വിരമിക്കല്‍ പിന്‍വലിച്ച് ഇന്ത്യയ്ക്കായി ലോകകപ്പ് കളിക്കാമോ? ധോണിയോട് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം
Sports News
വിരമിക്കല്‍ പിന്‍വലിച്ച് ഇന്ത്യയ്ക്കായി ലോകകപ്പ് കളിക്കാമോ? ധോണിയോട് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 22nd April 2022, 3:43 pm

ആവേശത്തിന്റെ പര്യായമായിരുന്നു കഴിഞ്ഞ ദിവസം നടന്ന ഐ.പി.എല്ലില്‍ നടന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ് – മുംബൈ ഇന്ത്യന്‍സ് പോരാട്ടം. അവസാന പന്തുവരെ ആവേശം അലതല്ലിയ മത്സരത്തില്‍ ധോണി വീണ്ടും ഫിനിഷറായി അവതരിച്ചപ്പോള്‍ ടൂര്‍ണമെന്റിലെ ചെന്നൈയുടെ രണ്ടാം വിജയമായിരുന്നു കുറിക്കപ്പെട്ടത്.

പ്രായം തളര്‍ത്താത്ത പോരാളിയെന്നോണമായിരുന്നു ധോണിയുടെ പ്രകടനം. അവസാന ഓവറിലെ എണ്ണം പറഞ്ഞ ബൗണ്ടറിയടക്കമായിരുന്നു താരത്തിന്റെ വെടിക്കെട്ട്.

വിക്കറ്റിനിടയിലെ ഓട്ടത്തിന്റെ പെര്‍ഫെക്ഷനും ഡെലിവറിയുടെ ലൈനും ലെംഗ്തും കൃത്യമായി അളന്നെടുത്ത് സിക്‌സര്‍ പായിക്കാനുള്ള താരത്തിന്റെ കഴിവിനും ഒരു കോട്ടവും വന്നിട്ടില്ല. ഇതുതന്നെയായിരുന്നു കഴിഞ്ഞ മത്സരത്തിലും പ്രകടമായത്.

കഴിഞ്ഞ ദിവസത്തെ താരത്തിന്റെ പ്രകടനം കണ്ട് മനം നിറഞ്ഞ് ധോണിയോട് വിരമിക്കല്‍ പിന്‍വലിച്ച് ഇന്ത്യയ്ക്കായി ലോകകപ്പ് കളിക്കുമോ എന്നു ചോദിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ആര്‍.പി. സിംഗ്.

ഈ വര്‍ഷം നടക്കാനിരിക്കുന്ന ടി-20 ലോകകപ്പില്‍ കളിക്കുമോ എന്നാണ് ആര്‍.പി. സിംഗ് ചോദിക്കുന്നത്. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ അഭ്യര്‍ത്ഥന.

മികച്ച പ്രകടനം തന്നെയായിരുന്നു ധോണി കഴിഞ്ഞ ദിവസം പുറത്തെടുത്തത്. ധോണി ഫിനിഷസ് ഇന്‍ സ്റ്റൈല്‍ എന്നൊക്കെ പറയാന്‍ പറ്റുന്ന അസാധ്യ പ്രകടനം തന്നെയായിരുന്നു അത്.

13 പന്തില്‍ നിന്നും 28 റണ്‍സ് നേടിയായിരുന്നു ധോണി ചെന്നൈയുടെ ‘നായകനായത്’.

അവസാന ഓവറില്‍ 17 റണ്‍സ് വണ്ടപ്പോഴായിരുന്നു ധോണി വീണ്ടും ചെന്നൈയുടെ രക്ഷകനായത്.

അവസാന ഓവറിലെ ആദ്യ പന്തില്‍ മികച്ച കാമിയോ പോരാട്ടവുമായി നിലയുറപ്പിച്ചിരുന്ന പ്രിട്ടോറിയസിനെ മടക്കിയ ഉനദ്കട് മുംബൈയ്ക്ക് പ്രതീക്ഷ നല്‍കി. രണ്ടാം പന്തില്‍ ബ്രാവോയുടെ സിംഗിള്‍ നേടി ധോണിക്ക് സ്‌ട്രൈക്ക് നല്‍കി.

അവസാന നാല് പന്തില്‍ 16 റണ്‍സായിരുന്നു ചെന്നൈയ്ക്ക് വേണ്ടിയിരുന്നത്. അവസാന ഓവറില്‍ ക്ലാസിക് ഷോട്ടിലൂടെ സിക്‌സര്‍ സ്വന്തമാക്കിയ ധോണി തൊട്ടടുത്ത പന്തില്‍ ബൗണ്ടറിയും നേടി. അഞ്ചാം പന്തില്‍ ഡബിള്‍ കൂടിയായപ്പോള്‍ അവസാന പന്തില്‍ ചെന്നൈയ്ക്ക് വേണ്ടിയിരുന്നത് 4 റണ്‍സ്.

ചെന്നൈ ഇന്നിംഗ്‌സിലെ 120ാം പന്ത് ബൗണ്ടറി കടന്നപ്പോള്‍ സൂപ്പര്‍ കിംഗ്‌സിന് മൂന്ന് വിക്കറ്റിന്റെ മിന്നും ജയം. ഈ പ്രകടനമാണ് സിംഗിനെ പ്രചോദിപ്പിച്ചിരിക്കുന്നത്.

ഒക്ടോബറിലാണ് ടി-20 ലോകകപ്പ് ആരംഭിക്കുന്നത്. ഐ.പി.എല്ലില്‍ മികച്ച പ്രകടനം നടത്തി ലോകകപ്പ് സ്‌ക്വാഡിലെത്തുക എന്ന ലക്ഷ്യമാണ് എല്ലാ ഇന്ത്ന്‍ താരങ്ങള്‍ക്കുമുള്ളത്. ഐ.പി.എല്ലില്‍ പ്രകടനം തന്നെയായിരിക്കും ടീമിലെത്താനുള്ള പ്രധാന ഘടകം.

Content Highlight: Former Indian Pacer RP Singh asks Dhoni to cancel his retirement and play World Cup