ്ഞിട്ടും, അദ്ദേഹം ഒരു ബൗണ്ടറി പോലും നേടിയിട്ടില്ല. ഇത് വളരെ വിചിത്രവും നെഗറ്റീവ് ബാറ്റിങ്ങുമാണ്.

ഋതുരാജ് ഗെയ്ക്വാദ്- Photo: Cricket Central/x

പിച്ച് ബുദ്ധിമുട്ടാണെന്ന് എനിക്കറിയാം, പക്ഷേ നിങ്ങള്‍ വേഗതയില്‍ കളിക്കാനുള്ള ശ്രമമെങ്കിലും കാണിക്കണം. ആരെങ്കിലും അദ്ദേഹത്തിന് ഒരു നിര്‍ദേശം നല്‍കേണ്ടതുണ്ട്. അദ്ദേഹം ഇതുവരെ ആവറേജ് ബാറ്റിങ് മാത്രമാണ് നടത്തിയത്. അദ്ദേഹത്തിന്റേത് വളരെ മോശം സമീപനമാണ്, ഇത് ചെന്നൈയെ വളരെയധികം വിഷമിപ്പിക്കുന്നു,’ കമന്ററി ബോക്‌സില്‍ നിന്ന് മുന്‍ ഇന്ത്യന്‍ താരം സബ കരീം ഗെയ്ക്വാദിനെ വിമര്‍ശിച്ചു.

മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ചെന്നൈയ്ക്ക് സഞ്ജു സാംസണ്‍ മികച്ച തുടക്കം നല്‍കിയിരുന്നു. 13 പന്തില്‍ 27 റണ്‍സെടുത്ത് താരം മടങ്ങിയത്. പിന്നാലെ ഗെയ്ക്വാദ് നടത്തിയ പ്രകടനം ഒട്ടും അനുയോജ്യമായിരുന്നില്ല. 21 പന്തില്‍ ബൗണ്ടറികളില്ലാതെ 15 റണ്‍സ് മാത്രമാണ് താരം നേടിയത്. ഋതുരാജ് ഗെയ്ക്വാദിന്റെ മോശം പ്രകടനം ചെന്നൈയെ തോല്‍വിയിലേക്ക് നയിച്ചതില്‍ പ്രധാനമായിരുന്നു.

സീസണില്‍ ഋതുരാജ് ഗെയ്ക്വാദ് 13 മത്സരത്തില്‍ നിന്ന് 321 റണ്‍സാണ് ഓപ്പണിങ് പൊസിഷനില്‍ നിന്ന് നേടിയത്. 15(21), 13(9), 42(18), 6(13), 67*(48), 74*(60), 22(14), 19(13), 7(6), 15(18), 7(3), 28(22) & 6(11) എന്നിങ്ങനെയാണ് താരത്തിന്റെ സ്‌കോര്‍സ്.

അതേസമയം ചെന്നൈയുടെ തട്ടകമായ ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് പാറ്റ് കമ്മിന്‍സും കൂട്ടരും വിജയക്കൊടി പറത്തിയത്. ഇതോടെ 2026ലെ ഐ.പി.എല്ലില്‍ പ്ലേഓഫിലെത്താനും ഹൈദരാബാദിന് സാധിച്ചു. പിന്നാലെ ചെന്നൈയുടെ പ്ലേഓഫ് സാധ്യതകളും മങ്ങി. ചെന്നൈ ഉയര്‍ത്തിയ 181 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് നേടി വിജയം നേടുകയായിരുന്നു. ഇഷാന്‍ കിഷന്റെ 70 റണ്‍സിന്റെ കരുത്തിലാണ് ഹൈദരാബാദ് വിജയിച്ചുകയറിയത്.

 

Content Highlight: Former Indian Player Saba Karim Criticize Chennai Captain Ruturaj Gaikwad’s Poor Batting Performance

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ